ADVERTISEMENT

ലണ്ടൻ∙ ലോക നേതാക്കന്മാരും ബ്രിട്ടിഷ് ജനതയും അന്തിമോപചാരം അർപ്പിച്ചതിനു പിന്നാലെ രാജകുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. വിവിധ രാജ്യങ്ങളിൽനിന്ന് ക്ഷണിക്കപ്പെട്ട രാഷ്ട്രനേതാക്കൾ ഉൾപ്പെടെ 2000ൽപ്പരം പേരും വിവിധ ഘട്ടങ്ങളിലായി നടന്ന സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. വെസ്റ്റ്മിനിസ്റ്റർ ആബിയിലേക്ക് മൃതദേഹ പേടകം എത്തിച്ചതോടെയാണ് ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്. പിന്നീട് ആചാരപരമായ നടപടിക്രമങ്ങളിലൂടെ വെല്ലിങ്ടൺ ആർച്ചിലേക്ക് മൃതദേഹം എത്തിച്ചു. വഴിയരികിൽ ആയിരക്കണക്കിനുപേർ രാജ്ഞിക്ക് വിട നൽകാൻ കാത്തുനിന്നു. ശേഷം വാഹനത്തിൽ വിൻഡ്സർ കൊട്ടാരത്തിലേക്ക്.

സെന്റ് ജോർജ് ചാപ്പലിലേക്കു മൃതദേഹം എത്തിച്ചതിനു പിന്നാലെ ചാൾസ് മൂന്നാമൻ രാജാവും മറ്റു രാജകുടുംബാംഗങ്ങളും കാൽനടയായി അനുഗമിച്ചു. ചാപ്പലിലെ ചടങ്ങുകളോടെ പൊതുജനത്തിന് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരം അവസാനിച്ചു. രാജകീയ നിലവറയിലേക്കു വച്ച മൃതദേഹത്തിനടുത്തേക്ക് അവസാനനിമിഷങ്ങളിൽ അടുത്ത കുടുംബാംഗങ്ങള്‍‍ക്കു മാത്രമാണ് പ്രവേശനം. ലഭിച്ചത്. കഴിഞ്ഞവർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞിക്ക് അന്ത്യവിശ്രമമൊരുക്കിയത്.

BRITAIN-ROYALS-QUEEN-DEATH
എലിസബത്ത് രാജ്ഞിയുടെ മൃതദേഹവുമായുള്ള പേടകം വെസ്റ്റ്മിനിസ്റ്റർ ആബിയിൽനിന്ന് പുറത്തെത്തിക്കുന്നു. PHIL NOBLE / POOL / AFP

സെപ്റ്റംബർ എട്ടിന് അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച വരെ വെസറ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിനു വച്ചിരുന്നു. ബ്രിട്ടിഷ് സമയം രാവിലെ പതിനൊന്നോടെയാണ് സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചത്. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. മൃതദേഹപേടകം വെസ്റ്റ്മിനിസ്റ്റർ ഹാളിൽനിന്ന് ലോകനേതാക്കളും മറ്റും സന്നിഹിതരായിരുന്ന വെസ്റ്റമിൻസ്റ്റർ ആബിയിലേക്ക് വിലാപയാത്രയായി എത്തിച്ചു. രാജകീയ രഥത്തിലാണ് ഭൗതിക ശരീരം കൊണ്ടുവന്നത്. 142 റോയൽ നേവി അംഗങ്ങൾ ചേർന്നാണ് ഈ യാത്ര നിയന്ത്രിച്ചത്. എട്ടു കിലോമീറ്റർ യാത്രയിൽ 1600 സൈനികർ അകമ്പടിയേകി. രാജകുടുംബാംഗങ്ങളും വിലാപയാത്രയെ അനുഗമിച്ചു.

സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ്, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയവരും വെസ്റ്റ്മിനിസ്റ്റർ ആബിയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവടരക്കം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള നേതാക്കൾ എത്തി. മൃതദേഹപേടകം രാജകീയ നിലവറയിലേക്ക് മാറ്റിയപ്പോഴുള്ള പ്രാർഥനകൾക്കും സമാപന ആശീർവാദത്തിനും കാന്റർബറി ആർച്ച്ബിഷപ് ഡോ. ജസ്റ്റിൻ വെൽബി മുഖ്യകാർമികത്വം വഹിച്ചു. 

English Summary: Queen Elizabeth II's Funeral: Late Monarch Laid to Rest Alongside Husband Prince Philip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com