ADVERTISEMENT

രുപതാണ്ട് മുൻപ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകള്‍ ഭീകരാക്രമണത്തില്‍ തകര്‍ന്നുവീണതിന്റെ ഞെട്ടലില്‍നിന്നാണ് ഇന്ത്യ-യുഎസ് ബന്ധത്തില്‍ നിര്‍ണായകമായ വഴിത്തിരിവുകള്‍ പ്രകടമായിത്തുടങ്ങിയത്. 1998ല്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായതിനു പിന്നാലെ ഇന്ത്യ പൊഖറാനില്‍ ആണവപരീക്ഷണം നടത്തിയതോടെ കടുത്ത ഉപരോധവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ജപ്പാന്‍ ഒഴികെ മറ്റു രാജ്യങ്ങളൊന്നും വലിയതോതില്‍ പ്രതികരിക്കാതിരുന്നതിനാല്‍ സാമ്പത്തിക ഉപരോധം ഇന്ത്യയില്‍ വന്‍പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയില്ല. 

ഒരു വര്‍ഷത്തിനു ശേഷം താലിബാന്‍ 176 യാത്രക്കാരുമായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിയെടുത്തു. ഇന്ത്യന്‍ ജയിലുകളില്‍ കഴിഞ്ഞിരുന്ന മൂന്നു ഭീകരരെ വിട്ടയ്ക്കണമെന്നായിരുന്നു ആവശ്യം. കഠ്മണ്ഡുവില്‍ മധുവിധു കഴിഞ്ഞു മടങ്ങുകയായിരുന്ന രൂപെന്‍ കട്യാല്‍ എന്ന യുവാവിനെ വധിച്ചതോടെ മറ്റു മാര്‍ഗങ്ങളില്ലാതെ ഇന്ത്യക്കു വഴങ്ങേണ്ടിവന്നു. അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍, മസൂദ് അസര്‍ എന്നിവരെ മോചിപ്പിച്ചു. 

രണ്ടു വര്‍ഷത്തിനു ശേഷം സെപ്റ്റംബർ 11നാണ് അമേരിക്കയെയും ലോകത്തെയാകെയും ഞെട്ടിച്ചുകൊണ്ട് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടത്. അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ് ആണ് ആക്രമണത്തിനു സാമ്പത്തിക സഹായം നല്‍കിയതെന്നു പിന്നീടു തെളിഞ്ഞു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ തട്ടിയെടുത്തു കൊന്നതിനു പിന്നിലും ഷെയ്ഖാണെന്നു വ്യക്തമായി. ആറ് അമേരിക്കന്‍ പൗരന്മാര്‍ക്കു ജീവന്‍ നഷ്ടമായ 2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് മസൂദ് അസര്‍ ആയിരുന്നു. 

9/11 ആക്രമണത്തോടെയാണ് തങ്ങളെപ്പോലെ തന്നെ ഇന്ത്യയും ഭീകരതയുടെ ഇരയാണെന്ന വ്യക്തമായ തിരിച്ചറിവ് അമേരിക്കയ്ക്കുണ്ടായത്. ഇന്ത്യയുമായി കൂടുതല്‍ മികച്ച ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് അമേരിക്ക തുടക്കമിട്ടു. പടിപടിയായി അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയെന്ന നിലയിലേയ്ക്ക് ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. 

2000 ജനുവരിയിലാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കായി സംയുക്ത ഗ്രൂപ്പ് രൂപീകരിച്ചത്. മാറ്റങ്ങള്‍ക്കു തുടക്കമെന്ന നിലയില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഇന്ത്യയിലെത്തി. തുടര്‍ന്ന് നിര്‍ണായകമായ ഇന്ത്യ-യുഎസ് ആണവകരാറിലേക്കു കാര്യങ്ങള്‍ എത്തി. ഡോ. മന്‍മോഹന്‍ സിങ്ങും ജോര്‍ജ് ഡബ്ല്യു ബുഷും അധികാരത്തിലിരിക്കുമ്പോള്‍ 2007ല്‍ ആണു കരാര്‍ ഒപ്പുവച്ചത്. ക്ലിന്റണു ശേഷം എല്ലാ യുഎസ് പ്രസിഡന്റുമാരും ഇന്ത്യ സന്ദര്‍ശിച്ചു. ബറാക്ക് ഒബാമയാകട്ടെ രണ്ടുവട്ടം ഇന്ത്യയിലെത്തി. ഇന്ത്യ-റഷ്യ, അമേരിക്ക-പാക്കിസ്ഥാന്‍ എന്ന നിലയിലായിരുന്ന ചങ്ങത്തസമവാക്യത്തില്‍ അടിമുടി മാറ്റമാണ് ഇക്കാലയളവില്‍ ഉരുത്തിരിഞ്ഞുവന്നത്. 

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡട് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

തന്ത്രപ്രധാനമായ ആണവ ക്ലബ്ബുകളില്‍ അംഗമാകാന്‍ ഇന്ത്യയെ അമേരിക്ക സഹായിച്ചു. ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വത്തെ യുഎസ് കൈയ്യഴിഞ്ഞു പിന്തുണയ്ക്കുകയും ചെയ്തു. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ നീക്കങ്ങള്‍ക്കും അമേരിക്കന്‍ സഹായമുണ്ടായിരുന്നു. അമേരിക്കയുമായി നിരവധി പ്രതിരോധ കരാറുകളില്‍ ഇന്ത്യ ഒപ്പുവച്ചതോടെ ഉത്തരവാദിത്തമുള്ള പങ്കാളിയാണ് ഇന്ത്യയെന്ന തിരിച്ചറിവ് അമേരിക്കയ്ക്കുണ്ടായി. മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ തലവേദനയായ ചൈനയെ നേരിടാന്‍ ഇന്ത്യയുമായുള്ള ചങ്ങാത്തം അനിവാര്യമാണെന്ന ചിന്തയാണ് യുഎസ് അധികൃതര്‍ക്കുള്ളത്. 2018ല്‍ പസിഫിക് കമാന്‍ഡിന്റെ പേര് ഇന്തോ-പസിഫിക് കമാന്‍ഡ് എന്നു മാറ്റാനുള്ള അമേരിക്കയുടെ തീരുമാനം മേഖലയില്‍ ഇന്ത്യയുടെ പ്രധാന്യം അംഗീകരിക്കുന്നതായി. 

പ്രതിരോധ, തന്ത്രപ്രധാന സഹകരണം തുടരുമ്പോഴും റഷ്യയുമായും ഇറാനുമായും ഇന്ത്യക്കുള്ള അടുപ്പത്തില്‍ അമേരിക്കയ്ക്ക് അതൃപ്തിയുണ്ട്. യുഎസുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതില്‍ റഷ്യയ്ക്കും ആശങ്കയാണുള്ളത്. അമേരിക്കയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഇറാനില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിവയ്‌ക്കേണ്ടിവന്നത് ഇന്ത്യ-ഇറാന്‍ ബന്ധത്തിലും ചെറിയതോതിലെങ്കിലും അസ്വാരസ്യത്തിനിടയാക്കിയിട്ടുണ്ട്. പല സംയുക്ത പദ്ധതികളില്‍നിന്നും ഇറാന്‍ ഇന്ത്യയെ ഒഴിവാക്കി. 

pm-modi-joe-biden
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

അതേസമയം, ഇന്ത്യയുമായുള്ള കയറ്റുമതി, ഇറക്കുമതി ഇടപാടുകളില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥയില്‍ അമേരിക്കന്‍ ഭരണകൂടത്തിനുള്ള ആശങ്ക ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് മൂര്‍ഛിച്ചിരുന്നു. പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടും വാണിജ്യകരാര്‍ സാധ്യമായില്ല. ജോ ബൈഡന്റെ ഭരണത്തിന്‍ കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏതുതരത്തില്‍ പരിവര്‍ത്തനത്തിന് വിധേയമാകുമെന്നാണ് വിദേശകാര്യ വിദഗ്ധര്‍ സസൂക്ഷമം നിരീക്ഷിക്കുന്നത്.

English Summary: How the terror strike became a crucial turning point in India-US ties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com