വിശന്ന് വലഞ്ഞ് ഇന്ത്യ; ആഗോള വിശപ്പ് സൂചികയില്‍ 101-ാമത്; പാക്കിസ്ഥാന് പിന്നില്‍

INDIA-HEALTH-VIRUS
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡല്‍ഹി∙ രാജ്യത്തു വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും പട്ടിണിയിലാണെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആഗോള വിശപ്പ് സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്- ജിഎച്ച്‌ഐ) 94-ാം സ്ഥാനത്തുനിന്ന് 101-ാം സ്ഥാനത്തേക്കാണ് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നത്. 116 രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യ. 

ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ 18 രാജ്യങ്ങള്‍ അഞ്ചില്‍ താഴെ ജിഎച്ച്‌ഐ സ്‌കോറുമായി മുന്‍നിരയില്‍ സ്ഥാനം നേടി. ദാരിദ്ര്യം, പോഷകക്കുറവ് എന്നിവ നിരന്തരം നിരീക്ഷിക്കുന്നതാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്. ഐറിഷ് സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ലൈഫും ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ പട്ടിണിയുടെ നിരക്ക് ഗുരുതരമാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.

പോഷകാഹാരക്കുറവ്, അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പദ്ധതി നടപ്പാക്കലിലെ പാളിച്ച, ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവയാണു രാജ്യത്തെ പിന്നോട്ടടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാള്‍ (76), ബംഗ്ലാദേശ് (76), മ്യാന്‍മര്‍ (71), പാക്കിസ്ഥാന്‍ (92) എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്.

English Summary: India Falls To 101 From 94 In Hunger Index, Behind Pak, Nepal: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA