ADVERTISEMENT

പാലക്കാട്∙ ഒൻപതു വർഷകാലയളവിൽ ജൂണിൽ കിട്ടിവന്ന മഴയിൽ വലിയ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയതെന്നിരിക്കേ, ഈ കുറവു പരിഹരിക്കുന്ന തലത്തിൽ ഈ മാസം ശക്തമായ മഴ ലഭിക്കുമെന്ന നിഗമനത്തിൽ കാലാവസ്ഥ ഏജൻസികൾ. ശാന്തസമുദ്രത്തിലെ ചുഴലിയും വടക്കൻ ഒഡീഷ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമർദവും അതിനു സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.

കർണാടക–ഗുജറാത്ത് മേഖലയിൽ ന്യൂനമർദപാത്തിയും രൂപംകൊണ്ടു. അതിനാൽ വരുംദിവസങ്ങളിൽ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, കർണാടകയിലെ വിവിധപ്രദേശങ്ങൾ, ഗോവ തുടങ്ങിയ ഇടങ്ങളിൽ കൂടുതൽ കനത്തമഴ ലഭിച്ചേക്കും. തെക്കൻ പ്രദേശങ്ങളിലും മോശമല്ലാത്ത മഴയുണ്ടാകും എന്നാണ് വിലയിരുത്തൽ. ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്.

ന്യൂനമർദപാത്തിയുള്ളതിനാൽ കുറച്ചുദിവസമായി വടക്കു കേന്ദ്രീകരിച്ചാണ് കാർമേഘങ്ങളും നീങ്ങുന്നത്. കാറ്റും വീശുന്നുണ്ട്. മഴ ലഭിക്കുന്ന സമയത്തിലും പെയ്യുന്ന രീതിയിലും  വിതരണത്തിലും വലിയ മാറ്റമാണ് ഇത്തവണയും അനുഭവപ്പെട്ടത്. ആദ്യ ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം വെയിൽ, രാവിലെ മഴ എന്നായിരുന്നെങ്കിൽ കഴിഞ്ഞദിവസം മുതൽ നേരെ തിരിച്ചായി.

എംസി റോഡിൽ നാഗമ്പടം മഹാദേവക്ഷേത്ര കവാടത്തിനു സമീപം മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട്.              ചിത്രങ്ങൾ: മനോരമ
എംസി റോഡിൽ നാഗമ്പടം മഹാദേവക്ഷേത്ര കവാടത്തിനു സമീപം മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട്. ചിത്രങ്ങൾ: മനോരമ

ഒരാഴ്ചമുൻപ് ശാന്തസമുദ്രത്തിൽ രൂപംകൊണ്ട ‘ചാബ’ എന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 100 മണിക്കൂർവരെ വേഗത്തിലാണ് വീശുന്നത്. അതിന്റെ സ്വാധീനഫലമായി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഈ ദിവസങ്ങളിൽ പശ്ചിമതീരത്ത് ദിവസം ഏഴു മുതൽ 10 സെന്റിമീറ്റർ വരെ ലഭിക്കാം. എട്ടു മുതൽ 14 വരെയും ശക്തമായ മഴ കിട്ടിയേക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം.

പിക്സൽ മഴ:  കൊച്ചി മഹാരാജാസ് കോളജ് മൈതാനത്തു നടക്കുന്ന ഫുട്ബോൾ മത്സരത്തിനു സഹായിക്കാനെത്തിയ കുട്ടി മഴ പെയ്തപ്പോൾ കുടയുമായി ട്രാക്കിലൂടെ ഓടിയെത്തുന്നു. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
പിക്സൽ മഴ: കൊച്ചി മഹാരാജാസ് കോളജ് മൈതാനത്തു നടക്കുന്ന ഫുട്ബോൾ മത്സരത്തിനു സഹായിക്കാനെത്തിയ കുട്ടി മഴ പെയ്തപ്പോൾ കുടയുമായി ട്രാക്കിലൂടെ ഓടിയെത്തുന്നു. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ജപ്പാൻ തീരത്ത് ‘ഏരി’ എന്ന പേരിൽ മറ്റൊരു ചുഴലിയും സജീവമായി തുടങ്ങി. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായാണ് ഒഡീഷയിൽ ന്യൂനമർദം ഉണ്ടാകുന്നത്. വിവിധഘടകങ്ങൾ അന്തരീക്ഷത്തിൽ അനുകൂലമായി വരുമ്പോഴും കാറ്റും പിന്നാലെ കാർമേഘങ്ങളും മറ്റൊരു ദിശയിലേയ്ക്ക് വലിച്ചെടുക്കപ്പെടുന്ന ഒരു പ്രതിഭാസം രൂപപ്പെടുന്നതായി വിദഗ്ധർക്ക് സൂചനയുണ്ട്. ഈ മേഖലയിലെ അന്തരീക്ഷത്തിൽ ഒരു പിടിവലി നടക്കുന്നതുപോലെയാണ് കാറ്റിന്റെയും കാർമേഘങ്ങളുടെയും ഗതി. 

rain-kannur-1

കേരളത്തിൽ ജൂൺമാസത്തിൽ ലഭിക്കേണ്ട മഴയിൽ ഇത്തവണ 58 % കുറഞ്ഞു. സാധാരണത്തേതിനെക്കാൾ ഇരട്ടിയിലധികം വേനൽമഴ ലഭിച്ചതിനാൽ ജൂണിൽ 50 % ലധികം മഴ കുറഞ്ഞതിന്റെ വിഷമം അത്ര അനുഭവപ്പെട്ടില്ലെന്നു മാത്രം. 2013 ജൂണിൽ 1041.6 മില്ലിമീറ്റർ മഴ ലഭിച്ചെങ്കിൽ ഇത്തവണ അത് 308.6 മില്ലിമീറ്ററായാണ് കുറഞ്ഞത്. ഇതിനിടയിലെ വർഷങ്ങളിൽ 2014 ൽ 453, 2015 ൽ 563, 2016 ൽ 595.7, 2017 ൽ 579, 2018 ൽ 750, 2019 ൽ 359, 2020 ൽ 536.1, 2021 ൽ 408.4 മില്ലിമീറ്റർ മഴയും ജൂണിൽ ലഭിച്ചു. ഈ മഴക്കുറവ് പരിഹരിക്കുന്നവിധത്തിൽ ഈ മാസം മഴ ലഭിച്ചാലും ജൂണിൽ ലഭിക്കേണ്ടതിന്റെ ഫലം കിട്ടില്ലെന്നുമാത്രമല്ല, വലിയ ആഘാതങ്ങളുമുണ്ടായേക്കും.

സാധാരണ കാലവർഷത്തിൽ ജൂണിൽ ശരാശരി 650 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞദിവസം കേന്ദ്രകാലാവസ്ഥ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. മൃത്യുജ്ഞയ് മൊഹാപത്രയുമായി, ഇത്തവണത്തെ കാലവർഷത്തിൽ എന്തുപ്രതീക്ഷിക്കണമെന്ന വിഷയത്തിൽ നടത്തിയ മുഖാമുഖത്തിൽ ഇപ്പോൾ‌തന്നെ മഴ കുറഞ്ഞ സ്ഥിതിയായതിനാൽ ജലസംരക്ഷണംകൂടി മനസ്സിലുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

night-rain-kozhikode-nadakkave-1

കാലവർഷത്തിൽ മഴ കുറഞ്ഞേക്കുമെന്നാണ് ഐഎംഡിയുടെ ആദ്യനിരീക്ഷണം. കാലാവസ്ഥയിൽ ദീർഘകാല അടിസ്ഥാനത്തിൽ വലിയമാറ്റം ഉണ്ടാകുമെന്ന് മൊഹാപത്ര ആവർത്തിച്ചു. അതിനൊത്തുമാറാൻ നമ്മൾ തയാറെടുക്കേണ്ടതുണ്ട്. സംസ്ഥാനത്തുടനീളം കാലാവസ്ഥാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ അതോറിറ്റി മികച്ച രീതിയിലാണ് സഹായിച്ചതെന്നും തുടർന്നും അതു വേണമെന്നും മൊഹാപത്ര ആവശ്യപ്പെട്ടു.

English Summary: Rain fall dilemma continues in Kerala - weather update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com