ചെര്‍ണോബിലിൽ വൈദ്യുതിയില്ല; ആണവ വികിരണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
Mail This Article
കീവ്∙ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ചെര്‍ണോബില്‍ ആണവകേന്ദ്രത്തില്‍നിന്ന് റേഡിയോ ആക്റ്റീവ് വികിരണത്തിന് സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ആണവകേന്ദ്രത്തിലേക്കുള്ള വൈദ്യുതി വിഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് യുക്രെയ്ന്‍ മുന്നറിയിപ്പ് നല്‍കിയത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുക്രെയ്ന്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച ഉച്ചയോടെയാണ് ചെര്‍ണോബില്‍ ആണവകേന്ദ്രത്തിലെ വൈദ്യുതി ബന്ധം നിലച്ചത്. ഇതോടെ നിലയത്തില്‍ ശേഖരിച്ചിട്ടുള്ള ആണവ ഇന്ധനം തണുപ്പിക്കാനാകുന്നില്ലെന്നും ഇത് റേഡിയോ ആക്റ്റീവ് വികിരണത്തിനു കാരണമാകുമെന്നും യുക്രെയ്ന്‍ ആണവോര്‍ജ കമ്പനിയായ എനര്‍ജോ ആറ്റം അറിയിച്ചു. റഷ്യന്‍ സൈന്യമാണു വൈദ്യുതി വിഛേദിച്ചതെന്നു യുക്രെയ്ന്‍ ആരോപിച്ചു. ആണവ നിലയത്തില്‍നിന്നുള്ള ഡേറ്റ ലഭ്യമാകുന്നില്ലെന്നും വികിരണത്തോതു വിലയിരുത്താന്‍ സാധിക്കുന്നില്ലെന്നും രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയും അറിയിച്ചു.
ചെര്‍ണോബില്‍, സപോര്‍ഷ്യ ആണവ കേന്ദ്രങ്ങളടെ പൂർണ നിയന്ത്രണം റഷ്യന്‍ സേനയുടെ കയ്യിലാണെന്നും ഇവിടെനിന്നുള്ള വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും യുക്രെയ്ന്‍ ഊര്‍ജമന്ത്രി വ്യക്തമാക്കി. അതിനിടെ, യുക്രെയ്നില്‍ നിലവിലുള്ള സര്‍ക്കാരിനെ പുറത്താക്കുകയല്ല ലക്ഷ്യമെന്നു റഷ്യ നിലപാടെടുത്തു. യുക്രെയ്നിന്‍റെ നിഷ്പക്ഷ നിലപാട് ഉറപ്പാക്കുകയാണു ലക്ഷ്യം. മൂന്നാംവട്ട ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. നാറ്റോയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
English Summary: Ukraine calls for ceasefire to restore power at Chernobyl