‘നാലായിരത്തിൽ കൂടുതൽ ഫ്രണ്ട്‌സ് ഉണ്ടെങ്കിൽ ഫെയ്ക്..’; ട്രോളായപ്പോൾ പോസ്റ്റ് മുക്കി പൊലീസ്
Mail This Article
തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്താനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ പോസ്റ്റ്, കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു പിൻവലിച്ചു. സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളുകളും നിറഞ്ഞതോടെയാണ് പോസ്റ്റ് പിൻവലിച്ച് പൊലീസ് തടിതപ്പിയത്.
വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ പൊലീസ് മുന്നോട്ടുവച്ച ചില നിർദേശങ്ങൾ വായിച്ചാൽ, വായിക്കുന്നവർ താനൊരു ഫെയ്‌ക്കാണോ എന്നു സ്വയം ചിന്തിച്ചു പോകുമെന്ന് ഉൾപ്പെടെയായിരുന്നു ട്രോൾ. ഇതിനെത്തുടർന്നു പല തവണ പൊലീസ് പോസ്റ്റ് തിരുത്തിയെങ്കിലും ഒടുവിൽ നീക്കം ചെയ്യുകയായിരുന്നു.
ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000ത്തിൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണ്, ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ് തുടങ്ങിയവയായിരുന്നു ഫെയ്ക് ഐഡി കണ്ടെത്താനുള്ള പൊലീസിന്റെ നിർദേശങ്ങൾ.
പ്രൊഫൈല്‍ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കില്‍ ഫെയ്ക്കിനു സാധ്യത കൂടുതലാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതേ െപാലീസാണ് പെൺകുട്ടികളുടെ പ്രൊഫൈല്‍ ചിത്രങ്ങൾ ദുരുപയോഗിക്കപ്പെടുന്നു എന്നും ദിവസങ്ങൾക്ക് മുൻപ് പോസ്റ്റിട്ടതെന്ന് സമൂഹമാധ്യമത്തിൽ ചിലർ ചൂണ്ടിക്കാട്ടി.
പൊലീസ് പങ്കിട്ട പോസ്റ്റിലെ ചില നിർദേശങ്ങൾ ഇങ്ങനെ:
വ്യാജ പ്രൊഫൈല്‍ തിരിച്ചറിയേണ്ട വഴികള്‍.
1. പ്രൊഫൈല്‍ ചിത്രം ആല്‍ബത്തില്‍ ആകെ ഒരു പ്രൊഫൈല്‍ ഫോട്ടോ മാത്രം ഉള്ളൂവെങ്കില്‍ വ്യാജനായിരിക്കാനുള്ള ചാന്‍സുണ്ട്. പ്രൊഫൈല്‍ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കില്‍ ഫേക്കിന് സാധ്യത കൂടുതലാണ്. പ്രൊഫൈല്‍ ഇമേജ് ആല്‍ബത്തില്‍ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ ആയിരിക്കും കൂടുതല്‍.
2. ടൈം ലൈനും, സ്റ്റാറ്റസ് അപ്‌ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ വ്യാജനാകാം.
3. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടുതല്‍ വ്യാജന്മാരും ഒരിക്കല്‍ പോലും ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്താത്തവരാണ്
4. അടുത്തകാലത്തെ ആക്റ്റിവിറ്റികള്‍ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്‌സിന്റെ എണ്ണം മാത്രം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ വ്യാജനായിരിക്കാം.
5. ഫ്രണ്ട്‌സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്.
6. ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളില്‍ ഗൗരവമല്ലാത്ത രീതിയില്‍ മറുപടി കൊടുത്തിരിക്കുന്ന പ്രൊഫൈല്‍ ആണെങ്കില്‍ ശ്രദ്ധിക്കുക.
English Summary: Kerala Police Withdrew Post On Instructions to Find Fake ID in Social Media