സ്ത്രീകൾക്ക് മാസംതോറും 5,000 രൂപ; ഗോവയിൽ വൻ വാഗ്ദാനവുമായി തൃണമൂൽ
Mail This Article
പനജി ∙ 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് വൻ വാഗ്ദാനവുമായി തൃണമൂൽ കോൺഗ്രസ്. ഗൃഹലക്ഷ്മി പദ്ധതിയുടെ കീഴിൽ മാസംതോറം സ്ത്രീകൾക്ക് 5,000 രൂപ ധനസഹായം നൽകുമെന്ന് ഗോവയുടെ തിരഞ്ഞടുപ്പ് ചുമതലയുള്ള തൃണമൂൽ എംപി മഹുവ മൊയ്ത്ര പറഞ്ഞു. എല്ലാ വീട്ടിലെയും ഗൃഹനാഥയായ സ്ത്രീക്കായിരിക്കും പണം ലഭിക്കുക.
3.51 ലക്ഷം വീടുകൾക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭ്യമാകും. പണം നേരിട്ട് അക്കൗണ്ടിൽ എത്തുന്ന രീതിയാണെന്നും മഹുവ അറിയിച്ചു. സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പുതിയ പ്രഖ്യാപനം ബിജെപിയുടെ നിലവിലുള്ള ഗൃഹ ആധാർ പദ്ധതിക്കു ബദലാണ്. അവശ്യ സാധനങ്ങൾക്കു വില ഉയരുന്ന സാഹചര്യത്തിൽ നിലവിലെ പദ്ധതി അപര്യാപ്തമാണ്. ബംഗാളിൽ ഇതിനകം നടപ്പാക്കിയ പദ്ധതിയാണ് ഇതെന്നും അവർ പറഞ്ഞു.
ലക്ഷ്മി ബന്ധർ എന്ന പേരിൽ മുഖ്യമന്ത്രി മമത ബാനർജി ആവിഷ്കരിച്ച പദ്ധതിക്ക് 1.6 കോടി ഗുണഭോക്താക്കളാണുള്ളത്. 15,000 കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. ബിജെപിക്കും കോൺഗ്രസിനുമെതിരെ തൃണമൂൽ ശക്തമായ തന്ത്രങ്ങളാണ് ഗോവയിൽ ആവിഷ്കരിക്കുന്നത്.
English Summary :Goa: TMC promises Rs 5,000 to every woman family head ahead of 2022 assembly polls