യുപിയില്‍ കളമൊരുക്കം; രാമരാജ്യം വാഗ്ദാനം ചെയ്തവരുടെ വന്യനീതിക്കെതിരെ പ്രിയങ്ക
Mail This Article
യുപി പിടിച്ചാല്‍ രാജ്യം പിടിക്കാമെന്നാണ് ചൊല്ല്. അതുകൊണ്ടാണ് 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ഭരണം ഉത്തര്‍പ്രദേശില്‍ കുതിപ്പുണ്ടാക്കിയെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ യുപിയില്‍ നടക്കുന്നത് കാട്ടുഭരണമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുപിയില്‍ സജീവമാണ് പ്രിയങ്ക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക യുപിയില്‍ ശക്തമായ പ്രചാരണം നടത്തിയെങ്കിലും ഒറ്റ സീറ്റില്‍ മാത്രമായിരുന്നു കോൺഗ്രസിനു ജയിക്കാനായത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയടക്കം തോറ്റപ്പോള്‍ ആകെ ജയിച്ചത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാത്രം. ബിജെപിയെ തോല്‍പിക്കാനുണ്ടാക്കിയ മഹാഗഡ്ബന്ധന് ലഭിച്ചത് 15 സീറ്റാണ്. 80 ല്‍ 64 സീറ്റും ബിജെപി സഖ്യം പിടിച്ചു. കോണ്‍ഗ്രസിന്റെ ഈ ദയനീയ സ്ഥിതിക്കു മാറ്റമുണ്ടാക്കാന്‍ പ്രിയങ്കയ്ക്ക് ഇത്തവണ കഴിയുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
മനുഷ്യത്വമുഖവുമായി പ്രിയങ്കയുടെ വരവ്
ഉത്തര്‍പ്രദേശില്‍ വർധിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ജൂലൈ ആദ്യവാരം പ്രാദേശിക തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് റിതു സിങ്ങിനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഇവരെ കയ്യേറ്റം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെത്തിയ പ്രിയങ്ക റിതു സിങ്ങിനെ സന്ദര്‍ശിച്ചത് അപ്രതീക്ഷിതമായിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍പോലും റിതുവിനെ സന്ദര്‍ശിക്കാന്‍ തയാറാകാതിരുന്നപ്പോഴായിരുന്നു അത്. രാഷ്ട്രീയത്തിന്റെ പേരിലല്ല, മനുഷ്യത്വത്തിന്റെ പേരിലാണ് റിതുവിനെ സന്ദര്‍ശിച്ചതെന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ യുപിയിൽ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പൊരുതി സ്ത്രീകളെ ചേര്‍ത്തുനിര്‍ത്താനാണ് പ്രിയങ്കയുടെ നീക്കം.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ( എന്‍സിആര്‍ബി) കണക്ക് പ്രകാരം 2019 ല്‍ ഉത്തര്‍പ്രദേശില്‍ 59,853 പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 7,444 പോക്‌സോ കേസും റജിസ്റ്റര്‍ ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് എന്‍സിബിആര്‍ റിപ്പോര്‍ട്ട്.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിൽ നാലു വര്‍ഷത്തിനിടെ വർധന 67 %. ഈ കണക്കുകള്‍ മുന്നിൽവച്ചാണ് പ്രിയങ്ക ബിജപി സർക്കാരിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്. യുപിയില്‍ നടക്കുന്ന അതിക്രമങ്ങളുടെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് ആ പോരാട്ടത്തിനു ശക്തികൂട്ടുകയും ചെയ്യുന്നു.
2011ലെ സെന്‍സസ് പ്രകാരം ഉത്തര്‍പ്രദേശിലെ ജനസംഖ്യ 19.98 കോടിയാണ്. ഇതില്‍ 10.4 കോടി പുരുഷന്‍മാരും 9.5 കോടി സ്ത്രീകളുമാണ്. ഇപ്പോഴത്തെ ജനസംഖ്യ 24 കോടിയിലധികമാണെന്നാണ് കണക്ക്. തിരഞ്ഞെടുപ്പുകളില്‍ സ്ത്രീ വോട്ടര്‍മാര്‍ക്ക് ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും ഭരണം നിര്‍ണയിക്കാന്‍ പോലും കഴിയുമെന്നു ധാരണയിലാണ് സ്ത്രീകളെ ചേര്‍ത്തുനിർത്താനുള്ള പ്രിയങ്കയുടെ നീക്കം.
കോവിഡ് ഒന്നാം തരംഗമുണ്ടായപ്പോഴും പ്രിയങ്ക യുപിയില്‍ ശക്തമായ ഇടപെടല്‍ നടത്തി. അതിഥിത്തൊഴിലാളികള്‍ക്കായി ആയിരത്തിലധികം ബസുകളാണ് ഏര്‍പ്പാടാക്കിയത്. എന്നാല്‍ മതിയായ സര്‍ട്ടിഫിക്കറ്റുകളില്ലെന്നറിയിച്ച് യുപി സര്‍ക്കാര്‍ ബസുകള്‍ തിരിച്ചയയ്ക്കുകയാണുണ്ടായത്. ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
സജീവമായി സമൂഹ മാധ്യമത്തില്‍
യോഗി സർക്കാരിനെതിരായ യുദ്ധത്തിൽ സമൂഹമാധ്യമങ്ങളെ പ്രിയങ്ക കാര്യമായി ഉപയോഗിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പോസ്റ്റുകൾ ഇടാറുണ്ടെങ്കിലും ഫെയ്സ്ബുക്കിലാണ് കൂടുതൽ സജീവം. കൂടുതൽ പേർ ഉപയോഗിക്കുന്നത് ഫെയ്സ്ബുക്കാണെന്നും ട്വിറ്ററിനെയും ഇന്‍സ്റ്റഗ്രാമിനെയും അപേക്ഷിച്ച് ഗ്രാമീണ മേഖലയിൽ ഫെയ്സ്ബുക്കിനാണ് പ്രചാരം കൂടുതലെന്നുമുള്ള വിലയിരുത്തലാണ് ഇതിനു കാരണം. ദിവസവും നാല് പോസ്‌റ്റെങ്കിലും ഷെയര്‍ ചെയ്യാറുണ്ട്. 4.2 ദശലക്ഷം ഫോളോവേഴ്‌സ് ആണ് പ്രിയങ്കയ്ക്ക് ഫെയ്‌സ്ബുക്കിലുള്ളത്. 10,000 മുതല്‍ 12,000 വരെ ലൈക്കുകള്‍ ഓരോ പോസ്റ്റിനും ലഭിക്കുന്നുണ്ട്. ട്വിറ്ററില്‍ 3.7 ദശലക്ഷം ഫോളോവേഴ്‌സുമുണ്ട്.
പ്രിയങ്കയുടെ ഫെയ്‌സ്ബുക്ക് ടൈം ലൈനില്‍ യോഗി ആദിത്യനാഥിനെതിരായ പോസ്റ്റുകളാണ് ഏറെയും. നിയമ വ്യവസ്ഥ തകര്‍ന്നുവെന്നും കോവിഡ് വ്യാപനം തടയുന്നതില്‍ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും അവര്‍ ആരോപിക്കുന്നു. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയ യോഗി സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ സിമ്മദാര്‍ കോന്‍ (ആരാണ് ഉത്തരവാദി) എന്ന ഹാഷ് ടാഗോടുകൂടി തുടര്‍ച്ചയായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു. 20,000 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നതും ഓക്‌സിജന്‍ ക്ഷാമവും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നതുമെല്ലാം ഈ ഹാഷ് ടാഗിലൂടെ അവര്‍ ഉയര്‍ത്തിക്കാട്ടി. രാമരാജ്യം വാഗ്ദാനം ചെയ്ത യോഗി സര്‍ക്കാര്‍ കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്നും അവര്‍ തുറന്നടിച്ചു.
എന്നാല്‍ ഉത്തര്‍പ്രദേശിലെ മറ്റു നേതാക്കളെ അപേക്ഷിച്ച് പ്രിയങ്കയ്ക്ക് ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സ് കുറവാണ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് 7 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 6.4 ദശലക്ഷം പേര്‍ പിന്തുടരുന്നു.
രാഷ്ട്രീയ വിനോദ സഞ്ചാരിയെന്നാണ് ബിജെപി പ്രിയങ്കയെ വിശേഷിപ്പിക്കുന്നത്. പ്രിയങ്കയ്ക്ക് ജനകീയ അടിത്തറയില്ലെന്നും അതിനാലാണ് സമൂഹമാധ്യമങ്ങളിലൂടെ അവര്‍ പ്രതികരിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെ മുഖം രക്ഷിക്കുകയാണ് പ്രിയങ്ക. സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്കു സാധിക്കുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു.
തകര്‍ന്നടിഞ്ഞ പാര്‍ട്ടി സംവിധാനം
സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കാട്ടാന്‍ ആവശ്യത്തിലധികം കാര്യങ്ങള്‍ യുപിയിലുണ്ടെങ്കിലും കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി താഴെത്തട്ടില്‍ പാര്‍ട്ടിക്കു സ്വാധീനം നഷ്ടപ്പെട്ടു എന്നതു തന്നെയാണ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേക്കേറിയതോടെ കാര്യങ്ങള്‍ പ്രിയങ്കയ്ക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നു. അടിത്തറ മുതല്‍ കെട്ടിപ്പടുക്കേണ്ട സാഹചര്യമുണ്ടായിരുന്നിട്ടും അതിനുള്ള ശ്രമം പ്രിയങ്കയുടെ ഭാഗത്തുനിന്നുണ്ടായോ എന്ന കാര്യത്തില്‍ സംശയമുണ്ട്. യുപിയില്‍ തന്നെ തുടരണമെന്ന് സംസ്ഥാന നേതാക്കള്‍ പലവട്ടം പ്രിയങ്കയോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇടയ്ക്കിടെ വന്നു പോകുന്ന രീതിയില്‍നിന്നും വലിയ മാറ്റമുണ്ടായില്ല.
അതേസമയം പല സ്ഥലത്തും ബ്ലോക്ക് കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും രൂപീകരിക്കാനായി എന്നത് നേട്ടമാണ്. 1989 ല്‍ ഭരണത്തില്‍നിന്ന് പുറത്താക്കപ്പെട്ടതു മുതല്‍ പാര്‍ട്ടി ക്ഷയിച്ചുവരികയായിരുന്നു. 2017 ലെ തിരഞ്ഞെടുപ്പോടുകൂടി പാര്‍ട്ടി തകര്‍ന്നടിഞ്ഞുവെന്ന് പ്രിയങ്ക തന്നെ സമ്മതിക്കുന്നു. നിശബ്ദരായി പാര്‍ട്ടി സംവിധാനങ്ങള്‍ വീണ്ടും കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും 2022 ല്‍ നില മെച്ചപ്പെടുത്താനാകുമെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍ അടുത്തിടെ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നു മാത്രമല്ല സോണിയ ഗാന്ധിയുടെ മണ്ഡലത്തില്‍ പോലും തിരച്ചടി നേരിടുകയും ചെയ്തു.
ബിജെപിക്കും യുപിയില്‍ ജയിച്ചേ മതിയാകൂ
2017 ലെ തിരഞ്ഞെടുപ്പില്‍ 403 ല്‍ 312 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 2022 ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയില്ലെങ്കില്‍ അതേ വര്‍ഷം അവസാനം നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എംപിമാരുടെ വോട്ടിന്റെ മൂല്യം 708 ആണ്. എംഎല്‍എമാരുടെ മൂല്യം സംസ്ഥാനത്തെ ജനസംഖ്യനിരക്ക് അനുസരിച്ചാണ്. ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത് യുപിയിലെ എംഎല്‍എയ്ക്കാണ്, 208. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലെയും എംഎല്‍എമാരുടെ വോട്ട് മൂല്യം വളരെ കുറവാണ്. അസമിലെ എംഎല്‍എയുടെ വോട്ട് മൂല്യം 7 ആണ്. ലോക്‌സഭയില്‍ 530 ല്‍ 334 സീറ്റും രാജ്യസഭയില്‍ 232 ല്‍ 116 ഉം ആണ് എന്‍ഡിഎയുടെ അംഗം ബലം. രാജ്യസഭയിലെ 3 പേര്‍ നാമനിർദേശം ചെയ്യപ്പെട്ട എംപിമാരായതിനാല്‍ വോട്ടവകാശമില്ല. അതിനാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ല. രാജ്യത്തെ 4,033 നിയമസഭാ സീറ്റുകളില്‍ 1,761 എണ്ണം എന്‍ഡിഎയ്ക്കാണ്. വോട്ടുമൂല്യം കൂടുതലുള്ള സംസ്ഥാനങ്ങളായ തമിഴ്‌നാട്, ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയ്ക്ക് കാര്യമായ സീറ്റുകളില്ലാത്തത് വോട്ടുമൂല്യം കുറയ്ക്കും.
നിലവിലെ സ്ഥിതി അനുസരിച്ച് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 49.95 ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്കുള്ളത്. ഭൂരിപക്ഷത്തിന് 0.05 ശതമാനം കൂടി വേണം. ഇതിനിടെ പല കക്ഷികളും എന്‍ഡിഎ വിട്ടതും വിഘടിച്ചു നില്‍ക്കുന്നതും തലവേദനയാണ്. സംസ്ഥാനത്ത് ബിജെപിക്ക് ഭരണം തുടരുക എന്നതിനൊപ്പം കേന്ദ്രത്തിലും സുഗമമായി ഭരണം നടത്തണമെങ്കില്‍ യുപി പിടിച്ചേ മതിയാകൂ. യോഗി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് വന്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. ടിവി പരസ്യം നല്‍കുന്നതിന് മാത്രമായി പ്രതിവര്‍ഷം 160 കോടി രൂപയാണ് യോഗി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് ഏതു വിധേനയും തടയാന്‍ ബിജെപി നീക്കം തുടങ്ങി. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും കുറ്റകൃത്യങ്ങള്‍ തടയുന്നതിലെ പാളിച്ചയും തിരച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന് ബിജെപി ഭയക്കുന്നുണ്ട്. അതിനാലാണ് പ്രതിപക്ഷ ഐക്യം മുളയിലേ നുള്ളാന്‍ ബിജെപി ശ്രമിക്കുന്നത്.
സഖ്യസാധ്യതയ്ക്ക് തുറന്ന മനസ്സുമായി പ്രിയങ്ക
ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ മാത്രം ആത്മവിശ്വാസം കോണ്‍ഗ്രസിനില്ലെന്ന് പ്രിയങ്ക അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. 403 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതേപ്പറ്റി പറയാനുള്ള സമയമായിട്ടില്ല എന്നായിരുന്നു മറുപടി. സഖ്യസാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന്, ഞങ്ങള്‍ അടഞ്ഞ ചിന്താഗതിക്കാരല്ലെന്നും പ്രിയങ്ക പറഞ്ഞു. ‘ഞങ്ങള്‍ക്ക് തുറന്ന മനസ്സാണ്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന മനസ്സോടെ ഇക്കാര്യത്തെ സമീപിക്കണം’- പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയുടെ സാന്നിധ്യത്തില്‍ യുപിയില്‍ പാര്‍ട്ടി സജീവമാവുകയും പ്രിയങ്ക സംസ്ഥാനം വിട്ടാല്‍ നിഷ്‌ക്രിയമാവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നതെന്താണെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഞാന്‍ വരുമ്പോള്‍ മാധ്യമശ്രദ്ധ ഉണ്ടാവുകയും നിങ്ങള്‍ പാര്‍ട്ടിയെ ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ പോയി കഴിയുമ്പോള്‍ അത് ഉണ്ടാകുന്നില്ല, അതുകൊണ്ടാണ് നിങ്ങള്‍ക്കങ്ങനെ തോന്നുന്നതെന്നായിരുന്നു മറുപടി.
ഉത്തര്‍പ്രദേശില്‍ ബിജെപിയ നേരിടാന്‍ കോണ്‍ഗ്രസിന് ശക്തനായ നേതാവില്ലെന്നത് യാഥാര്‍ഥ്യമാണ്. പ്രിയങ്കയുടെ സാന്നിധ്യത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമാകുന്നതെന്ന ആരോപണത്തിന് അടിസ്ഥാനം സംസ്ഥാനത്ത് ശക്തനായ നേതാവില്ലെന്നതാണ്. യോഗി ആദിത്യനാഥിനും അഖിലേഷ് യാദവിനും ഒപ്പംനില്‍ക്കാന്‍ പ്രാപ്തനായ ഒരു നേതാവിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിനായതുമില്ല. അതിനാലാണ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍നിന്നു പ്രിയങ്കയുടെ വരവും കാത്തിരിക്കുന്നത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിട്ടും പാര്‍ട്ടിക്ക് അടിത്തറയുണ്ടാക്കാന്‍ കോണ്‍ഗ്രസിനായോ എന്ന ചോദ്യം അവശേഷിക്കുകയാണ്.
2017 ലെ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിച്ച എസ്പി–കോണ്‍ഗ്രസ് സഖ്യം ആകെയുള്ള 403 ല്‍ നേടിയത് 54 സീറ്റാണ്; അതില്‍ കോണ്‍ഗ്രസ് നേടിയത് വെറും 7 സീറ്റ്. വീണ്ടും സഖ്യത്തില്‍ മത്സരിക്കുന്നതു ഗുണം ചെയ്യില്ലെന്നാണു സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. കോണ്‍ഗ്രസിന്റെ ശിഥിലമായ അടിത്തറയില്‍ നിന്നുകൊണ്ട് ബിജെപിയെ വെല്ലുവിളിച്ച് വിജയമുണ്ടാക്കാന്‍ സാധിക്കുക എന്നത് എളുപ്പമല്ല. അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടെങ്കിലും പാര്‍ട്ടി സംവിധാനം ദുര്‍ബലമാണ്. ബിജെപിയും ആര്‍എസ്എസും ശക്തമായി നിലകൊള്ളുന്ന യുപിയില്‍ ജനങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ സമൂഹമാധ്യമങ്ങളിലെ പ്രചാരണവും ഇടയ്ക്ക് മാത്രമുള്ള സന്ദര്‍ശനവും മതിയാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
English Summary: Priyanka Gandhi enters 2020 UP election campaign