അന്ന് നായനാര്‍, ഇന്ന് കോടിയേരി; ‘സഹോദരനെ’ തോളിലേറ്റി പിണറായി: ഒരു തനിയാവർത്തനം
Mail This Article
കണ്ണൂർ∙ ‘‘ഇല്ലാ..ഇല്ല മരിക്കില്ല, ഞങ്ങളുടെ സഖാവ്.. ജീവിക്കുന്നു ഞങ്ങളിലൂടെ..’’; ഇ.കെ. നായനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും ശവകുടീരങ്ങള്‍ക്ക് നടുവിലായുള്ള സ്ഥലത്തേക്ക് കേടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എത്തുമ്പോൾ അലയടിച്ച മുദ്രാവാക്യവിളികളുടെ ഇടയിൽ മൃതദേഹം തോളിലെടുത്ത് മുന്നിൽനിന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍.
ലാൽ സലാം സഖാവേ എന്നുള്ള വിളികളിൽ നിറഞ്ഞ കണ്ണുകളുമായി ഹൃദയം നുറുങ്ങുന്ന വേദനയില്‍ എത്തിയ പുരുഷാരം. സഹോദരനെ നഷ്ടപ്പെട്ട വേദനയിൽ മൃതദേഹം തോളിലെടുത്ത് മുൻപന്തിയിൽ പിണറായി വിജയൻ നടക്കുമ്പോള്‍ അതു മറ്റൊരു ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമായിരുന്നു.
2004ൽ ഇ.കെ.നായനാരുടെ മൃതദേഹം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിലാപയാത്രയായി കൊണ്ടുവരുന്ന വേളയിൽ നായനാരുടെ മൃതദേഹം തോളിലെടുക്കാൻ മുന്നിൽനിന്നത് അന്നു സിപിഎം സംസ്ഥാ സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. ‘‘സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ’’ എന്ന പിണറായിയുടെ അനുസ്മരണം തന്നെ സഹോദരനെ നഷ്ടപ്പെട്ട വേദനയോടെയായിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽനിന്നു വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. കാൽനടയായി മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ ഉൾപ്പെടെയുള്ളവർ അനുഗമിക്കുകയും ചെയ്തു. വഴിനീളെ വൻ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ കാത്തുനിന്നത്.
English Summary: Pinarayi Vijayan During Kodiyeri Balakrishnan Cremation