ADVERTISEMENT

വൈറ്റ് ഹൗസിൽനിന്ന് ഡോണൾഡ് ട്രംപ് പടിയിറങ്ങിയതു മുതൽ ഇറാന്റെ എണ്ണവ്യാപാരം തകൃതിയാണ്. കഴിഞ്ഞ രണ്ടു മാസമായി റെക്കോർഡ് അളവിലുള്ള ക്രൂഡ് ഓയിലാണ് ഇറാൻ ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നത്. യുഎസ് ഉപരോധം പിൻവലിക്കുമെന്നു സൂചനയുള്ളതിനാൽ ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതു പുനഃരാരംഭിക്കാൻ ഇന്ത്യയും ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

2018ൽ ആണവക്കരാറിൽനിന്നു യുഎസ് പിന്മാറുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ ഇറാന്റെ എണ്ണവ്യാപാരത്തിൽ ഗണ്യമായ കുറവുണ്ടായി. ജനുവരിയിൽ ജോ ബൈഡൻ യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തതോടെ ആണവക്കരാർ പുനഃസ്ഥാപിക്കുന്നതിന് ചർച്ചകൾ ആരംഭിച്ചിരുന്നു. കരാറിലേർപ്പെടുന്നതിന് മുൻപുതന്നെ ഉപരോധങ്ങൾ നീക്കണമെന്നാണ് ഇറാന്റെ ആവശ്യം.

ബൈഡന്റെ വരവിനു പിന്നാലെ ദ് നാഷനൽ ഇറാനിയൻ ഓയിൽ കമ്പനി (എൻഐഒസി) ഏഷ്യ വൻകരയിലെ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് വീണ്ടും എത്തിച്ചേരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എൻഐഒസിയുടെ അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിസായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

യുഎസ് ഉപരോധത്തിനു പിന്നാലെ ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള ഇറാന്റെ കയറ്റുമതിയിൽ വൻ ഇടിവാണു സംഭവിച്ചിരുന്നത്. ഇതിനു പിന്നാലെ മി‍ഡിൽ ഈസ്റ്റിലെ ഉൾപ്പെടെ മറ്റ് ഒപെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ്) രാജ്യങ്ങളും കയറ്റുമതി കുറച്ചത് ഏഷ്യൻ രാജ്യങ്ങളെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഏഷ്യയിൽ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ പകുതിയിലേറെയും മിഡിൽ ഈസ്റ്റിൽനിന്നാണ്.

ഇറാനും ഇന്ത്യയും

2018 നവംബറിൽ ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ, അടുത്ത ആറ് മാസത്തേയ്ക്കു കൂടി ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് യുഎസ് അനുമതി നൽകിയിരുന്നു. ഈ കാലാവധി അവസാനിച്ചതിനെ തുടർന്ന് 2019 മേയിലാണ് ഇറാനിൽനിന്നുള്ള ഇറക്കുമതി ഇന്ത്യ  അവസാനിപ്പിച്ചത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യൻ വിപണി നഷ്ടമായത് ഇറാനെ പ്രതികൂലമായി ബാധിച്ചിരുന്നു.

Petrol Diesel Oil Photo by DANIEL LEAL-OLIVAS / AFP

ഇന്ധനവില കുതിച്ചുയരുന്ന ഇന്ത്യയിൽ, മൂന്നു–നാല് മാസത്തിനുള്ളിൽ ഇറാൻ വീണ്ടും എണ്ണ ഇറക്കുമതി പുനഃരാരംഭിക്കുമെന്നാണ് കരുതുന്നതെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇറാനിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു ശേഷം എൻഐഒസി ഇന്ത്യയുമായി ഔദ്യോഗിക കരാറിൽ ഏർപ്പെടാൻ താൽപര്യപ്പെട്ടതായും സൂചനയുണ്ട്. മറ്റ് ഏഷ്യൻ രാജ്യങ്ങളെയും ഇറാൻ ബന്ധപ്പെട്ടിട്ടുണ്ട്.

ഇറാനും ചൈനയും

യുഎസ് ഉപരോധം വകവയ്ക്കാതിരുന്ന ചൈന, ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിർത്തിയിരുന്നില്ല. കഴിഞ്ഞ 14 മാസത്തിനിടെ 17.8 ദശലക്ഷം ടൺ (പ്രതിദിനം 3,06,000 ബാരൽ) ക്രൂഡ് ഓയിലാണ് ഇറാനിൽനിന്നു ചൈന ഇറക്കുമതി ചെയ്തത്. ജനുവരി, ഫെബ്രുവരി മാസങ്ങൾ ഇത് റെക്കോർഡ് അളവിൽ എത്തുകയും ചെയ്തു. എന്നാൽ ഇതിൽ 75 ശതമാനവും ‘വളഞ്ഞവഴി’യിലൂടെയാണു ചൈനയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ഒമാൻ, യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ‘കറങ്ങി’യാണ് എണ്ണ ചൈനയിലെ ഷാൻഡോങ് അല്ലെങ്കിൽ യിങ്‌കൗ തുറമുഖത്ത് എത്തിയത്. ബാക്കി 25 ശതമാനം മാത്രമാണ് ചൈന ഇറാനിൽനിന്ന് നേരിട്ടു വാങ്ങിയത്.

‘ഇറാനും ചൈനയും സൗഹൃദ രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാധാരണ കൈമാറ്റങ്ങളും സഹകരണവും നിലനിർത്തിയിട്ടുണ്ട്. രാജ്യാന്തര നിയമങ്ങളുടെ ചട്ടക്കൂടിൽ ചൈനയും ഇറാനും തമ്മിലുള്ള സഹകരണം ന്യായവും നിയമാനുസൃതവുമാണ്. ഒപ്പം ബഹുമാനവും സംരക്ഷണവും അർഹിക്കുന്നതുമാണ്.’– ക്രൂഡ് ഓയിൽ ഇറക്കുമതിയെക്കുറിച്ച് പരാമർശിക്കാതെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. യുഎസ് ഉപരോധം നീക്കിയാൽ ഏതു രാജ്യത്തേക്കും എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.

English Summary: Iran slips record volume of oil into China, reaches out to Asian clients for trade resumption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com