ADVERTISEMENT

കോട്ടയം ∙ പുതിയ പാറ്റേണിൽ പെയ്യുന്ന മഴയാണു കേരളത്തിലെ റോഡ് തകർച്ചയുടെ പ്രധാന കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. മന്ത്രി പറഞ്ഞതിനെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ ട്രോളുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ മന്ത്രിയുടെ വാക്കുകൾ അങ്ങനെ തള്ളിക്കളയേണ്ടെന്നു വ്യക്തമാക്കുകയാണ് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.

റോഡുണ്ടാക്കിയ സ്ഥലത്തിന്റെ ഭൂപ്രകൃതി, റോഡുള്ള പ്രദേശത്തിന്റെ കാലാവസ്ഥ, റോഡിന്റെ ഡിസൈൻ, റോഡ് നിർമാണത്തിന്റെ രീതി ഇതൊക്കെ കുഴിയുണ്ടാകാൻ കാരണമാണെന്ന് തുമ്മാരുകുടി സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും റോഡുകൾ വേഗത്തിൽ കേടാവാൻ ഇടയാക്കുന്നതാണ്. കേരളം പോലത്തെ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ കുഴിയില്ലാത്ത റോഡുകൾ ഇല്ലേ എന്ന് ആളുകൾ ചോദിക്കാറുണ്ട്. ഉണ്ട്. സിംഗപ്പൂരിലും മലേഷ്യയിലും ഒക്കെ നമുക്ക് സമാനമായ കാലാവസ്ഥയാണ്. പക്ഷേ അവിടെ ഒന്നും ഇത്തരത്തിൽ ഉള്ള കുഴികൾ ഒന്നും കാണാറില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

മുരളി തുമ്മാരുകുടിയുടെ പോസ്റ്റിന്റെ പൂർണരൂപം:

മഴ, വഴി, കുഴി!

കോടതിയിൽ, സിനിമയിൽ, സിനിമയിലെ കോടതിയിൽ എല്ലാം ഇപ്പോൾ വഴിയിലെ കുഴിയാണല്ലോ താരം. കേരളത്തിലെ വഴിയിൽ കുഴിയുണ്ടായത് ഇന്നോ ഇന്നലെയോ അല്ല. മലയാളികൾ മറ്റു നാടുകളും അവിടുത്തെ കുഴിയില്ലാത്ത വഴികളും കാണാൻ തുടങ്ങിയതോടെ ആളുകൾ ഇതൊക്കെ ചർച്ച ചെയ്യാനും ചോദ്യം ചെയ്യാനും തുടങ്ങി, നല്ല കാര്യമാണ്. എന്തുകൊണ്ടാണ് കേരളത്തിലെ വഴികളിൽ കുഴിയുണ്ടാകുന്നത്?

പൊതുബോധം അനുസരിച്ച് ഇതിന് ഒറ്റ കാരണമേ ഉള്ളൂ. പൊതുനിർമാണ രംഗത്തെ അഴിമതി. കേരളത്തിലെ പൊതുനിർമാണ രംഗത്ത് അഴിമതി തീർച്ചയായും ഉണ്ട്. കോതമംഗലത്ത് എന്റെ കൂടെ സിവിൽ എൻജിനീയറിങ് പഠിച്ച ധാരാളം ആളുകൾ കേരളത്തിലെ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് അഴിമതിയുടെ തോതും രീതികളും ഒക്കെ എനിക്ക് വളരെ പരിചിതമാണ്.

അഴിമതി എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ കാർന്നുതിന്നുന്ന കാൻസർ ആണ്. എന്ത് പ്രയോഗം നടത്തിയാണെങ്കിലും അത് കരിച്ചു കളയേണ്ടതും അത്യാവശ്യമാണ്. എന്നാൽ ഒരു സിവിൽ എൻജിനീയർ എന്ന നിലയ്ക്ക് ഒരു കാര്യം കൂടി എനിക്കറിയാം. അതായത് അഴിമതി മാറിയത് കൊണ്ട് മാത്രം കുഴി ഇല്ലാതാവില്ല. അഴിമതിയൊന്നും ഇല്ലാത്ത രാജ്യങ്ങളിലും റോഡുകളിൽ കുഴിയുണ്ട്. ലോകത്ത് മറ്റൊരിടത്തും റോഡിൽ കുഴിയില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ്. സംശയം ഉള്ളവർക്ക് "pot holes in roads" എന്ന് ഗൂഗിൾ ചെയ്ത് നോക്കാം.

‌റോഡുണ്ടാക്കിയ സ്ഥലത്തിന്റെ ഭൂപ്രകൃതി, റോഡുള്ള പ്രദേശത്തിന്റെ കാലാവസ്ഥ, റോഡിന്റെ ഡിസൈൻ, റോഡ് നിർമാണത്തിന്റെ രീതി ഇതൊക്കെ കുഴിയുണ്ടാകാൻ കാരണമാണ്. കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും റോഡുകൾ വേഗത്തിൽ കേടാവാൻ ഇടയാക്കുന്നതാണ്. കേരളം പോലത്തെ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ കുഴിയില്ലാത്ത റോഡുകൾ ഇല്ലേ എന്ന് ആളുകൾ ചോദിക്കാറുണ്ട്. ഉണ്ട്. സിംഗപ്പൂരിലും മലേഷ്യയിലും ഒക്കെ നമുക്ക് സമാനമായ കാലാവസ്ഥയാണ്. പക്ഷേ അവിടെ ഒന്നും ഇത്തരത്തിൽ ഉള്ള കുഴികൾ ഒന്നും കാണാറില്ല.

കേരളത്തിലെ റോഡുകളുടെ ഒരു പ്രത്യേകത അതിൽ ഒന്ന് പോലും ഒരു ഹൈവേ ആയി മുൻകൂട്ടി പ്ലാൻ ചെയ്തതല്ല എന്നതാണ്. പണ്ടുണ്ടായിരുന്ന നാട്ടുവഴികൾ പിന്നീട് വീതികൂട്ടി ഇടിച്ചുറപ്പിച്ച് കാളവണ്ടിക്ക് ഒക്കെ പോകാവുന്ന തരത്തിലാക്കി. മോട്ടർ വാഹനങ്ങൾ വന്ന കാലത്ത് അതിൽ മെറ്റൽ ഇട്ടു റോഡുകൾ ആക്കി, കൂടുതൽ ബലവത്താക്കി. പിന്നീട് ടാറിങ്ങ് ചെയ്തു, കുറച്ചൊക്കെ കോൺക്രീറ്റ് ആക്കി. ഇപ്പോൾ കുറച്ചിടങ്ങളിൽ ടൈൽ ഇടുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് ഇടനാട്ടിലും തീരപ്രദേശത്തും പോലും നമ്മുടെ ഹൈവേകൾ പോലും വളഞ്ഞുംപുളഞ്ഞും പോകുന്നത്.

ആധുനിക വാഹനങ്ങൾക്ക് ഉതകുന്ന റോഡുകൾ ഉണ്ടാക്കേണ്ടത് ഇങ്ങനെയല്ല. വാഹനങ്ങളുടെ എണ്ണവും ഭാരവും മണ്ണിന്റെ പ്രകൃതിയും വെള്ളത്തിന്റെ നിരപ്പും ഒക്കെ അറിഞ്ഞ്, വേണ്ടവിധത്തിൽ അടിയിൽനിന്നുതന്നെ കെട്ടിപ്പൊക്കി വേണം റോഡുകൾ ഉണ്ടാക്കാൻ. അതിന് വലിയ ചെലവുണ്ട്. നിലവിലുള്ള റോഡുകൾ ഡിസൈൻ റോഡ് ആക്കിയെടുക്കണമെങ്കിൽ പുതിയ റോഡ് ഉണ്ടാക്കുന്നതിനേക്കാൾ ചെലവുണ്ടാകും, കാരണം പഴയതൊക്കെ കുത്തിയിളക്കി കളഞ്ഞിട്ട് വേണം പുതിയതാക്കാൻ.

ഇങ്ങനെയൊക്കെ തീർച്ചയായും ചെയ്യാമെങ്കിലും കേരളത്തിലാകമാനം ഇത്തരം റോഡുകൾ മാത്രം ഉണ്ടാക്കുമെന്ന് വച്ചാൽ ഇപ്പോഴുള്ള റോഡിന്റെ പത്തിലൊന്ന് പോലും അപ്ഗ്രേഡ് ചെയ്ത് കൊണ്ട് നടക്കാൻ കഴിയില്ല എന്നത് ഒരു സാമ്പത്തിക യാഥാർഥ്യമാണ്. ഇതിനൊക്കെ പുറമെയാണ് കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന വെല്ലുവിളികൾ. ലോകത്തെല്ലായിടത്തും മഴയുടെ രീതികൾ മാറുകയാണ്. മൊത്തം മഴയുടെ അളവ് കുറയുന്നിടങ്ങളിൽ പോലും മഴയുടെ സാന്ദ്രത വർധിക്കുകയാണ്. ഉള്ള മഴ കുറച്ചു നേരത്തിൽ പെയ്യുന്നതിനാൽ പ്രാദേശികമായി വെള്ളക്കെട്ടുകളും മണ്ണടിച്ചിലും ഉണ്ടാകുന്നു.

ഒരു ദിവസം കഴിഞ്ഞാൽ പിന്നെ വെള്ളമൊന്നും ബാക്കിയില്ല താനും. മഴക്കാലം കഴിയുമ്പോൾ പതിവിലും കുറവായിരുന്നു മഴ എന്നൊക്കെ കേൾക്കാം. ചിലപ്പോൾ ആകട്ടെ ഇത്തരത്തിൽ പ്രാദേശികമായി വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിൽ ആ വർഷത്തിൽതന്നെ വരൾച്ചയും ഉണ്ടാകുന്നു. ഇത് കാലാവസ്ഥാ ശാസ്ത്രജ്ഞർ ഐപിസിസിയുടെ 2012 ൽ സ്പെഷ്യൽ റിപ്പോർട്ട് ഓൺ എക്സ്ട്രീം ഇവെന്റ്സ് (SREX 2012) ൽ കൃത്യമായി പറഞ്ഞതാണ്. ഏറ്റവും പുതിയ ഐപിസിസി റിപ്പോർട്ടിൽ ഇക്കാര്യം കൃത്യമായി വീണ്ടും പറഞ്ഞിട്ടുണ്ട്. ("The frequency and intensity of heavy precipitation events have increased since the 1950s over most land area for which observational data are sufficient for trend analysis (high confidence) (IPCC 6th Assessment Report"). കേരളത്തിലെ മഴയുടെ കണക്കുകളും നമ്മുടെ ചുറ്റും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും ഇത് കൃത്യമായി സൂചിപ്പിക്കുന്നു.

ഇത്തരത്തിൽ പെയ്യുന്ന മഴകൾ ലോകത്തെവിടെയും റോഡ് നിർമിക്കുന്നവർക്കും കൊണ്ടുനടക്കുന്നവർക്കും പുതിയ വെല്ലുവിളികൾ ഉണ്ടാക്കുകയാണ്. ഇത് കേരളത്തിലെ മാത്രം കാര്യമല്ല. കാലാവസ്ഥാ വ്യതിയാനം റോഡ് നിർമാണത്തെ ബാധിക്കുന്നത് മഴകൊണ്ട് മാത്രവുമല്ല. ചൂട് കൂടുന്നതും തണുപ്പ് കൂടുന്നതും റോഡ് നിർമാണത്തെ ബാധിക്കും. ഈ വിഷയത്തിൽ വിദഗ്ധർ ഏറെ പഠനങ്ങൾ നടത്തുന്നുണ്ട്. റോഡ് നിർമാണ രീതികളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ റോഡുകൾ കാലാവസ്ഥാ വ്യതിയാനത്തിന് തയാറെടുക്കാൻ വേണ്ടി മാത്രം ഒരു പ്രൊജക്റ്റ് ഉണ്ട് (Roads for today adapted for tomorrow (ROADAPT)

ഈ സാഹചര്യത്തിൽ "കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിർമാണ രീതികൾ"എന്ന വിഷയത്തിൽ കേരളത്തിൽ സെമിനാർ സംഘടിപ്പിച്ചു എന്നറിയുന്നത് നല്ല കാര്യമാണ്. മഴയുടെ മാറുന്ന രീതികളെ പറ്റി പൊതുമരാമത്ത് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് അവിടെ സംസാരിച്ചിട്ടുണ്ട്. ഇത് എൻജിനീയർമാർ ശ്രദ്ധിക്കേണ്ടതാണ്. ലോകത്ത് ഈ വിഷയത്തിലുള്ള ചർച്ചകളും നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും നമ്മൾ അറിയണം, നടപ്പിലാക്കണം.

അതേസമയം തന്നെ കേരളത്തിലെ റോഡിലെ കുഴികളുടെ ഉത്തരവാദിത്തം മുഴുവൻ കാലാവസ്ഥാ വ്യതിയാനത്തിനുമേൽ കെട്ടിവച്ച്, പഴയ നിർമാണ രീതികളും, അതിനിടയിൽ അഴിമതിയും നടത്തി മുന്നോട്ട് പോകുന്നതും ശരിയല്ല. ഈ വിഷയത്തിൽ കോടതി ശക്തമായി ഇടപെടുന്നുണ്ട്, മന്ത്രിക്കും ഇക്കാര്യത്തിൽ ശ്രദ്ധ വേണം. കാലാവസ്ഥാ വ്യതിയാനം കേരളത്തിനോട് എന്താണ് ചെയ്യാൻ പോകുന്നത് എന്നതിലും, അതിന് കേരളം എങ്ങനെയാണ് തയാറെടുക്കുന്നത് എന്നതിലും കോടതിയുടെ ശ്രദ്ധ വേണം. കാരണം, ഹൈക്കോടതിതന്നെ വെള്ളം പൊങ്ങാൻ പോകുന്ന സ്ഥലത്താണിരിക്കുന്നത്.

മുരളി തുമ്മാരുകുടി

English Summary: Muralee Thummarukudy's FB Post on Roads in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com