ADVERTISEMENT

തിരുവനന്തപുരം ∙ നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കും അവർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണം. കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണം. 

ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കാന്‍ അതോറിറ്റി കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും കരാറുകാരെക്കൊണ്ട് ചെയ്യിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കുഴിയില്‍വീണ് ബൈക്ക് യാത്രികന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. ദേശീയപാതയിലെ കുഴിയടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പിനു പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റോഡിന്റെ അറ്റകുറ്റപ്പണിയിൽ വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ കേന്ദ്രസർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം. കരാറുകാരുടെ പേരുവിവരവും റോഡിന്റെ പരിപാലന കാലാവധിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും പരസ്യപ്പെടുത്താൻ ദേശീയപാതാ അതോറിറ്റി തയാറാകുന്നില്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നില്ല. മരാമത്ത് വകുപ്പ് റോഡ് നിർമാണത്തിൽ വീഴ്ച വരുത്തിയ നിരവധി കരാറുകാർക്കു വിലക്കേർപ്പെടുത്തിയതുപോലെ കേന്ദ്രവും മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ദേശീയപാതയുടെ കരാറുകാരെ നിലയ്ക്കു നിർത്താൻ എന്തു കൊണ്ട് കേന്ദ്രത്തിനു കഴിയുന്നില്ലെന്നു മന്ത്രി ചോദിച്ചു. റോഡ് നിർമാണത്തിൽ‌ ചില അവിശുദ്ധ കൂട്ടുകെട്ടുകളുണ്ട്. കേന്ദ്രസർക്കാർ അവർക്കെതിരെ നടപടി സ്വീകരിക്കണം. കരാറുകാരുടെ തെറ്റായ പ്രവർത്തനങ്ങളെ കേന്ദ്രം തിരുത്തണം. കഴക്കൂട്ടം ഫ്ലൈ ഓവർ കേരള പിറവി ദിനമായ നവംബർ ഒന്നിനു തുറക്കുമെന്നും മന്ത്രി പറഞ്ഞു.

‘ദേശീയപാതയിലെ കുഴികൾക്ക് പൂർണ ഉത്തരവാദികൾ കരാറുകാരാണ്. ഇത്തരത്തിലുള്ള കരാറുകാർക്കെതിരെ പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. അതുപോലെ കേന്ദ്രസർക്കാരും ചെയ്യണം. കേന്ദ്രം എന്തിനാണ് കരാറുകാരെ ഭയക്കുന്നത്? ദേശീയപാതയിലെ പ്രശ്നത്തിന് പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ല. അങ്ങനെ ചെയ്താൽ അത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാകും. ഇത്തരം കരാറുകാരെ ബ്ലാക് ലിസ്റ്റിൽപ്പെടുത്തണം. നമ്പറും പേരും സഹിതം പുറത്തുവിടാൻ തയാറാകണം. ഇത്തരക്കാരെ എന്തിനാണ് കേന്ദ്ര മറച്ചുവയ്ക്കുന്നത്?’ – മന്ത്രി ചോദിച്ചു.

നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ് മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം (52) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ദേശീയപാതയിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂളിന് മുൻപിലുളള വലിയ കുഴയിൽ വീണാണ് അപകടം. ഇവിടെ കുഴിക്ക് രണ്ടടിയോളം താഴ്ചയുണ്ട്.

ആഴ്ചകളായി ഈ കുഴി ഭീകരാവസ്ഥയിൽ തുടരുകയാണ്. അങ്കമാലി ബദരിയ ഹോട്ടലിലെ കാഷ്യർ ആയ ഹാഷിം ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. അപകടത്തിനു പിന്നാലെ രാത്രി തന്നെ നാഷനൽ ഹൈവേ അധികൃതർ റോഡിലെ കുഴിയടച്ചു. 

∙ നിതിൻ ഗഡ്കരിക്ക് ബെന്നി ബഹനാൻ എംപിയുടെ കത്ത്

നെടുമ്പാശേരി ദേശീയപാതയിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ബെന്നി ബഹനാൻ എംപി കത്തെഴുതി. റോഡിലെ കുഴിയുടെ പ്രശ്നം നിരവധി തവണ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നതായും ഉദ്യോഗസ്ഥ തലങ്ങളിൽനിന്നും വേണ്ട നടപടികൾ ഉണ്ടായില്ലെന്നും എംപി കത്തിലൂടെ മന്ത്രിയെ അറിയിച്ചു. കഴിഞ്ഞയാഴ്ച ഗഡ്കരി വിളിച്ചുചേർത്ത കേരളത്തിലെ എംപിമാരുടെ യോഗത്തിലും ചാലക്കുടി മണ്ഡലത്തിലെ ദേശീയപാതയിലെ അപാകതകൾ എംപി മന്ത്രിയെ നേരിൽ ധരിപ്പിച്ചിരുന്നു.

ദേശീയപാതയിലെ അടിക്കടിയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്നും നെടുമ്പാശേരി ദേശീയപാതയിലെ നിലവിലെ കോൺട്രാക്ടറെ റിസ്ക്ക് ആൻഡ് കോസ്റ്റിൽ ഒഴിവാക്കി പുതിയ കോൺട്രാക്ടറെ നിയമിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്നലെ മരിച്ച ഹാഷിമിന്റെ കുടുംബത്തിന് അടിയന്തര നഷ്ട പരിഹാരം നൽകണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.

English Summary: Minister PA Muhammad Riyas Against NHAI Nedumbassery Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com