‘സർക്കാരിന്റേത് മായാലോകം; യുവാക്കളെ ഉള്ളികൃഷിക്ക് വിദേശത്ത് വിടുകയല്ല വേണ്ടത്’

thomas-issac-balagopal
ധനമന്ത്രി കെ.എൻ.ബാലഗോപാൽ, മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.
SHARE

വായ്പയെടുക്കലാണ് കേരളത്തിന്റെ സമ്പദ്ഘടനയുടെ വളർച്ചയ്ക്കുള്ള മാർഗമെന്ന സമീപനമാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ചിരുന്നത്. കോവിഡും പ്രകൃതി ദുരന്തങ്ങൾ പോലുള്ള തിരിച്ചടികളും അതിജീവിച്ച് ആഭ്യന്തര വരുമാനം വളർച്ചയുടെ പാതയിലേക്കു നീങ്ങുമെന്നും വായ്പയെടുക്കുന്ന സമീപനത്തിൽനിന്ന് പിന്മാറേണ്ടതില്ലെന്നുമുള്ള വാദമാണ് ഇതിനെ സാധൂകരിക്കുന്നതിനു വേണ്ടി സർക്കാർ നിരന്തരം ഉയർത്തിയിരുന്നത്. എന്നാൽ വർധിച്ച ഇന്ധന വില പ്രതിരോധിക്കുന്നതിനു നികുതി ഇളവു നൽകാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇന്ന് കേരളം. എന്താണതിനു കാരണം?

വായ്പയെയും പ്രവാസ മൂലധനത്തെയും ആശ്രയിച്ചുള്ള സാമ്പത്തിക നയങ്ങൾ കേരളത്തെ ധനകാര്യ പ്രതിസന്ധിയിലേക്കു തള്ളിവിടുകയാണോ? ധനകാര്യ രംഗത്തെ കേരളത്തിന്റെ സമീപനങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ? ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ സീനിയർ ഫാക്കൽറ്റിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ജോസ് സെബാസ്റ്റ്യൻ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു

‘ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു’

കേരളത്തിന് ഇന്ധന നികുതി കുറയ്ക്കാൻ കഴിയാത്തതിനു കാരണം കഴിഞ്ഞ 5 വർഷം തുടർന്നു വന്ന തെറ്റായ ധനകാര്യ മാനേജ്മെന്റാണ്. ഈ പ്രതിസന്ധിക്ക് ഇപ്പോഴത്തെ ധനമന്ത്രി ബാലഗോപാലിനെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇതു തുടങ്ങിവച്ചത് മുൻ മന്ത്രി ഡോ. തോമസ് ഐസക് ആണ്. അദ്ദേഹം 2016ൽ രണ്ടാമതും ധനകാര്യ മന്ത്രിയായപ്പോൾ ജിഎസ്ടി വരുമാനം 20–25 ശതമാനം വർധിക്കുമെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. 2015ൽ ഞാനും സഹപ്രവർത്തക അനിതാ കുമാരിയും ചേർന്നു നടത്തിയ പഠനത്തിൽ ജിഎസ്ടി കേരളത്തെ രക്ഷിക്കുകയില്ലെന്ന് അസന്ദിഗ്ധമായി തെളിയിച്ചതാണ്.

Thomas-Issac-3
ഡോ.തോമസ് ഐസക്

ഈ പഠനത്തെ ഡോ.ഐസക് പുച്ഛിച്ചു തള്ളുകയാണുണ്ടായത്. അദ്ദേഹത്തിന്റെ 5 വർഷക്കാലം വിഭവ സമാഹരണത്തിന് ഒരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല ചെലവു നിയന്ത്രിക്കുന്നതിനും ശ്രമമുണ്ടായില്ല. കിഫ്ബി വഴിയായി ഉള്ള കടമെടുപ്പ് പലിശ ബാധ്യത വർധിപ്പിച്ചു. പക്ഷേ, രണ്ടു പ്രളയങ്ങളും കോവിഡും അദ്ദേഹത്തിന്റെ പരാജയങ്ങളെ മറച്ചുവയ്ക്കാൻ സഹായിച്ചു. ഡോ.ഐസക്കിന്റെ കാലത്തുണ്ടായ പരാജയങ്ങളുടെ പാപഭാരം പേറാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ബാലഗോപാൽ.

ഖജനാവിനെ പൂച്ച പെറ്റു കിടക്കുന്ന സ്ഥിതിയിലാക്കി വച്ചിട്ട് യാതൊരുവിധ ന്യായീകരണവുമില്ലാത്ത തള്ളുകളാണ് ധനമന്ത്രി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം ഓരോ ദിവസവും പരിഹാസ്യപാത്രമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറയ്ക്കരുതായിരുന്നുവെന്നു തന്നെയാകണം അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ്. കേന്ദ്ര സർക്കാർ ഇന്ധന നികുതിയിൽ കുറവു വരുത്തിയതോടെ സ്വാഭാവികമായി അവയുടെ വിലയിൽ കുറവു വന്നിട്ടുണ്ട്. സംസ്ഥാനം നികുതി കുറച്ചിരുന്നെങ്കിൽ വില ഇനിയും കുറയുമായിരുന്നു. എന്നാൽ അതിനു കഴിയാത്ത സ്ഥിതിയാണ്. പെട്രോൾ വില കുറയുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ ചെറിയ കുറവുണ്ടാകും.

നിലവിൽ വരുമാനത്തിന്റെ വലിയ പങ്കും ശമ്പളം, പെൻഷൻ, പലിശ എന്നീ ഇനങ്ങളിലേക്കു മാത്രം മാറ്റേണ്ടി വരികയാണ്. അതിനിടയിൽ ഇന്ധന നികുതിയിലെ ചെറിയ കുറവു പോലും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നു ധനമന്ത്രിക്ക് അറിയാം. എന്നാൽ സംസ്ഥാനം വില കുറച്ചുവെന്നൊക്കെയാണ് ധനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും അവകാശപ്പെടുന്നത്. യഥാർഥത്തിൽ സംസ്ഥാനം ഇന്ധന നികുതിയിൽ കുറവു വരുത്തിയിട്ടില്ല. കേന്ദ്ര സർക്കാർ നടപടിയുടെ ഭാഗമായി അതു തനിയെ കുറഞ്ഞതാണ്. അതിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ല.

thomas-issac-balagopal
തോമസ് ഐസക്, കെ.എൻ ബാലഗോപാൽ.

സാധാരണക്കാർക്ക് അങ്ങേയറ്റം ദുരിതം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിൽനിന്നു മുതലെടുപ്പു നടത്തുകയാണു സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഉമ്മൻചാണ്ടി സർക്കാർ നികുതി കുറച്ചില്ലെന്ന ന്യായവും ശരിയല്ല. ആ സർക്കാരിന്റെ കാലത്ത് നികുതി കുറച്ച സന്ദർഭങ്ങളുണ്ട്. മാത്രമല്ല അന്ന് സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി ഇത്ര മോശമായിരുന്നില്ല. അതൊക്കെ മറച്ചുവയ്ക്കാനുള്ള ന്യായങ്ങളാണു ധനകാര്യ മന്ത്രി പറയുന്നത്.

‘വായ്പയല്ല പരിഹാരം’

വായ്പയാണ് എല്ലാറ്റിനും പരിഹാരമെന്ന സമീപനമാണ് മുൻ ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചത്. അതിനെ എതിർത്തവരെയൊക്കെ അദ്ദേഹം പരിഹസിച്ചു. പൊതുവിഭവ സമാഹരണത്തിന് ധാരാളം മാർഗങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ഫീസുകൾ വർധിപ്പിക്കുക, വസ്തു നികുതി, വൈദ്യുതി തീരുവ നിരക്ക്, മൈനുകളുടെയും ക്വാറികളുടെയും റോയൽറ്റി വർധിപ്പിക്കുക, സർക്കാർ ഭൂമികളിലെ പാട്ടത്തുക വർധിപ്പിക്കുക തുടങ്ങിയ പലവിധ മാർഗങ്ങളൊന്നും സ്വീകരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. പക്ഷേ കേരളത്തിന്റെ ധനകാര്യത്തെ ഇത്രയേറെ പ്രതിസന്ധിയിലാക്കിയത് ശമ്പളപരിഷ്കരണമാണ്.

പത്തുവർഷത്തിലൊരിക്കൽ ശമ്പളം പരിഷ്കരിച്ചാൽ മതിയെന്നു മുൻ ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തതാണ്. പ്രളയം, കോവിഡ് എന്നിവയുടെ പശ്ചാത്തലത്തിൽ ശമ്പള പരിഷ്കരണം വേണ്ടെന്നു വയ്ക്കാമായിരുന്നു. എന്നാൽ എങ്ങനെയും തുടർഭരണം എന്ന ലക്ഷ്യത്തിൽ ശമ്പളം പരിഷ്ക്കരിച്ചതുവഴി 14,000 കോടി രൂപയാണ് കേരള ജനസംഖ്യയുടെ വെറും നാലു ശതമാനം മാത്രം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും കൊടുത്തത്. ഇങ്ങനെ ഖജനാവ് സമ്പൂർണമായി കാലിയായ സാഹചര്യത്തിലാണ് പെട്രോൾ നികുതിയുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നു വന്നിരിക്കുന്നത്.

കേരളത്തേക്കാൾ എത്രയോ ദരിദ്രമായ സംസ്ഥാനങ്ങൾ പോലും പെട്രോളിന്റെ നികുതി കുറച്ചു ജനങ്ങൾക്ക് ആശ്വാസം നൽകിയപ്പോൾ കേരളത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. നികുതി നിരക്കു കുറച്ചു കഴിഞ്ഞാൽ നികുതി വരുമാനം വീണ്ടും കുറയും. സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനു പകരം അത് ഒരു അവസരമായി കണ്ട് പരമാവധി പൊതുവിഭവങ്ങൾ സമാഹരിച്ച് ഇവിടത്തെ മധ്യ വർഗത്തിനും സമ്പന്നർക്കും എത്തിച്ചു കൊടുക്കുകയാണു ചെയ്യുന്നത്.

‘വേണമായിരുന്നോ എല്ലാവർക്കും കിറ്റ്?’

എല്ലാവർക്കും കിറ്റ് നൽകിയതാണ് സർക്കാർ നടത്തിയ മറ്റൊരു വലിയ ധൂർത്ത്. സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ സൗജന്യമായി കിറ്റ് നൽകുന്നതിനു പകരം ഏറ്റവും അർഹരായ വിഭാഗങ്ങൾക്കു മാത്രം കിറ്റ് നൽകിയിരുന്നെങ്കിൽ എത്രയോ കോടി രൂപ ലാഭിക്കാമായിരുന്നു. ഇങ്ങനെ കാര്യക്ഷമമായ ധനകാര്യ മാനേജ്മെന്റിലൂടെ ഖജനാവിൽ മിച്ചം പിടിച്ചിരുന്നെങ്കിൽ ഇപ്പോൾ നികുതി സുഖമായി കുറയ്ക്കാമായിരുന്നു. ഇപ്പോൾ കിറ്റ് നിന്നു പോയിരിക്കുന്നു. അതു കൊടുക്കാൻ കഴിയുന്നില്ല. സാധാരണ ജനങ്ങൾക്ക് അക്കൗണ്ടിൽ പൈസയിടുന്നതുപോലെയുള്ള ഒരു പാക്കേജിനെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയുന്നില്ല. കിഫ്ബി വായ്പയൊക്കെ കാരണ. പലിശ ബാധ്യത വല്ലാതെ കൂടിക്കൊണ്ടിരിക്കുകയാണ്.

kerala-food-kit
കേരളത്തിലെ ഭക്ഷ്യ കിറ്റ് വിതരണം. ഫയൽ ചിത്രം

കേരളത്തിലെ സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടിലാണ്. കോവിഡ് വന്നതോടെ തൊഴിൽ നഷ്ടപ്പെട്ടു വരുമാനം ഇല്ലാതായി. കൂനിന്മേൽ കുരു എന്ന പോലെയാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധന. വായ്പകൊണ്ട് കേരളത്തിന്റെ സമ്പദ്ഘടന മുന്നോട്ടു പോകില്ലെന്ന് ഇപ്പോഴത്തെ ധനമന്ത്രിക്ക് അറിയാം. കേരളം ഒരു ഉപഭോഗ സംസ്ഥാനമാണ്. വിദേശത്തു‌നിന്നുള്ള വരുമാനമാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്. കോവിഡ് വന്നതോടെ അതു കുറഞ്ഞു. അങ്ങനെ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിൽ (ജിഡിപി) വൻ കുറവുണ്ടായി. അത് കടം എടുക്കലിന്റെ പരിധിയെ ബാധിച്ചു. വിഭവങ്ങൾ സമാഹരിച്ചു വരുമാനം വർധിപ്പിക്കുകയാണ് കേരളത്തിനു മുന്നിലുള്ള വഴി .

‘36% മദ്യം, ലോട്ടറി വരുമാനം!’

കേരളീയരുടെ നികുതി നൽകാനുള്ള ശേഷിയിൽ വൻ വർധനവാണ് കഴിഞ്ഞ 60 വർഷത്തിനിടെ ഉണ്ടായിട്ടുള്ളത്.1972–73ൽ ആളോഹരി ഉപഭോഗത്തിൽ കേരളത്തിന്റെ സ്ഥാനം 8 ആയിരുന്നു. കേരളം 1983ൽ മൂന്നാം സ്ഥാനത്തേക്കും 1999–2000 മുതൽ ഒന്നാം സ്ഥാനത്തേക്കും ഉയർന്നു. പക്ഷേ പൊതുവിഭവങ്ങളിൽ 60 ശതമാനത്തിനുമേൽ സമാഹരിക്കുന്നത് പെട്രോൾ, മോട്ടർ വാഹനം, ഭാഗ്യക്കുറി എന്നീ നാലിനങ്ങളിൽ നിന്നാണ്. പാവപ്പെട്ടവരിൽനിന്നും പുറമ്പോക്കിൽ കിടക്കുന്നവരിൽനിന്നും ഇത്രമാത്രം പൊതുവിഭവങ്ങൾ സമാഹരിക്കുന്ന മറ്റൊരു ഇന്ത്യൻ സംസ്ഥാനമില്ല.

1970–71ൽ കേരളത്തിന്റെ തനതു വരുമാനത്തിൽ മദ്യത്തിന്റെയും ഭാഗ്യക്കുറിയുടെയും ഓഹരി 14.77 ശതമാനം മാത്രമായിരുന്നു. ഇന്നത് 36 ശതമാനത്തിനു മേലെയാണ്. ചാരായ നിരോധനത്തോടെ വിലകൂടിയ വിദേശ മദ്യത്തിനായി തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം മാറ്റിവയ്ക്കാൻ ഇക്കൂട്ടർ നിർബന്ധിതരായി. ഈ കോവിഡ് കാലത്തും ഓണം ബംപറിന്റെ 10 ലക്ഷം ടിക്കറ്റാണ് അധികമായി ചെലവായത്. എനിക്ക് വിവരാവകാശനിയമ പ്രകാരം ബവ്റജിസ് കോർപ‍റേഷനിൽനിന്നു ലഭിച്ച മറുപടി കാണിക്കുന്നത് 100 രൂപയ്ക്ക് കോർപറേഷൻ വാങ്ങുന്ന മദ്യം 1200 രൂപയ്ക്കാണ് വിൽക്കുന്നതെന്നാണ്.

സമൂഹത്തിലെ ഇത്തരം അസമത്വങ്ങളെ മറച്ചു വയ്ക്കാനാണ് കടം എടുക്കൽ പോലെയുള്ള വാദങ്ങൾ ഉയർത്തുന്നത്. നമ്മുടെ ഉൽപാദന മേഖലകളായ കൃഷി, മൃഗപരിപാലനം, മീൻ വളർത്തൽ, സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് സബ്സിഡിയും നികുതി ഇളവുകളും നൽകാൻ കേരളത്തിനു കഴിയുന്നില്ല. ചെറുപ്പക്കാർ മുഴുവൻ വിവിധ കോഴ്സുകളും പിഎസ്‍‌സി കോച്ചിങ്ങുമായി 30–35 വയസ്സുവരെയുള്ള ഏറ്റവും ഉൽപാദനക്ഷമായ വർഷങ്ങൾ പാഴാക്കുകയാണ്. സ്കൂളുകളും ആശുപത്രിയും മാത്രം തുടങ്ങിയാൽ മതിയെന്ന സമീപനവും തിരുത്തേണ്ടതുണ്ട്.

kerala-pension
കോട്ടയത്ത് പെൻഷൻ വാങ്ങാൻ എത്തിയവർ. ഫയൽ ചിത്രം

‘വേണ്ടത് പൊതുവിഭവ സമാഹരണം’

പൊതുവിഭവ സമാഹരണമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കുള്ള മാർഗമെന്ന് ഇനിയെങ്കിലും അംഗീകരിക്കാൻ സർക്കാർ തയാറാകണം. എല്ലാ സേവനവും സർക്കാർ സൗജന്യമായി നൽകുമെന്നും നികുതി നൽകേണ്ടതില്ലെന്നുമുള്ള തെറ്റായ മനോഭാവമാണ് തുടർച്ചയായ കടമെടുപ്പിലൂടെ സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശം. ഇങ്ങനെ നികുതി പിരിവിനെതിരായ മനോഭാവം വളർന്നാൽ ഭാവിയിൽ നികുതി പിരിവ് ഏറെക്കുറേ അസാധ്യമാകും. ഏതു വിധത്തിലുള്ള വിഭവ സമാഹരണ ശ്രമമുണ്ടായാലും അതിനെതിരായ എതിർപ്പു വളർന്നു വരും.

കടം എടുക്കുന്നതും നികുതി പിരിക്കുന്നതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. കടം എടുക്കുന്ന ഓരോ പണത്തിനും കൃത്യമായ കണക്കുണ്ട്. കൃത്യമായ പലിശയടക്കം അതു തിരികെ നൽകുകയും വേണം. എന്നാൽ നികുതി സമാഹരണം പുഴയിലെ മീനിനെ പോലെയാണ്. ഒഴുകി വരുമ്പോൾ അതു പിടിച്ചെടുത്തില്ലെങ്കിൽ പിന്നീടു പിടിക്കാൻ കഴിയില്ല. ഇന്നു പിരിക്കേണ്ട നികുതി ഇന്നു പിരിച്ചില്ലെങ്കിൽ നാളെ അതു കിട്ടാൻ പോകുന്നില്ല, പിരിച്ചെടുക്കാൻ കഴിയാതെ വരും.

കടമെടുക്കലിന്റെ ഗുണഭോക്താക്കൾ മധ്യവർഗവും സമ്പന്നരുമാണ്. കേരളത്തിൽ 1983-84 മുതൽ കടത്തിന്റെ ഒരു ഭാഗം ശമ്പളത്തിനും പെൻഷനും നീക്കി വയ്ക്കുകയാണ്. കടമെടുപ്പു കുടുംതോറും പലിശയുടെ ബാധ്യതയും കൂടും. കടവും പലിശയും ശമ്പളവും പെൻഷനും ഏറ്റുപോയ ചെലവുകളായിട്ടാണു പരിഗണിക്കപ്പെടുന്നത്. ഇവയ്ക്കു മാറ്റിവച്ചു കഴിഞ്ഞാൽ ഏറ്റുപോകാത്ത ചെലവുകൾക്കായി മാറ്റിവയ്ക്കാൻ വിഭവങ്ങൾ ഇല്ലാതാവുകയാണ്. ഇതുമൂലം തുടർച്ചയായി ദരിദ്രരായിക്കൊണ്ടിരിക്കുന്നത് താഴ്ന്ന വരുമാനക്കാരാണ്.

നമുക്ക് മാനുഫാക്ചറിങ് ഇൻഡസ്ട്രിയോ ശക്തമായ കാർഷിക മേഖലയോ ഇല്ല. കിഫ്ബിയുടെ പേരിൽ വായ്പ എടുക്കുന്നത് വൻതോതിൽ വരുമാനമുണ്ടാക്കാൻ ഇടയില്ല. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമീണ റോഡുകളുടെയും പാലങ്ങളുടെയും നിർമാണം, നവീകരണം എന്നിവ നികുതി പിരിച്ചും മിച്ചം പിടിച്ചും ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ ഈ ആവശ്യങ്ങൾക്കാണെന്നു പറയപ്പെടുന്ന വായ്പ നിത്യനിദാന ചെലവുകൾക്കു മാറ്റിവയ്ക്കുകയാണ്. ഇപ്പോൾ ഈ ആവശ്യങ്ങൾക്കു വേണ്ടി മാത്രമായി വലിയ പലിശയ്ക്ക് കിഫ്ബി വഴി വായ്പയെടുക്കുകയാണ്.

kochi-airport
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാഴ്‌ച.

നമ്മുടെ ജിഡിപി കാർഷിക– വ്യാവസായിക അടിത്തറയിൽ പണിതിട്ടുള്ളതല്ല. മുഖ്യമായും പ്രവാസികൾ അയയ്ക്കുന്ന പണത്തെ ആശ്രയിക്കുന്ന വ്യാപാര മേഖലയും നിർമാണ മേഖലയുമാണ് നമ്മുടെ ജിഡിപിയുടെ അടിത്തറ. പ്രവാസികൾ അയയ്ക്കുന്ന പണത്തിൽ കുറവു വരുന്നതോടുകൂടി ജിഡിപി യുടെ വളർച്ച മുരടിക്കും. കോവിഡ് വന്നതോടെ പ്രവാസികളുടെ തിരിച്ചുവരവു തുടങ്ങി. അതു വ്യാപാര മാന്ദ്യത്തിലേക്ക് എത്തിച്ചു. ജിഡിപിയിലും കുറവു വന്നു. ജിഡിപിയിലെ കുറവ് നമ്മുടെ വായ്പാ പരിധിയെ ബാധിച്ചു.

‘പ്രവാസത്തെപ്പറ്റി ചിന്ത മാറണം’

പ്രവാസത്തെ പുനർനിർവചിക്കേണ്ട സമയമായി. പണ്ടൊക്കെ ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമൊക്കെ പോകുന്നവർ അവിടെനിന്നു വരുമാനം എത്തിക്കുകയും നാട്ടിലേക്കു തിരികെ വരുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ അതു മാറി. യൂറോപ്പിലും ഓസ്ട്രേലിയയിലും കാനഡയിലേക്കുമൊക്കെ കുടിയേറുന്ന പുതിയ തലമുറ തിരികെ വരാൻ ഉദ്ദേശിക്കുന്നില്ല. സ്വാഭാവികമായി വരുമാനം അവിടെത്തന്നെ ചെലവഴിക്കും, അതുകൊണ്ട് പ്രവാസ വരുമാനത്തിൽ പ്രതീക്ഷയർപ്പിച്ചിട്ടു വലിയ കാര്യമില്ല. അതോടൊപ്പം തിരിച്ചറിയേണ്ടത് കേരളത്തിനു വയസ്സാവുന്നുവെന്നതാണ്. വൃദ്ധജനങ്ങളുടെ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണു കേരളം.

2025ഓടെ ജനസംഖ്യയിൽ 25 ശതമാനം 60 വയസ്സിനുമേൽ ഉള്ളവർ ആയിരിക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഇതിനർഥം കുടിയേറാൻ തയാറാകുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്നാണ്. അത് അധ്വാനശേഷിയിലും വരുമാനം കൊണ്ടുവരാനുള്ള കഴിവിലും വൻ കുറവു വരുത്തും. എന്നാൽ ആയുർ ദൈർഘ്യം കൂടിവരുന്നതിനാൽ വൃദ്ധജനങ്ങളെ പരിപാലിക്കാൻ സംസ്ഥാനം വരുംവർഷങ്ങളിൽ വലിയ ചെലവു ചെയ്യേണ്ടതായിട്ടുണ്ട്. ഇതൊക്കെ സാമ്പത്തിക വളർച്ചയ്ക്കു തിരിച്ചടിയുണ്ടാക്കും. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പോലെയുള്ള അസാധാരണ സാഹചര്യങ്ങൾ എന്നിവയും കേരളത്തിനു വെല്ലുവിളിയാകും. എന്നാൽ ഇതൊന്നും കണക്കിലെടുത്തുള്ള സാമ്പത്തിക നയങ്ങളോ ആസൂത്രണമോ അല്ല ഇവിടെ നടക്കുന്നത്.

Pinarayi-Vijayan-6
മുഖ്യമന്ത്രി പിണറായി വിജയൻ‌

‘സർക്കാർ കൂടെയുണ്ടെന്നത് തെറ്റായ സന്ദേശം’

കേരളത്തിന്റെ ധനകാര്യ സ്ഥിതിയെപ്പറ്റി അടിയന്തരമായി ഒരു ധവളപത്രം പുറപ്പെടുവിക്കണം. എത്രമാത്രം കടമുണ്ട്, എന്തൊക്കെയാണ് ബാധ്യത, കരാറുകാർക്കു നൽകാനുള്ള തുക എത്ര തുടങ്ങിയവ വ്യക്തമാക്കണം. കടം എടുക്കൽ എന്ന നയം ഇനി പ്രായോഗികമല്ല. നമ്മുടെ വിഭവശേഷി വർധിപ്പിക്കാനുള്ള ശ്രമമാണു വേണ്ടത്. അതിനു തടസ്സം ജനപ്രിയ രാഷ്ട്രീയമാണ്. ദരിദ്രനും സമ്പന്നനും ഒരു പോലെ കിറ്റു നൽകുക, ശമ്പളം, പെൻഷൻ എന്നിവ വർധിപ്പിക്കുക തുടങ്ങിയ തെറ്റായ നയങ്ങൾ മാറ്റണം.

കാർഷിക–വ്യാവസായിക മേഖലകൾക്കു വേണ്ട പ്രോത്സാഹനം നൽകി സംസ്ഥാനത്തിന്റെ വിഭവ അടിത്തറ ശക്തമാക്കണം.. ഉദാഹരണമായി കേരളത്തിലേക്ക് ഇറക്കുമതിചെയ്യപ്പെടുന്ന ഉപഭോഗവസ്തുക്കളിൽ മൂന്നിൽ ഒന്നെങ്കിലും കേരളത്തിൽ ഉൽപാദിപ്പിക്കണമെന്ന ലക്ഷ്യം വയ്ക്കാം. ഇന്നു കേരളത്തിൽനിന്നു കയറ്റുമതി ചെയ്യുന്ന റബർ, നാളികേരം, സുഗന്ധദ്രവ്യങ്ങൾ സമുദ്രോൽപന്നങ്ങൾ എന്നിവ മൂല്യ വർധിത ഉൽപന്നങ്ങളായി മാറ്റാനുള്ള വ്യവസായ ശൃംഖലയാണ് കേരളം ലക്ഷ്യം വയ്ക്കേണ്ടത്.

അതിനു പകരം യുവാക്കളെയെല്ലാം വിദ്യാഭ്യാസം നൽകി വിദേശ രാജ്യങ്ങളിൽ ഉള്ളിക്കൃഷിപോലെയുള്ള മേഖലകളിലേക്കു തള്ളിവിടുന്ന ഇന്നത്തെ പ്രവണത അവസാനിപ്പിക്കണം. അവർക്ക് ആത്മവിശ്വാസം നൽകി ഇവിടെ ഉറപ്പിച്ചു നിർത്തണം. സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ ചെറുപ്പക്കാലത്തു പരിശീലനവും സബ്സിഡികളും നികുതി ഇളവുകളും നൽകണം. അവർ ഉൽപാദിപ്പിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ സർക്കാർ നേരിട്ടു വാങ്ങി വിപണനം ചെയ്യണം.

ആഴ്ചയിലൊരിക്കൽ സർക്കാർ ഉദ്യോഗസ്ഥന്മാർ ഖാദി ധരിക്കണമെന്ന ഒരു വ്യവസ്ഥയുണ്ടായിരുന്നു. എന്തുകൊണ്ട് കേരളത്തിൽ ഉൽപാദിപ്പിച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വാങ്ങാൻ സർക്കാർ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു കൂടാ? ശമ്പളത്തിന്റെയും പെൻഷന്റെയും 25% കേരളത്തിൽ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾക്കായി ചെലവഴിക്കണമെന്ന ഒരു നിബന്ധന വച്ചാൽ വ്യവസായങ്ങൾ വളരുകയും സർക്കാരിനു നികുതി വരുമാനം വർധിക്കുകയും ചെയ്യും.

ഇവിടെ അവസരങ്ങളുണ്ട് എന്നതിനു തെളിവാണ് 30 ലക്ഷം പേർ അയൽ സംസ്ഥാനങ്ങളിൽനിന്ന് ഇവിടെ തൊഴിൽ തേടി എത്തുന്നത്. തെങ്ങ് കയറ്റം, ഡയറിയിങ്, താറാവു വളർത്തൽ എന്നിവയിൽ ആധുനിക സാങ്കേതികവിദ്യകളുണ്ട്. അതു പ്രയോജനപ്പെടുത്താനാകണം. പ്രവാസമാണ് ഇനി പരിഹാരമെന്ന വാദവുമായി ഇനി മുന്നോട്ടുപോകാനാവില്ല. ആളുകളെ സ്വന്തം കാലിൽ നിർത്തുന്നതിനു പകരം സർക്കാർ കൂടെയുണ്ട് എന്ന ഒരു മായിക ലോകം സൃഷ്ടിക്കുകയാണ്.

സാർവത്രിക പെൻഷൻ നടപ്പിലാക്കണം

നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ മാറ്റിവച്ച ശമ്പളം ആണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും വാദം. ഇത് തെറ്റായ വ്യാഖ്യാനമാണ്. പെൻഷൻ എന്നത് ശമ്പളത്തിൽനിന്ന് പിടിച്ച് കൊടുക്കേണ്ടതാണെന്നാണ് അതിന്റെ അർഥം. പക്ഷേ, കേരളമടക്കം ഇന്ത്യയിൽ ഒരിടത്തും ശമ്പളത്തിൽനിന്നു പിടിച്ചല്ല പെൻഷൻ കൊടുക്കുന്നത്. ഇവിടെ അങ്ങനെ ഒരു രൂപ പോലും ശമ്പളത്തിൽനിന്നു മാറ്റി വയ്ക്കുന്നില്ല. 30 വർഷം ശമ്പളം വാങ്ങിയവർക്കു പകുതി ശമ്പളവും ക്ഷാമബത്തയും കാലാകാലങ്ങളിലുള്ള ശമ്പള പരിഷ്കരണവും മുപ്പതും നാൽപതും വർഷം കൂടി നൽകുന്ന ഇന്നത്തെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം യഥാർഥത്തിൽ ഒരു ശമ്പളം കൊടുക്കലാണ്, പെൻഷൻ കൊടുക്കലല്ല.

pension-kerala
കോട്ടയത്ത് പെൻഷൻ വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുന്ന വയോധിക. ഫയൽ ചിത്രം

അധാർമികവും യാതൊരുവിധ സാമ്പത്തിക ശാസ്ത്ര അടിത്തറയുമില്ലാത്ത ഈ വ്യവസ്ഥ സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തിലേക്കു പൊതുവിഭവങ്ങൾ എക്കാലവും ഒഴുകുന്ന സ്ഥിതിയാക്കി മാറിയിരിക്കുകയാണ്. കേരളത്തിലെ വർധിച്ചുവരുന്ന പ്രാദേശികവും സാമുദായികവുമായ അസമത്വത്തിന്റെ മുഖ്യകാരണം സ്റ്റാറ്റ്യൂട്ടറി പെൻഷനാണ്. ഇത് സമൂലം അഴിച്ചു പണിയണം. പെൻഷൻ എന്നത് മാന്യമായി ജീവിച്ചു മരിക്കാനുള്ള സമൂഹത്തിന്റെ സംഭാവനയാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ സാർവത്രിക പെൻഷൻ ഏർപ്പെടുത്തണം. സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത വയോജനങ്ങൾക്ക് കേരള സമൂഹത്തിൽ ഒരു തരത്തിലുള്ള സാമൂഹിക സുരക്ഷിതത്വവും ഇപ്പോൾ ഇല്ല. വലിയ ഒരു അസമത്വം ഇതിലൂടെ രൂപപ്പെടുകയാണ്.എല്ലാവർക്കും പെൻഷൻ എന്ന വാദം ശക്തമായി ഉയർത്താൻ ഇവിടത്തെ രാഷ്ട്രീയ നേതൃത്വം തയാറാകണം

‘വർധിച്ചു വരുന്ന അസമത്വം’

നമ്മുടെ ട്രഷറികളിൽനിന്നു വിതരണം ചെയ്യുന്ന ശമ്പളത്തിന്റെയും പെൻഷന്റെയും സ്ഥിതിവിവരക്കണക്കുകളെക്കുറിച്ച് ഞാൻ ഒരു പഠനം നടത്തിയിരുന്നു. 2006–07 മുതൽ 2015–16 വരെയുള്ള 10 വർഷത്തെ കണക്കുകൾ എന്ന അദ്ഭുതപ്പെടുത്തി. മലബാർ ഭാഗത്തു പോകുന്ന ശമ്പളവും പെൻഷനും മൊത്തം ശമ്പളത്തിന്റെയും പെൻഷന്റെയും 25.22 ശതമാനം മാത്രമാണ്. 74.78 ശതമാനവും പോകുന്നത് തിരുക്കൊച്ചി ഭാഗത്താണ്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുക്കൊച്ചി മേഖലയിൽ കൂടുതലാണ് എന്നതാണ് ഇതിനു കാരണം.

dr-jose-sebastian
ഡോ. ജോസ് സെബാസ്റ്റ്യൻ

പുതിയ ശമ്പള പരിഷ്കരണം വന്നതോടെ ഈ അകലം വർധിക്കാനേ സാധ്യതയുള്ളൂ. ഇതിനെക്കുറിച്ചുള്ള കാര്യമായ ചർച്ചകൾ നടക്കുന്നില്ല. പൊതു വിഭവങ്ങളിലുള്ള അസന്തുലിത വിതരണമാണ് കേരളത്തിൽ കുറ്റകൃത്യങ്ങളും ആത്മഹത്യകളും പെരുകുന്നതിനു കാരണം. അതൊക്കെ തിരുത്തുന്നതിനുള്ള വ്യാപകമായ ചർച്ചകൾ കേരള സമൂഹത്തിൽ ഉയർന്നു വരണം.

English Summary: Kerala's Financial Management needs Drastic Changes, Feels Economic Expert Dr Jose Sebastian

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA