ADVERTISEMENT

തിരുവനന്തപുരം∙ കഞ്ചാവു കേസിലെ പ്രതിയായ യൂട്യൂബ് വ്ലോഗർ എക്സൈസ് ഓഫിസിനുള്ളിൽ വച്ച് കഞ്ചാവിന്റെ ‘ഗുണങ്ങൾ’ വിവരിച്ചതിൽ എക്സൈസ് തലപ്പത്ത് കടുത്ത അതൃപ്തി. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോടു കഞ്ചാവു വലിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത ബീച്ച് റോഡ് പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെ (34) എക്സൈസ് മട്ടാഞ്ചേരി റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടു ദിവസം മുൻപ് പിടികൂടിയിരുന്നു.

അറസ്റ്റിലായ ഇയാൾ എക്സൈസ് ഓഫിസിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഞ്ചാവ് വലിക്കുന്നതിന്റെ ‘ഗുണങ്ങൾ’ വിവരിക്കുന്ന വിഡിയോ പുറത്തു വരികയും വലിയ പ്രചാരം ലഭിക്കുകയും ചെയ്തതോടെ എക്സൈസ് വെട്ടിലായി. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണർ എസ്.അനന്തകൃഷ്ണൻ ഐപിഎസ് വിജിലൻസ് എസ്പിക്കു നിർദേശം നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ടതായും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും എക്സൈസ് കമ്മിഷണർ മനോരമ ഓൺലൈനോട് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ലഹരിക്കെതിരെ നടപടികൾ സ്വീകരിക്കുന്ന എക്സൈസ് ഓഫിസിൽവച്ച് കഞ്ചാവിന് അനുകൂലമായി പ്രതി സംസാരിച്ച വിഡിയോ പുറത്തുവന്നത് സേനയ്ക്കു നാണക്കേടായതായി അവർ പറയുന്നു. കഞ്ചാവ് സസ്യമാണെന്നും അതിനാൽ ഇനിയും വലിക്കുമെന്നുമാണ് വ്ലോഗർ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പറയുന്നത്. യുവജനങ്ങള്‍ക്ക് ഇതു തെറ്റായ സന്ദേശം നൽകുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എക്സൈസ് വിജിലൻസ് എസ്പി പറഞ്ഞു. ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ. റിപ്പോർട്ട് കമ്മിഷണർക്കു ലഭിച്ചാൽ വകുപ്പുതല നടപടികൾ സ്വീകരിക്കും. കഞ്ചാവു കിട്ടുന്നില്ല എന്നു പരാതിപ്പെട്ട തൃശൂർ സ്വദേശിനിയായ പെൺകുട്ടിയോട് അതിനായി കോതമംഗലത്തേക്കു പോകാനാണ് വ്ലോഗർ വിഡിയോയിലൂടെ ഉപദേശിച്ചത്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെയാണ് അന്വേഷണത്തിനു നിർദേശം നൽകിയത്.

English Summary: Excise to take action against officials for the video of arrested vlogger Francis Nevin Augustine describing benefits for Ganja on office premises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com