ഹരിയാനയില്‍ വിശ്വാസവോട്ട് നേടി ബിജെപി സര്‍ക്കാര്‍
Mail This Article
ചണ്ഡിഗഡ്∙ കര്‍ഷക സമരം നൂറു ദിവസം പിന്നിട്ടു മുന്നേറുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിനെതിരെ വിധാന്‍ സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബിജെപി-ജെജെപി സഖ്യത്തിന് 53 വോട്ടും പ്രതിപക്ഷത്തിന് 32 വോട്ടുമാണ് ലഭിച്ചത്. ആറു മണിക്കൂര്‍ ചര്‍ച്ചയ്ക്കു ശേഷമാണ് വോട്ടെടുപ്പ് നടന്നത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സഭയില്‍ ചര്‍ച്ച സജീവമാക്കുക, കര്‍ഷകരുടെ പിന്തുണ ആര്‍ജിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരാജയപ്പെടും എന്നറിഞ്ഞിട്ടും കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്. ഏതൊക്കെ എംഎല്‍എമാരാണു കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതെന്ന് അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പോടെ ജനം തിരിച്ചറിഞ്ഞുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ജനങ്ങള്‍ക്കു സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭുപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു. ബജറ്റ് സെഷന്‍ ആരംഭിച്ച മാര്‍ച്ച് അഞ്ചിനാണ് ഹൂഡ പ്രമേയം സമര്‍പ്പിച്ചത്. പ്രമേയം സ്വീകരിച്ച സ്പീക്കര്‍ മാര്‍ച്ച് പത്തിന് ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
90 അംഗ സഭയില്‍ ഇപ്പോള്‍ 88 പേരാണുള്ളത്. കര്‍ഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവ് അഭയ് ചൗട്ടാല രാജിവച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ പ്രദീപ് ചൗധരിയെ കലാപക്കേസുമായി ബന്ധപ്പെട്ട് അയോഗ്യനാക്കുകയും ചെയ്തു. ഇപ്പോഴത്തെ നിലയില്‍ ഭരണസഖ്യത്തിന് 50 അംഗങ്ങളുടെ പിന്തുണയുണ്ട്. ഭൂരിപക്ഷത്തിന് 45 പേരുടെ പിന്തുണയാണു വേണ്ടത്.
കോണ്‍ഗ്രസിന് 30 എംഎല്‍എമാരാണുള്ളത്. ഏഴ് സ്വതന്ത്രരില്‍ അഞ്ച് പേരും സര്‍ക്കാരിനെയാണു പിന്തുണയ്ക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും അംഗങ്ങള്‍ക്കു വിപ്പ് നല്‍കി. സര്‍ക്കാരിനു യാതൊരു ഭീഷണിയും ഇല്ലെന്നും അഞ്ചു വര്‍ഷം തികയ്ക്കുമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചു. അതേസമയം, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ഉള്‍പ്പെടെ ബിജെപി-ജെജെപി എംഎല്‍എമാരുടെ വീടുകള്‍ക്കു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തിയിരുന്നു.
English Summary: Despite Farmers' Protests And Congress Moves, BJP Wins Haryana Trust Vote