ADVERTISEMENT

ചണ്ഡിഗഡ്∙ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസ് നേതൃത്വം ശക്തമായ നടപടിയിലേക്കു നീങ്ങുന്നുവെന്ന സൂചനകൾക്കിടെ, പഞ്ചാബ് മുഖ്യമന്ത്രിയും ആം ‌ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാനുമായി കൂടിക്കാഴ്ച പ്രഖ്യാപിച്ച് പഞ്ചാബ് പിസിസി മുൻ പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു. പഞ്ചാബിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് ചർച്ചയെന്നും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ പുനരുദ്ധാരണം സാധ്യമാകൂവെന്നും സിദ്ദു ട്വീറ്റ് ചെയ്‌തു. ചണ്ഡിഗഡിൽ ഇന്നു വൈകുന്നേരം 5.15 നാണ് കൂടിക്കാഴ്ച. മുൻപ് ഭഗവന്ത് മാനിനെ റബർ പാവയെന്ന് ആക്ഷേപിക്കുകയും ഡൽഹിയിലെ എഎപി നേതൃത്വമാണ് പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും വിമർശനം ഉന്നയിച്ചിരുന്ന സിദ്ദു, കഴിഞ്ഞ ദിവസം ഭഗവന്തിനെ ‘ഇളയ സഹോദരൻ’എന്നു വിളിച്ചത് ചുവടുമാറ്റമായ‌ാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നത്.

സിദ്ദുവിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി ഹരീഷ് ചൗധരി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെ എതിർചേരികളുമായി സൗഹൃദം സൂക്ഷിക്കാൻ സിദ്ദു ശ്രമിക്കുന്നതായി ആരോപണം ഉയർന്നു. പാർട്ടിയേക്കാൾ വലിയ നേതാവായി സ്വയം ചിത്രീകരിക്കാൻ സിദ്ദു ശ്രമിക്കുകയാണെന്നും വിലക്ക് ലംഘിച്ച് മുൻ കോൺഗ്രസ് സർക്കാരിനെ സിദ്ദു നിരന്തരം വിമർശിച്ചുവെന്നും ഹരീഷ് ചൗധരി ആരോപിക്കുന്നു.

കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ‌ പ്രശാന്ത് കിഷോറുമായി സിദ്ദു ചർച്ച നടത്തിയിരുന്നു. സിദ്ദുവിന്റെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പിസിസി പ്രസിഡന്റ് അമരിന്ദർ സിങ് ബ്രാർ റിപ്പോർട്ട് നൽകിയിരുന്നു. പിസിസി പ്രസിഡന്റായി അമരിന്ദർ സ്ഥാനമേറ്റ ചടങ്ങിൽ മുഖം കാണിച്ചശേഷം സിദ്ദു സ്ഥലം വിട്ടതും വിമർശനത്തിനു കാരണമായി. കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായുള്ള കൂടിക്കാഴ്‍ചയെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണം മാഫിയ രാജാണെന്നും മാഫിയ രാജിനെ പിഴുതെറിയാൻ എഎപി മുന്നോട്ടു വന്നാൽ പിന്തുണയ്ക്കുമെന്നും സിദ്ദു പറഞ്ഞതിനു പിന്നാലെയാണ് എഎപി നേതാവുമായുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയം.

1248-channi-rahul-sidhu
ചരൺജിത് സിങ് ഛന്നി, രാഹുൽ ഗാന്ധി, നവജ്യോത് സിങ് സിദ്ദു (Photo by Narinder NANU / AFP)

പിസിസി അധ്യക്ഷനായിരുന്ന നവ്ജ്യോത് സിങ് സിദ്ദുവിന്റെ മുഖ്യമന്ത്രി സ്വപ്നമാണു പഞ്ചാബ് കോൺഗ്രസിലെ പൊട്ടിത്തെറികൾക്കും തിരഞ്ഞെടുപ്പു പരാജയത്തിനും കാരണമായതെന്നു പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന അമരിന്ദർ സിങ്ങിനെതിരെ പട നയിച്ച സിദ്ദു, പിൻഗാമി ചരൺജിത് സിങ് ഛന്നിക്കെതിരെയും രംഗത്തിറങ്ങിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സിദ്ദുവിനെതിരെയുള്ള നടപടി കോൺഗ്രസ് അച്ചടക്ക സമിതിയുടെ മുൻപിലുള്ള നിർണായക സാഹചര്യത്തിൽ ഭഗവന്ത് മാനുമായി കൂടിക്കാഴ്ചയെ കോൺഗ്രസ് ഹൈക്കമാൻഡ് ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

English Summary: Navjot Singh Sidhu to meet CM Bhagwant Mann today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com