‘കോമ്രേഡ് ബാല’ ലണ്ടനിൽ ജയിലിൽ മരിച്ചു; മകളെയടക്കം അടിമയാക്കി പീഡിപ്പിച്ച മലയാളി
Mail This Article
ലണ്ടൻ∙ മകളെയടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി വർഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസിലെ കുറ്റവാളിയായ മലയാളി അരവിന്ദൻ ബാലകൃഷ്ണൻ (81) ലണ്ടനിൽ ജയിലിൽ മരിച്ചു. മാവോയിസ്റ്റ് നേതാവായിരുന്ന ഇയാൾ ‘കോമ്രേഡ് ബാല’ എന്നാണു സ്വയം വിശേഷിപ്പിച്ചിരുന്നതും അനുയായികളെക്കൊണ്ടു വിളിപ്പിച്ചിരുന്നതും. 2016ൽ കുറ്റം തെളിഞ്ഞതിനെ തുടർന്നു ബ്രിട്ടിഷ് കോടതി 23 വർഷം തടവുശിക്ഷയ്ക്കു വിധിച്ച അരവിന്ദൻ, ഡാർട്ട്മുർ ജയിലിലായിരുന്നു.
തനിക്ക് അതീന്ദ്രിയ ശക്തിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ അനുയായികളെ കൂടെ കൂട്ടിയിരുന്നത്. കേരളത്തിൽ ജനിച്ച അരവിന്ദൻ, പിതാവിനോടൊപ്പം സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു. അവിടെ ബിരുദ പഠനത്തിനുശേഷം 1963ൽ ബ്രിട്ടനിലേക്ക് കുടിയേറി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് മറ്റൊരു ബിരുദവും നേടി. സൗത്ത് ലണ്ടനിലായിരുന്നു താമസം. ‘റവല്യൂഷനറി സോഷ്യലിസ്റ്റ്’ ആണെന്നു പറഞ്ഞാണ് ഇയാൾ യുകെ രാഷ്ട്രീയത്തിലും പൊതുപ്രശ്നങ്ങളിലും സജീവമായത്.
ലണ്ടനിലെ ‘ഫാഷിസ്റ്റ് സർക്കാരിനെ’ അട്ടിമറിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇവിടെ ‘വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്‌സിസം–ലെനിനിസം– മാവോ സെദുങ് തോട്ട്’ എന്ന പേരിൽ രഹസ്യ മാവോയിസ്റ്റ് കമ്യൂൺ രൂപീകരിച്ചു. പൊതുപ്രസംഗങ്ങൾ നടത്തി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ കമ്യൂണിലേക്ക് ആകർഷിച്ചു. മലേഷ്യൻ നഴ്സുമാരെ ആണു തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി കൂടുതലായും റിക്രൂട്ട് ചെയ്തത്. തനിക്കും മാവോയ്ക്കും മാത്രമെ ആഗോള ഏകാധിപത്യ വ്യവസ്ഥ സൃഷ്ടിച്ചു ലോകത്തെ രക്ഷിക്കാനാകൂവെന്ന് ഇയാൾ അനുയായികളെ വിശ്വസിപ്പിച്ചു.
കാലക്രമേണ അരവിന്ദൻ ബാലകൃഷ്ണൻ കൂടുതൽ തീവ്രാശയങ്ങൾ സ്വീകരിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധരടക്കമുള്ളവരുടെ മരണത്തിൽ ആനന്ദിക്കാൻ അനുയായികളോട് ആഹ്വാനം ചെയ്തു. ഒപ്പം അടിമകളായ അനുയായികളെ പീഡിപ്പിക്കുന്നതും വർധിച്ചു. തന്നെ ധിക്കരിച്ചാൽ കടുത്ത ശിക്ഷ കിട്ടുമെന്നു ധരിപ്പിച്ചാണു സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധിപ്പേരെ ഇയാൾ അടിമകളാക്കി പീഡിപ്പിച്ചത്. 2013ൽ തടവിൽനിന്നു രക്ഷപ്പെട്ട മകൾ കാത്തി മോർഗൻ–ഡേവിസ് ആണ് അരവിന്ദന്റെ കൊടുംക്രൂരതകൾ കൂടുതലായി പുറംലോകത്തോടു വെളിപ്പെടുത്തിയത്.
സൗത്ത് ലണ്ടനിലെ വീട്ടിൽ മൂന്നു പതിറ്റാണ്ടോളം ഇയാൾ വനിതാ അനുയായികളെ തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തു. മകളെ 30 വർഷത്തോളം തടവിലാക്കി പീഡിപ്പിച്ചതുൾപ്പെടെയുള്ള കേസുകളിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെയാണു കോടതി തടവുശിക്ഷ വിധിച്ചത്. ബലാത്സംഗം, സ്ത്രീകളെ ആക്രമിക്കൽ, അന്യായമായി തടവിലാക്കൽ, ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ജാക്കി എന്ന റോബട്ട് വഴി എല്ലാവരുടെയും മനസ്സ് വായിക്കാൻ കഴിയുമെന്നു തടവുകാരെ ഇയാൾ ഭയപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.
ഒട്ടും മനുഷ്യത്വമില്ലാത്തയാളാണ് അരവിന്ദൻ എന്നാണു മകളുടെ പ്രതികരണം. ‘ഭയാനകമായിരുന്നു ആ നാളുകൾ, വളരെ മനുഷ്യത്വവിരുദ്ധവും മോശപ്പെട്ടതും. ചിറകുകൾ മുറിച്ചു കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയെപ്പോലെയാണ് എനിക്കു തോന്നിയത്. അയാൾ ആത്മരതിക്കാരനും വിചിത്രങ്ങളായ ചിന്തയും പ്രവൃത്തിയുമുള്ള മനോരോഗിയുമാണ്. വീട്ടിൽ സ്റ്റാലിൻ, മാവോ, പോൾപോട്ട് തുടങ്ങിയവരെ വിമർശിക്കാൻ ആരെയും അനുവദിച്ചില്ല. അവരാണ് അയാളുടെ ദൈവങ്ങളും നായകരും. നഴ്സറിപ്പാട്ടു പാടാനോ സ്കൂളിൽ പോകാനോ കൂട്ടുകൂടാനോ സമ്മതിച്ചില്ല. ക്രൂരമായി മർദിക്കുക പതിവായിരുന്നു.’– കാത്തിയുടെ വാക്കുകൾ.
English Summary: Cult leader Aravindan Balakrishnan who raped women for 30 years dies in jail at age 81