ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു വഹിച്ച പങ്കിനെക്കുറിച്ചുള്ള ബിജെപിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസങ്ങളുടെ സംഭാവനകളെ കുറച്ചുകാണിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നു സോണിയ പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെയും കഴിഞ്ഞ 75 വർഷമായി രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങളെയും നിസ്സാരവൽക്കരിക്കാനുള്ള ഇപ്പോഴത്തെ സ്വാര്‍ഥസർക്കാരിന്റെ ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ സോണിയ വ്യക്തമാക്കി. ‘രാഷ്ട്രീയ നേട്ടങ്ങൾക്കായി ചരിത്രപരമായ വസ്തുതകൾ തെറ്റായി ചിത്രീകരിക്കുന്നതിനെ കോൺഗ്രസ് ശക്തമായി എതിർക്കുന്നു. മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്‌റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, മൗലാന ആസാദ് തുടങ്ങിയ മഹാന്മാരായ ദേശീയ നേതാക്കളെ നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.’– സോണിയ ആരോപിച്ചു.

പ്രത്യേകം പരാമർശിച്ചില്ലെങ്കിലും, ഇന്ത്യയുടെ വിഭജനത്തെക്കുറിച്ചു ബിജെപിയുടെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ച വിഡിയോകളെ ലക്ഷ്യമിട്ടായിരുന്നു സോണിയയുടെ പ്രസ്താവന. ‘വിഘടന ശക്തികൾക്കെതിരെ പോരാടാൻ ഉത്തരവാദിത്തമുള്ളവർ എവിടെയായിരുന്നു?’ എന്ന തലക്കെട്ടിലായിരുന്നു നെഹ്‌റുവിന്റെ പങ്കിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ബിജെപി വിഡിയോ. ഇതിനെതിരെ കഴിഞ്ഞദിവസം തന്നെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മുഹമ്മദലി ജിന്ന പരിപൂർണമാക്കിയ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് ജന്മം നൽകിയത് ഹിന്ദുത്വ സൈദ്ധാന്തികനായ വീർ സവർക്കറാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ നേട്ടങ്ങളെയും തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ സോണിയ  എടുത്തുപറ‍ഞ്ഞു. ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ സ്ഥാനം വളരെ വലുതാണ്. ദീർഘവീക്ഷണമുള്ള നേതാക്കളുടെ നേതൃത്വത്തിൽ, ഇന്ത്യ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം സ്ഥാപിച്ചു. അതു ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയെന്നും സോണിയ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുതിർന്ന നേതാവും പ്രവർത്തക സമിതിയംഗവുമായ അംബികാ സോണി ദേശീയപതാക ഉയർത്തി. രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. ആസാദി ഗൗരവ് യാത്രയുടെ ഭാഗമായി കോൺഗ്രസ് ആസ്ഥാനത്തുനിന്നും ഗാന്ധിസ്മൃതിവരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.

English Summary: ‘Will oppose distortion of history’: Sonia Gandhi hits out at ‘self-absorbed’ govt on I-Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com