ബിജെപി പ്രകടനപത്രികയിൽ സിന്ധ്യയുടെ ചിത്രമില്ല; പരിഹസിച്ച് കോൺഗ്രസ്
Mail This Article
ഭോപാൽ ∙ മധ്യപ്രദേശിലെ ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിൽ കേന്ദ്ര വ്യോമയാനമന്ത്രിയും ബിജെപി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ചിത്രം ഉൾപ്പെടുത്താത്തതിൽ പരിഹാസവുമായി കോൺഗ്രസ്. പുറത്തുനിന്ന് എത്തിയവരോടും പാരച്യൂട്ട് സ്ഥാനാർഥികളോടും ബിജെപി സ്വീകരിക്കുന്ന നിലപാട് ഇതാണെന്നു സിന്ധ്യയെ ഉന്നമിട്ട് കോൺഗ്രസ് വിമർശിച്ചു.
ഉജ്ജയിൻ, ഇൻഡോർ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി സിന്ധ്യ നേരിട്ട് പ്രചാരണങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പ്രകടനപത്രിക പുറത്തിറക്കിയതും സിന്ധ്യയായിരുന്നു. എന്നാൽ പ്രകടനപത്രികയിൽ ചിത്രമില്ലാത്തത് വിവാദമാക്കേണ്ട കാര്യമില്ലെന്നു സിന്ധ്യ പ്രതികരിച്ചു.
ബിജെപിയിൽ വ്യക്തികൾക്കല്ല പ്രാധാന്യം. തിരഞ്ഞെടുപ്പ് വിജയം എല്ലാ പ്രവർത്തകരുടെയും ഉത്തരവാദിത്തമാണെന്നും ആ ലക്ഷ്യത്തിനു വേണ്ടി എല്ലാവരും ഒത്തൊരുമയോടെ കഠിനാധ്വാനം ചെയ്യുകയാണെന്നും സിന്ധ്യ പറഞ്ഞു. ബിജെപിയിൽ സേവനത്തിനും സമർപ്പണത്തിനും കഠിനാധ്വാനത്തിനും ഒരേ പോലെ പ്രാധാന്യമുണ്ട്. കോൺഗ്രസിന്റെ ഇത്തരം ആരോപണങ്ങളെ തള്ളുന്നുവെന്നും സിന്ധ്യ വ്യക്തമാക്കി.
English Summary: BJP manifesto in Madhya Pradesh: Congress takes dig at Jyotiraditya Scindia