ADVERTISEMENT

നിലമ്പൂർ∙ കൊടുംവനത്തിലെ ഫൊട്ടോഗ്രഫറാണ് പൂച്ചപ്പാറ മണി. ഫൊട്ടോഗ്രഫി പഠിച്ചിട്ടില്ല, എഴുത്തും വായനയും അറിയില്ല. എങ്കിലും മൊബൈൽ ഫോൺ ക്യാമറ ഉപയോഗിക്കാൻ സമർഥനാണ്. വനത്തിന്റെ ഭംഗിയും രൗദ്രതയും മൊബൈലിൽ പകർത്തി നഗരത്തിലെ സുഹൃത്തുക്കൾക്ക് അയയ്ക്കും. വല്ലപ്പോഴും മണി നഗരത്തിലെത്തും. നഗര വിശേഷങ്ങൾ ക്യാമറയിലാക്കും. കാട്ടിലെത്തി കൂട്ടുകാർക്കു കാണിച്ചു കൊടുക്കും.

mani-photography6
മൂർഖനെ വിഴുങ്ങുന്ന രാജവെമ്പാല. മണി പകർത്തിയ ചിത്രം.

കരുളായി ഉൾവനത്തിലെ പ്രാക്തന ഗോത്രമായ ചോലനായ്ക്കർ വിഭാഗക്കാരനായ മണി നാടിനെയും കാടിനെയും ബന്ധിപ്പിക്കുന്ന ഫൊട്ടോഗ്രഫറാണ്. ഏഷ്യാ വൻകരയിൽ ശേഷിക്കുന്ന ഏക ഗുഹാവാസികളെന്ന് നരവംശശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഗോത്രമാണ് ചോലനായ്ക്കർ. കരുളായി ജനവാസ മേഖലയിൽനിന്ന് 25 കിലോമീറ്റർ അകലെ വിളക്കുമല അളയിലാണ് 38 കാരനായ മണി, ഭാര്യ മാതി, 5 മക്കൾ എന്നിവർ കഴിയുന്നത്. ചെങ്കുത്തായ മലയിലെ അളയിൽ മുളയേണി ഉപയോഗിച്ചാണ് കയറുന്നത്.

mani-photography1
പ്രകൃതി ദൃശ്യങ്ങൾ. മണി പകർത്തിയ ചിത്രം.

മൊബൈൽ യുഗത്തിന്റെ തുടക്കത്തിൽത്തന്നെ മണി ഒരു ഫോൺ സ്വന്തമാക്കിയിരുന്നു. ആൻഡ്രോയ്ഡ് ഫോൺ ഇറങ്ങിയപ്പോൾ അതും കരസ്ഥമാക്കി. മുളങ്കുറ്റിയിൽ ബാറ്ററി ഇട്ട് വയർ ഘടിപ്പിച്ചാണ് ഫോൺ ചാർജ് ചെയ്യുന്നത്. കരുളായിയിലെത്തി റീചാർജ് ചെയ്യും. അടുപ്പമുള്ളവരുടെ ഫോൺ നമ്പരുകൾ മണിക്ക് കാണാപ്പാഠമാണ്. മനസ്സിൽ പതിഞ്ഞ അക്കങ്ങളുടെ രൂപം വച്ചാണ് ഫോൺ വിളികൾ. വാട്സാപ്പിൽ ശബ്ദ സന്ദേശവും ഫോട്ടോകളും അയയ്ക്കും. വനത്തിൽ എവിടെയൊക്കെ നെറ്റ്‌വർക്ക് ലഭിക്കുമെന്ന് മണിക്ക് കൃത്യമായി അറിയാം. കാട്ടിൽ അലയുന്നതിനാൽ മണി ദിവസങ്ങളോളം പരിധിക്ക് പുറത്തായിരിക്കും. വാട്സാപ്പിൽ സന്ദേശവും ഫോട്ടോയും ലഭിച്ചാൽ പരിധിയിലുണ്ടെന്ന് ഉറപ്പിക്കാം.

mani-photography7
പ്രകൃതി ദൃശ്യങ്ങൾ. മണി പകർത്തിയ ചിത്രം.
kudampuli
കാട്ടു കടംപുളി. മണി പകർത്തിയ ചിത്രം.
mani-photography2
പ്രകൃതി ദൃശ്യങ്ങൾ. മണി പകർത്തിയ ചിത്രം.
mani-photography
പ്രകൃതി ദൃശ്യങ്ങൾ. മണി പകർത്തിയ ചിത്രം.
mani-photography3
പ്രകൃതി ദൃശ്യങ്ങൾ. മണി പകർത്തിയ ചിത്രം.
mani-photography4
മണി പകർത്തിയ ചിത്രം.

തേൻ, കുന്തിരിക്കം, കുടംപുളി തുടങ്ങിയ ചെറുകിട വനവിഭവങ്ങൾ ശേഖരിക്കാൻ പോകുമ്പോഴും സിനിമ കാണാൻ ഗൂഡല്ലൂർ, ഊട്ടി എന്നിവിടങ്ങളിലേക്ക് കാൽനടയായി മലകൾ താണ്ടുമ്പോഴുമാണ് മണിയുടെ ഫോട്ടോയെടുപ്പ്. വിളക്കുമലയിൽനിന്ന് ഊട്ടിക്ക് 40 കിലോമീറ്ററാണ് ദൂരം. കൂട്ടം ചേർന്ന് ഒരു ദിവസം കൊണ്ട് പോയി വരും. രാജവെമ്പാല മൂർഖനെ വിഴുങ്ങുന്നത്, മരത്തിൽ പറ്റിപ്പിടിച്ചു കിടക്കുന്ന അണലി തുടങ്ങിവ വനത്തിന്റെ രൗദ്രത പ്രകടമാക്കുന്ന ചിത്രങ്ങളാണ്. വിളക്കുമലയിലെ മണിയുടെ അള, ചോലനായ്ക്കർ നിർമിച്ച കരിമ്പുഴയിലെ കണ്ണിക്കൈ തൂക്കുപാലം, മുക്കുറുത്തി പുൽമേട് തുടങ്ങിയവയുടെ ചിത്രങ്ങൾ വനത്തിലെ കാഴ്ചകളുടെ മനോഹാരിത പകർന്നു നൽകുന്നു.

English Summary:  World Photography Day: Special story about Poochappara mani, The Photographer of Karulayi forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com