ADVERTISEMENT

തിരുവനന്തപുരം ∙ മുതിർന്ന മാധ്യമ പ്രവർത്തകനും ദ് ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ്.അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. കവടിയാർ കുറവൻകോണം മാർക്കറ്റ് റോഡിലെ വസതിയായ സതി ഭവനത്തിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ശാന്തികവാടത്തിൽ

ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഭാര്യ ജോലി കഴിഞ്ഞ് വന്നു വിളിക്കുമ്പോഴാണ് മരണം അറിഞ്ഞത്. 1996 മുതൽ ദ് ഹിന്ദുവിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാരം, റയിൽവേ തുടങ്ങിയ മേഖലകളെക്കുറിച്ച് വികസനോന്മുഖമായ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

അർധ മരണം ! – മനോരമ ഞായറാഴ്ച പതിപ്പിൽ 2017 ൽ വന്ന ലേഖനം വായിക്കാം

കവടിയാർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ധു എസ്.എസ്. (അധ്യാപിക, കോട്ടൺഹിൽ സ്കൂൾ). മകൻ: നാരയൺ എസ്.എ. (റിലയൻസ് പെട്രോളിയം ഗുജറാത്ത്).

∙ ഗവർണർ അനുശോചിച്ചു

അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനം നിർവഹിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങൾ കേരളത്തിന്റെ വികസനത്തിലും ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയിലും മുദ്ര പതിപ്പിച്ചവയാണെന്ന് ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

∙ മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തി: മുഖ്യമന്ത്രി

ദ് ഹിന്ദു കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

∙ ധാർമികതയുളള പത്രപ്രവർത്തകൻ: സ്പീക്കർ എം.ബി. രാജേഷ്

ധാർമികതയുള്ള പത്രപ്രവർത്തകനായിരുന്നു അനിൽ രാധാകൃഷ്ണനെന്ന് അനുശോചന സന്ദേശത്തിൽ സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. നിക്ഷിപ്ത താൽപര്യങ്ങൾക്കൊപ്പം അദ്ദേഹം ഒരിക്കലും നിന്നിട്ടില്ല. നാടിനും പൊതു സമൂഹത്തിനും വേണ്ടി ഗുണകരമായ കാര്യങ്ങൾക്കായി എപ്പോഴും നിന്ന ഒരു പോസിറ്റീവ് പത്രപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹമെന്ന് സ്പീക്കർ പറഞ്ഞു.

∙ മാധ്യമ പ്രവർത്തന മേഖലയിൽ വലിയ നഷ്ടം: വി.ശിവൻകുട്ടി

അനിൽ രാധാകൃഷ്ണന്റെ വിയോഗം മാധ്യമ പ്രവർത്തന മേഖലയിൽ വലിയ നഷ്ടം ആണെന്ന് അനുശോചന സന്ദേശത്തിൽ പൊതുവിദ്യാഭ്യാസ -തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

∙ മന്ത്രി കെ.രാജൻ

സൗമ്യനായ മാധ്യമ പ്രവർത്തകൻ ആയിരുന്നു അനിലെന്നും അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും റവന്യൂ മന്ത്രി കെ.രാജൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

നേരിന്റെ പക്ഷത്തു നിന്ന് മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.അദ്ദേഹത്തിന്റെ വേർപാട് മാധ്യമ ലോകത്തിനും കേരള സമൂഹത്തിനും തീരാനഷ്ടമാണെന്നും പ്രതിപക്ഷനേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

∙ വ്യവസായ മന്ത്രി പി.രാജീവ്

മാധ്യമ മൂല്യങ്ങളും പ്രഫഷനലിസവും ഉയർത്തിപ്പിടിച്ച അനിൽ സൗമ്യമായ ഒരു സാന്നിധ്യമായിരുന്നു. അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി പി.രാജീവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

∙ വിശ്വസിക്കാനാവാത്ത വിയോഗം: കെ.സുരേന്ദ്രൻ

മാധ്യമ മേഖലയിലെ നിറസാന്നിധ്യമായിരുന്ന അനിലിന്റെ വിയോഗം വിശ്വസിക്കാനാവാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

∙ രമേശ് ചെന്നിത്തല

സൗമ്യനായ യുവമാധ്യമ പ്രവർത്തകൻ ആയിരുന്നു അനിൽ രാധാകൃഷ്ണനെന്നും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി വാർത്തകൾ സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കിയതായും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

∙ സ്നേഹത്തിന്റെ നിറസാന്നിധ്യം: ജോസ് കെ മാണി

സ്നേഹത്തിന്റെയും സൗമ്യതയുടെയും മുഖമാണ് വിശ്വസിക്കാൻ കഴിയാത്ത വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

English Summary: Prominent Journalist S Anil Radhakrishnan passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com