ADVERTISEMENT

കാബൂള്‍∙ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിന്റെ 20-ാം വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 11-ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നു റിപ്പോര്‍ട്ട്. 'ഞങ്ങളുടെ ആഭ്യന്തരമന്ത്രി യുഎസിന്റെ ഉപരോധ പട്ടികയിലുള്ള സാഹചര്യത്തില്‍ ആ ദിനം ഞങ്ങള്‍ക്കും പ്രധാനപ്പെട്ടതാണ്.' - താലിബാന്‍ വക്താവിന്റെ വാക്കുകള്‍ 9/11ലെ സത്യപ്രതിജ്ഞയുടെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്. താലിബാന്‍ സര്‍ക്കാരിലെ കുറഞ്ഞത് അഞ്ച് അംഗങ്ങളെങ്കിലും യുഎന്നിന്റെ ഉപരോധപട്ടികയിലും ഇടംപിടിച്ചവരാണ്. 

താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ മിക്ക രാജ്യങ്ങളും മടിച്ചു നില്‍ക്കുമ്പോള്‍ റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു താലിബാന്‍ ക്ഷണിച്ചിട്ടുണ്ട്. താലിബാന്‍ സര്‍ക്കാരിനെ ആദ്യം തന്നെ അംഗീകരിച്ച ചൈന അവരുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. അഫ്ഗാന്‍ സര്‍ക്കാരിനെ ഒരു തരത്തിലും അംഗീകരിക്കാതിരിക്കാനുള്ള സമ്മര്‍ദമാണ് മറുവശത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരിടുന്നത്. 

അതേസമയം താലിബാനുമായി ചര്‍ച്ച നടത്തുകയാണ് ലോകരാജ്യങ്ങള്‍ ചെയ്യേണ്ടതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റൊണിയോ ഗുട്ടെറെസ് പറഞ്ഞത് സര്‍ക്കാരിനെ അംഗീകരിക്കാനുള്ള നീക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ ഇതുവരെ താലിബാന്‍ സര്‍ക്കാരിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English Summary: Taliban mulling to schedule oath-taking ceremony of new Afghanistan government on 9/11: Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com