മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടി നൈജീരിയക്കാര്‍; അന്വേഷണം ഇടനിലക്കാരിലേക്ക്
Mail This Article
മലപ്പുറം∙ മഞ്ചേരി സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കു ചെയ്ത് നൈജീരിയക്കാര്‍ 70 ലക്ഷം രൂപ തട്ടി. തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ക്ക് പണം കൈമാറിയെന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശികളായ യുവാവും യുവതിയും പറഞ്ഞു. ഇന്നലെ ഡല്‍ഹിയില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്.
സെര്‍വര്‍ ഹാക്കു ചെയ്യാന്‍ ഇടനിലക്കാര്‍ സഹായിച്ചതായും സൂചനയുണ്ട്. ഇതാദ്യമായാണ് സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ പണം തട്ടുന്നത്. ബാങ്കുകൾക്ക് സാങ്കേതിക സഹായം നൽകുന്ന കമ്പനികൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബാങ്കിലെ മറ്റാർക്കും ഇതിൽ പങ്കില്ല എന്നാണ് ബാങ്ക് ജീവനക്കാർ പൊലീസിനോടു പറഞ്ഞത്.
സെർവർ ഹാക്ക് ചെയ്ത് ദിനംപ്രതി ഇടപാടിന്റെ തോത് വർധിപ്പിക്കുകയാണ് നൈജീരിയക്കാർ ചെയ്തത്. തുടർന്ന് ഉത്തർപ്രദേശിലെയും ബംഗാളിലെയും ഇവരുടെ വ്യാജ അക്കൗണ്ടുകളിലേക്കു പണം മാറ്റി. തുടർന്ന് നൈജീരിയയിലേക്കു മാറ്റി. വളരെ സാധാരണക്കാരായ ആളുകൾക്കാണ് പണം നഷ്ടമായത്. കൂടുതൽ ബാങ്കുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
English Summary: Nigerians hacked co-operative bank server, looted 70 lakhs in Manjeri