ADVERTISEMENT

കൊച്ചി∙ സ്വപ്ന സുരേഷ് വിളിച്ചിട്ടാണ് കഴിഞ്ഞ ദിവസം താൻ പാലക്കാട് അവർ താമസിക്കുന്ന സ്ഥലത്തു പോയതെന്നു ഷാജ് കിരൺ. സരിത്തിനെ ആരോ തട്ടിക്കൊണ്ടു പോയി ഇവിടെ വരാമോ എന്നു പറഞ്ഞാണ് വിളിച്ചത്. അവിടെ ചെന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. വൈകിട്ട് ആറു വരെ അവർക്കൊപ്പമുണ്ടായിരുന്നു.

തനിക്കെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് സ്വപ്നയാണെന്നു കരുതുന്നില്ല. സ്വപ്നയിൽ നിന്നു തന്നെ അകറ്റാൻ ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട്. 55–60 ദിവസമായി സ്വപ്നയുമായി അടുപ്പവും സൗഹൃദവുമുണ്ട്. അവരുമായി താൻ അടുക്കുന്നതിൽ താൽപര്യമില്ലാത്ത ആരോ ആണ് സത്യവാങ്മൂലത്തിനു പിന്നിലെന്നാണ് കരുതുന്നത്. അല്ലെങ്കിൽ താൻ അവരെ ഭീഷണിപ്പെടുത്തി എന്നത് അവരുടെ വായിൽ നിന്നു കേൾക്കണമെന്നും ഷാജ് കിരൺ പറഞ്ഞു. 

മാധ്യമപ്രവർത്തകനായിരുന്ന ഷാജ് കിരൺ മുഖ്യമന്ത്രിയുമായും കോടിയേരിയുമായും അടുപ്പമുള്ള ആളാണെന്നും അവർക്ക് ഇടനിലയ്ക്കായി കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി എന്നുമാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം. അതേസമയം ഇപ്പോൾ ചെയ്യുന്നതിന്റെ അനന്തരഫലം ഗൗരവമുള്ളതായിരിക്കുമെന്ന് ഒരു സുഹൃത്തെന്ന നിലയിൽ അവരെ ഉപദേശിച്ചിരുന്നതായി ഷാജ് സമ്മതിക്കുന്നുണ്ട്. ഭീഷണിപ്പടുത്തിയിട്ടില്ലെന്നും 2014ലാണ് താൻ അവസാനമായി മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളതെന്നും അല്ലാതെ യാതൊരു ബന്ധവുമില്ലെന്നും ഷാജ് മാധ്യമങ്ങളോടു പ്രതികരിച്ചു. 

ഇന്നലെ അവർ പറഞ്ഞതനുസരിച്ചു വൈകുന്നേരം വരെ പാലക്കാട്ടുണ്ടായിരുന്നു. അപ്പോഴൊന്നും സ്റ്റേറ്റ്മെന്റ് കൊടുക്കുന്നുണ്ടെന്നു പറഞ്ഞില്ല. സ്വപ്ന കോടതിയിൽ 164 സ്റ്റേറ്റ്മെന്റ് കൊടുത്ത ദിവസം രാവിലെയും കൊടുത്ത ശേഷവും സംസാരിച്ചിരുന്നു. സ്വപ്നയുമായി എല്ലായ്പോഴും സ്വകാര്യമായ കാര്യങ്ങളാണ് സംസാരിച്ചിരുന്നത്. സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങൾ ശരിയാണോ എന്ന് ഒരിക്കൽ പോലും അവരോടു ചോദിച്ചിട്ടില്ല. അതിൽ ഉൾപ്പെടാൻ താൽപര്യമില്ലാതിരുന്നതിനാലാണ് ചോദിക്കാതിരുന്നത്. സ്വപ്നയുമായുള്ള സൗഹ‌‌ൃദം ഭാര്യയ്ക്കും പിതാവിനും അറിയാം. 

താൻ ഫെബ്രുവരിയിൽ ആകെ ഒരു തവണയാണ് വിദേശത്തു പോയത്. അതു സ്വപ്നയെ പരിചയപ്പെടുന്നതിനുമുമ്പ് ഭാര്യയുമായാണു പോയത്. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ മധ്യസ്ഥ ചർച്ചയ്ക്കു വിളിച്ചപ്പോൾ ഗസ്റ്റ്ഹൗസിൽ വച്ചാണ് മുഖ്യമന്ത്രിയെ അവസാനം കണ്ടത്. അല്ലാതെ യാതൊരു ബന്ധവുമില്ല. ശിവശങ്കറിനെ ടിവിയിലല്ലാതെ കണ്ടിട്ടില്ല. സിപിഎമ്മിന്റെ നേതാക്കളെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിളിച്ചിട്ടുണ്ടോ എന്നു ഫോണിൽ ആർക്കു വേണമെങ്കിലും പരിശോധിക്കാം. 

സ്വപ്നയുടെ തിരുവനന്തപുരത്തുള്ള ഭൂമിയുടെ കച്ചവടവുമായി ബന്ധപ്പെട്ടാണ് പരിചയപ്പെടുന്നത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലല്ല. ഇവരുടെ പക്കൽ പണം ഇല്ലാത്തതിനാൽ കുറഞ്ഞ വിലയ്ക്കായാലും വിൽക്കാൻ തയാറാണെന്നു പറഞ്ഞു. എന്നാൽ അല്ലാതെ പണം സംഘടിപ്പിക്കാമെന്നും ഭൂമി ഇപ്പോൾ വിറ്റാൽ വില കിട്ടില്ലെന്നും പറഞ്ഞെങ്കിലും അവർ സമ്മതിച്ചിരുന്നില്ല. അവരുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഉണ്ടെങ്കിൽ പുറത്തു വിടണം. സ്വപ്നയെ കാണാൻ പോയത് സരിത്തിനെ തട്ടിക്കൊണ്ടു പോയി എന്നു പല മാധ്യമ പ്രവർത്തകരെയും വിളിച്ച് അറിയിച്ച ശേഷമാണ്. മണ്ണുത്തി എത്തിയപ്പോഴാണ് വിജിലൻസാണ് തട്ടിക്കൊണ്ടു പോയത് എന്ന് അറിയുന്നത്. പിന്നെ അവിടെ എത്തിയതുകൊണ്ടു പാലക്കാട്ടേയ്ക്കു പോകുകയായിരുന്നു. 

ഗോസ്പൽ ഫോർ ഏഷ്യയിൽ ഭാര്യ ആറേഴു മാസം ജോലി ചെയ്തിട്ടുണ്ട് എന്നതല്ലാതെ വേറെ ബന്ധമുണ്ടെന്ന് അതു പറഞ്ഞവർ തെളിയിക്കണം. മുഖ്യമന്ത്രിക്കായി എന്തെങ്കിലും പറയണമെങ്കിൽ മുഖ്യമന്ത്രിയുമായി ബന്ധം വേണ്ടേ എന്നും ഷാജ് ചോദിച്ചു.

English Summary: Shaj Kiran responds to Swapna Suresh's allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com