‘ഇദ്ദേഹത്തിന് ആരു നൽകി ഈ അധികാരം?’ ഗവർണർക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം അദ്ദേഹം മനസ്സിലാക്കണം. ഇങ്ങനെ പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരം? ഇങ്ങനെ പറയാന്‍ അദ്ദേഹം ആരാണ്? ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? സ്റ്റാഫിന്‍റെ ബന്ധുവായാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചു.
അദ്ദേഹം പലതും പറഞ്ഞിട്ടും എന്തെങ്കിലും ഗുണം കിട്ടുമെന്ന് കരുതിയാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അത് ഫലിച്ചതായി കണ്ടില്ലെന്നും ഗവർണറെ പരിഹസിച്ചു. പഴ്സനൽ സ്റ്റാഫിന്‍റെ ബന്ധുവിന്‍റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോയെന്നും മുഖ്യമന്ത്രി അറിയാതെ വൈസ് ചാന്‍സലര്‍ നിയമിക്കുമെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. അനധികൃത നിയമനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ വാർത്താ സമ്മേളനത്തിൽ വായിച്ചാണ് മുഖ്യമന്ത്രി അക്കമിട്ടു മറുപടി നൽകിയത്.
‘‘ഇതിലും വലിയ അസംബന്ധം ആർക്കെങ്കിലും പറയാൻ കഴിയുമോ? ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് ആയിരിക്കണം വർത്തമാനം. മുഖ്യമന്ത്രിയോടു ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു നിയമനത്തിന് അപേക്ഷ കൊടുക്കുക? മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ഒരു വ്യക്തിയാണ്. ആ വ്യക്തിക്ക് ആ വ്യക്തിയുടേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതനുസരിച്ച്, അവർക്ക് അർഹതയുള്ള ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധാരണ നിലയിൽ അവകാശമില്ലേ?’’ – മുഖ്യമന്ത്രി ചോദിച്ചു.
‘‘ഞാൻ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവാണല്ലോ. അതുകൊണ്ട് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണം എന്ന് ആരെങ്കിലും ചിന്തിക്കുമോ? ഈ നാടിനെക്കുറിച്ച് അറിയാവുന്ന ആർക്കെങ്കിലും അങ്ങനെ ആലോചിക്കാൻ പറ്റുമോ? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്. മുഖ്യമന്ത്രിയോടു ചോദിച്ചിട്ടാണോ ഈ പറയുന്ന ബന്ധു അപേക്ഷ കൊടുക്കുന്നത്? ഒരാൾ അപേക്ഷ കൊടുക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു സംവിധാനം അവരുടേതായ നടപടിക്രമങ്ങളിലൂടെ കാര്യങ്ങൾ തീരുമാനിക്കുന്നു. തീരുമാനിച്ചതിൽ പിശകുണ്ടോ, പരിശോധിച്ചോട്ടെ.
പരിശോധനയിൽ പിഴവുകൾ കണ്ടെത്തിയോ, തീരുമാനമെടുത്തവർ അനുഭവിച്ചോട്ടെ. അതിന് ഞങ്ങളാരെങ്കിലും തടസ്സം നിന്നിട്ടുണ്ടോ? കേരളത്തിൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായിപ്പോയി എന്നതുകൊണ്ട് ജോലി ചെയ്യാൻ പറ്റില്ല, ജോലിക്ക് അപേക്ഷിക്കാൻ പറ്റില്ല എന്നു പറയാൻ ഇദ്ദേഹത്തിന് എന്ത് അധികാരം? ആരു നൽകി ആ അധികാരം? ഇതാണോ ഗവർണർ പദവികൊണ്ട് ഉദ്ദേശിക്കുന്നത്? ഇതാണോ ചാൻസലർ പദവികൊണ്ട് ഉദ്ദേശിക്കുന്നത്?
ഇന്ത്യയ്ക്കു പുറത്ത് രൂപംകൊണ്ട ആശയങ്ങൾ ഉൾക്കൊള്ളുന്ന ചില പ്രസ്ഥാനങ്ങൾ കൈക്കരുത്തിലും ഭീഷണിയിലുമാണ് വിശ്വസിക്കുന്നത് എന്നും എന്നെ സമ്മർദ്ദത്തിലാക്കാമെന്ന് അവർ കരുതേണ്ടെന്നും ഗവർണർ പറഞ്ഞതായി കണ്ടു. ഭീഷണിയുടെ സ്വരത്തിൽ ആരാണ് സംസാരിക്കുന്നതെന്ന് കുറേ നാളുകളായി ആളുകൾ കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇതൊക്കെ ആരുടെ നേരെയാണ്? എന്ത് ആവശ്യത്തിനാണ് ഇതൊക്കെ? അവരവർക്ക് എന്തെങ്കിലും ഗുണങ്ങൾ അതിന്റെ ഭാഗമായി കിട്ടുന്നുണ്ടെങ്കിൽ അതങ്ങനെ നടന്നോട്ടെ എന്നു കരുതിയാണ് അതു നോക്കിനിൽക്കുകയായിരുന്നു ഞങ്ങൾ. പക്ഷേ, അതും ഫലിച്ചതായിട്ട് കണ്ടില്ല.
ഇന്ത്യയ്ക്കു പുറത്തു രൂപം കൊണ്ട ആശയം എന്താണെന്ന് വ്യക്തമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഭരണഘടനാ നിർമാണ സഭയിൽതന്നെ കമ്യൂണിസ്റ്റുകൾ അംഗമായിരുന്നു. പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷം കമ്യൂണിസ്റ്റായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏകകണ്ഠമായി നിര്‍ദേശിച്ചത് കമ്യൂണിസ്റ്റിനെയായിരുന്നു. ആഭ്യന്തരമന്ത്രി സ്ഥാനത്ത് കമ്യൂണിസ്റ്റ് ഇരുന്നിട്ടുണ്ട്. എന്തും വിളിച്ചു പറയാൻ കഴിയുന്ന സ്ഥാനമാണെന്നാണോ ഗവർണർ ധരിച്ചത്?’ – മുഖ്യമന്ത്രി ചോദിച്ചു.
‘‘സർവകലാശാല പൊതുപ്രസ്ഥാനമാണെന്നും അവിടെ പോസ്റ്റർ പതിക്കാൻ ആരാണ് അധികാരം നൽകിയതെന്നുമാണ് ഗവർണർ ചോദിക്കുന്നത്. എന്താണ് അദ്ദേഹത്തിനു സംഭവിക്കുന്നതെന്ന് അദ്ദേഹം പരിശോധിക്കണം. അല്ലെങ്കിൽ അടുപ്പമുള്ളവർ പരിശോധിക്കണം. സംഘടനകളുടെ പ്രവർത്തനം നിരോധിക്കാനാണോ ഗവർണർ ശ്രമിക്കുന്നത്? സ്ഥാപനവുമായി ബന്ധമുള്ളവരാണ് വിദ്യാർഥികളും സംഘടനകളും. അവരുടെ പ്രവർത്തനം രാജ്ഭവനിൽ പോയാണോ നടത്തേണ്ടത്? പോസ്റ്ററുമായി രാജ്ഭവനിൽ ചെന്നാൽ പറയാം, ഇങ്ങോട്ടു വരാൻ പാടില്ലെന്ന്. അവർ ജോലി ചെയ്യുന്നിടത്ത്, അവർ പഠിപ്പിക്കുന്നിടത്ത് അവരുടെ സംഘടനയുടെ പ്രവർത്തനം നടത്തുമ്പോൾ തടയുമെന്ന് പറഞ്ഞാൽ ബാക്കി ഇവിടെയിരുന്നു പറയുന്നില്ല. അതൊന്നും പക്വമതിയായ മനുഷ്യനു ചേർന്നതല്ല എന്നു മനസ്സിലാക്കണം.
ഇങ്ങനെയും ഇതിനപ്പുറവും പറയാനാകും. ഞങ്ങൾ അങ്ങനെ എടുക്കാതിരിക്കുന്നത് ഭരണപ്രക്രിയയ്ക്ക് നിയുക്തമായ സ്ഥാനങ്ങൾക്ക് ഭരണഘടന നിശ്ചയിച്ച് ഉത്തവാദിത്തവും അധികാരവും ഉണ്ട് എന്നു കാണുന്നതുകൊണ്ടാണ്. അതുകൊണ്ട് അതിനു തടസ്സം നിൽക്കുന്ന നടപടികളിലേക്കു കടക്കാറില്ല. സർക്കാർ നടപടികളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ഭരണഘടനാപരമായ മാർഗങ്ങളുണ്ട്. അതുചെയ്യാതെ മാധ്യമങ്ങളുടെ മൈക്കിനു മുന്നിൽ ഞാനിതെല്ലാം പറയാൻ പ്രാപ്തനാണ് എന്ന മട്ടിൽ കുറച്ച് ശബ്ദം ഉയർത്തിയും മുഖത്ത് ഗൗരവഭാവം വരുത്തിയും സംസാരിച്ച് കാര്യങ്ങൾ നിർവഹിക്കാമെന്നു കരുതുന്നുണ്ടെങ്കിൽ അത് ഭരണഘടന അനുശാസിക്കുന്ന രീതിയല്ലെന്ന് ഓർമിപ്പിക്കട്ടെ.
സഭയിൽ ബിൽ അവതരിപ്പിച്ചാൽ ഗവർണർ പരിശോധിച്ച് ഒപ്പിടും. നിയമപരമായി ബിൽ അവതരിപ്പിച്ചതിനാൽ ഒപ്പിടാൻ തടസ്സം ഉണ്ടാകേണ്ട കാര്യമില്ല. സർവകലാശാലകളിൽ ഒരു നിയമവും ലംഘിച്ചിട്ടില്ല. സ്വതന്ത്ര സ്വഭാവം നിലനിർത്താനാണ് ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴും മുൻപും വിസിമാരായി വിദഗ്ധരെയാണ് നിയമിച്ചിട്ടുള്ളത്’’ – മുഖ്യമന്ത്രി പറഞ്ഞു.
English Summary: CM Pinarayi Vijayan Criticises Governor Arif Mohammad Khan In Press Meet