ADVERTISEMENT

ന്യൂഡൽഹി∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉത്തർപ്രദേശിൽ ഏഴു ഘട്ടമായും മണിപ്പുരിൽ രണ്ടു ഘട്ടമായും പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവടങ്ങളിൽ ഒറ്റഘട്ടവുമായാണ് തിരഞ്ഞെടുപ്പ്.

പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14നും ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 20, 23 ,27, മാർച്ച് 03, 07 തീയതികളിലും മണിപ്പുരിൽ ഫെബ്രുവരി 27, മാർച്ച് 03 തീയതികളിലും വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലും മാർച്ച് 10നാണ് വോട്ടെണ്ണൽ.

തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ

ഒന്നാം ഘട്ടം: ഫെബ്രുവരി 10– ഉത്തർപ്രദേശ്
രണ്ടാം ഘട്ടം: ഫെബ്രുവരി 14– ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ
മൂന്നാം ഘട്ടം: ഫെബ്രുവരി 20– ഉത്തർപ്രദേശ്
നാലാം ഘട്ടം: ഫെബ്രുവരി 23– ഉത്തർപ്രദേശ്
അഞ്ചാം ഘട്ടം: ഫെബ്രുവരി 27– മണിപ്പുർ, ഉത്തർപ്രദേശ്
ആറാം ഘട്ടം: മാർച്ച് 3– മണിപ്പുർ, ഉത്തർപ്രദേശ്
ഏഴാം ഘട്ടം: മാർച്ച് 7– ഉത്തർപ്രദേശ്

കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ഒമിക്രോൺ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയ്ക്ക് പ്രധാന പരിഗണന നൽകുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പിനു വിപുലമായ കോവിഡ് മാർഗരേഖ നൽകും.

സ്ഥാനാർഥികൾക്ക് ഓണ്‍ലൈൻ ആയി പത്രിക നൽകാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് രണ്ടു ഡോസ് വാക്സീൻ നിർബന്ധമാണ്. പോളിങ് ഉദ്യോഗസ്ഥർക്ക് കരുതൽ ഡോസ് കൂടി നൽകും. പോളിങ് സമയം ഒരുമണിക്കൂർ ദീർഘിപ്പിക്കും. ജനുവരി 15 വരെ റോഡ് ഷോകളോ പദയാത്രകളോ റാലികളോ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണം പരമാവധി ഡിജിറ്റലായി നടത്തണം. ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല.

ആകെ 690 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. 8.55 കോടി വനിതകളക്കം ആകെ 18.34 കോടി വോട്ടർമാരാണുള്ളത്. 24.9 ലക്ഷം കന്നി വോട്ടർമാരിൽ 11.4 ലക്ഷം സ്ത്രീ വോട്ടർമാരാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനത്തോളം വർ‌ധിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ആകെ 2,15,368 പോളിങ് സ്റ്റേഷനുകളാണുള്ളത്. അധികം 30,330 ബൂത്തുകൾ. ഒരു പോളിങ് സ്റ്റേഷനിൽ 1,250 വോട്ടർമാരെ മാത്രമേ അനുവദിക്കൂ. 1,620 പോളിങ് സ്റ്റേഷനുകളിൽ വനിതാ ജീവനക്കാരെ മാത്രം നിയമിക്കും. 50 ശതമാനം പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ് ഉറപ്പാക്കും.

പ്രായമായവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസ്സിനു മുകളിൽ പ്രായമുള്ളളവർക്ക് പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതർക്കും പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കാം. നിശ്ചിത പരിധിക്കു മുകളിൽ ശാരീരിക അവശതയുള്ളവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കും.

അതേസമയം, തിരഞ്ഞെടുപ്പു ചെലവ് പരിധി തിരഞ്ഞെടുപ്പു കമ്മിഷൻ ഉയർത്തി. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപവരെ ചെലവഴിക്കാം. എന്നാൽ, ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പ് ചെലവ് പരിധി 28 ലക്ഷമായി തുടരും. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പാർട്ടികൾ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. സ്ഥാനാർഥിയെ തിരഞ്ഞെടുത്തതിന്റെ കാരണവും പാർട്ടികൾ വ്യക്തമാക്കണം.

മാർച്ച്, മേയ് മാസങ്ങളിലായി ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. പഞ്ചാബ് ഒഴികെ നാലു സംസ്ഥാനങ്ങളിലും ബിജെപി ഭരണമാണ്. കോവിഡ്, കർഷകസമരം, പഞ്ചാബിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുടെ മാറ്റം തുടങ്ങിയ ഒട്ടേറെ സംഭവവികാസങ്ങൾക്കിടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

ഒമിക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ നടപടികളുമായി മുന്നോട്ടു പോകാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. ആരോഗ്യമന്ത്രാലയവുമായി ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തിയിരുന്നു.

English Summary: Elections in Uttar Pradesh, Goa, Manipur, Punjab, and Uttarakhand From Feb 10, Results On March 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com