‘യുവാക്കൾ മനഃപൂർവം പാലം കുലുക്കി, ഞങ്ങൾ മടങ്ങി; പിന്നാലെ തകർന്നുവീണു’
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നതു ചിലർ മനഃപൂർവം ക്ഷണിച്ചുവരുത്തിയ ദുരന്തമെന്ന് ആക്ഷേപം. അപകടത്തിനു തൊട്ടുമുൻപ് യുവാക്കളുടെ ഒരു സംഘം തൂക്കുപാലത്തിൽ കയറിനിന്ന് പാലം കുലുക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിനു മുൻപ് പാലത്തിലുണ്ടായിരുന്ന അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമിയും കുടുംബവുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുവാക്കൾ പാലം കുലുക്കിയതോടെ ഭയചകിതരായ ഇവർ പാതിവഴിയിൽ തിരിച്ചു പോരുകയായിരുന്നു. വൈകിട്ട് ആറരയോടെ പാലം തകർന്നു വീണു. അപകടത്തിനു തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു കൂട്ടം യുവാക്കൾ പാലത്തിൽനിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ചിലർ പാലം കുലുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നേരത്തെ, പാലത്തിൽ ഒട്ടേറെ ആളുകൾ നിൽക്കെ ഏതാനും പേർ ചേർന്ന് പാലം കുലുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത് പഴയ വിഡിയോയാണെന്നും വാദമുണ്ട്.
പാലത്തിലൂടെ കുടുംബാംഗങ്ങൾക്കൊപ്പം നടക്കുന്ന സമയത്ത് ഒരുകൂട്ടം യുവാക്കൾ മനഃപൂർവം പാലം കുലുക്കിയെന്നാണ് ഗോസ്വാമിയുടെ ഭാഷ്യം. പാലത്തിലുണ്ടായിരുന്ന ആളുകൾക്ക് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരത്തിൽ പാലം കുലുക്കുന്നത് അപകടകരമാണെന്നു തോന്നിയതോടെ, ഗോസ്വാമിയും കുടുംബവും അതിവേഗം തിരികെ പോന്നു. യുവാക്കൾ പാലം കുലുക്കുന്ന കാര്യം അവിടെയുണ്ടായിരുന്ന പാലം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, അവർ ഗൗനിച്ചില്ലെന്നും ഗോസ്വാമി പറയുന്നു. ദീപാവലി അവധി ആഘോഷിക്കാനാണ് ഗോസ്വാമിയും സംഘവും മോർബിയിലെത്തിയത്.
‘‘അവധി ദിവസമായതിനാൽ പാലത്തിൽ വളരെയേറെ ആളുകളുണ്ടായിരുന്നു. ഞാനും കുടുംബവും പാലത്തിലുള്ള സമയത്താണ് ഒരുകൂട്ടം യുവാക്കൾ പാലം മനഃപൂർവം കുലുക്കിയത്. ഇതോടെ എവിടെയെങ്കിലും കൈകളുറപ്പിക്കാതെ പാലത്തിൽ നിൽക്കാനാകില്ലെന്ന സ്ഥിതിയായി. പാലത്തിന്റെ പാതിവഴിയിലായിരുന്ന ഞാനും കുടുംബവും, അപകടം മണത്തതോടെ അതിവേഗം തിരിച്ചുപോന്നു’ – ഗോസ്വാമി പറഞ്ഞു.
‘തൂക്കുപാലം കുലുക്കുന്നതിൽനിന്ന് യുവാക്കളെ തടയാൻ തിരികെ പോരും മുൻപ് ഞാൻ പാലം ജീവനക്കാരോട് ആവശ്യപ്പെട്ടതാണ്. അവർ പക്ഷേ, സന്ദർശകർക്ക് ടിക്കറ്റ് നൽകുന്ന തിരക്കിലായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നുമില്ലെന്നും അവർ പറഞ്ഞു. ഞങ്ങൾ അവിടെനിന്ന് പോന്ന് അധികം വൈകും മുൻപേയാണ് പാലം തകർന്നുവീണത്’ – ഗോസ്വാമി പറഞ്ഞു.
English Summary: Some youngsters shook Morbi bridge intentionally: Visitor recounts experience