ADVERTISEMENT

ന്യൂഡല്‍ഹി∙ വിവാദ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ലെന്നും, വിദേശത്ത് പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായ തകര്‍ക്കണമെന്നില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. 'പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. എന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ കര്‍ഷകരുടെ സമ്മതമില്ലാതെയാകരുത്. ഞങ്ങള്‍ സത്യസന്ധമായാണു കൃഷി ചെയ്യുന്നത്. പക്ഷേ ഡല്‍ഹിയിലുള്ളവര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല' - ടികായത്ത് ട്വീറ്റ് ചെയ്തു.

നിയമങ്ങള്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ടികായത്ത് പറഞ്ഞു. റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കിയേക്കുമെന്നു സൂചന നല്‍കുന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവന കര്‍ഷകരെ വഞ്ചിക്കുന്നതും പ്രധാനമന്ത്രിയെ അവഹേളിക്കുന്നതുമാണെന്ന് ടികായത്ത് കുറ്റപ്പെടുത്തി. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിനു നിരാശയില്ലെന്ന് നരേന്ദ്ര സിങ് തോമര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒരു ചുവട് പിന്നോട്ടു വച്ചെന്നു മാത്രം. കര്‍ഷകര്‍ ഇന്ത്യയുടെ നട്ടെല്ലായതിനാല്‍ വീണ്ടും മുന്നോട്ടു ചുവടുവയ്ക്കുമെന്നും നാഗ്പുരില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും കൃഷിനിയമങ്ങള്‍ വീണ്ടും നടപ്പാക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പിന്നീടു വിശദീകരിച്ചു. അതിശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നുവെന്ന് നവംബര്‍ 19ന് ആണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിച്ചിരുന്ന കര്‍ഷകര്‍ സമരം മതിയാക്കി വീടുകളിലേക്കു മടങ്ങുകയും ചെയ്തു.

English Summary: Don't Want PM To Apologise, Tarnish His Reputation Abroad: Farmer Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com