ADVERTISEMENT

ഷിംല ∙ ഹിമാചൽപ്രദേശിൽ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നു പ്രകടനപത്രികയിൽ ബിജെപിയുടെ വാഗ്‌ദാനം. അടുത്തമാസം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിലും സമാനമായ വാഗ്‌ദാനം ബിജെപി നൽകിയിരുന്നു. ഹിന്ദുവോട്ടുകൾ ലഭിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണ് ഇതെന്നും ഏകീകൃത സിവിൽകോഡ്  കേന്ദ്രപരിധിയിലുള്ളതാണെന്നും പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു.

ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ വേണ്ടതിനാൽ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍ ഏക വ്യക്തിനിയമം നടപ്പാക്കാനായി, വിരമിച്ച ഹൈക്കോടതി ജ‍ഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാൻ ബിജെപി തീരുമാനമെടുത്തത് വിവാദമായിരുന്നു. 

ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കു സ്വീകാര്യതയുണ്ടാക്കിയ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു സമാനമായതുൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഹിമാചലിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നായിരുന്നു കോൺഗ്രസ് പ്രഖ്യാപനം.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സർക്കാർ ജോലി, യുവാക്കൾക്ക് 5 ലക്ഷം തൊഴിൽ തുടങ്ങി നേരത്തേ പ്രഖ്യാപിച്ച 10 വാഗ്ദാനങ്ങളും ഇതിൽപെടുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലും 4 വീതം ഇംഗ്ലിഷ് മീഡിയം സ്കൂൾ, മൊബൈൽ ചികിത്സാ ക്ലിനിക്കുകൾ, ഫാം ഉടമകൾക്ക് ഉൽപന്നങ്ങളുടെ വിലനിർണയാധികാരം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. 

ഓരോ തിരഞ്ഞെടുപ്പിലും ഭരണം മാറ്റുന്ന ഹിമാചലുകാരുടെ രീതിയെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. അടിക്കടി മരുന്നു മാറ്റുന്നത് ചികിത്സയ്ക്കു ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ആർക്കും പ്രയോജനവുമുണ്ടാകില്ലെന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. ഹിമാചലിൽ തുടർഭരണത്തിലേറുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

4 ലോക്സഭാ സീറ്റ് മാത്രമുള്ള സംസ്ഥാനമെന്ന നിലയിൽ ഹിമാചലിനെ അവഗണിക്കുകയാണ് കോൺഗ്രസെന്നും 12നു നടക്കുന്ന വോട്ടെടുപ്പിൽ ചെയ്യുന്ന ഓരോ വോട്ടും ഹിമാചലിന്റെ അടുത്ത 25 വർഷത്തെ നിർണയിക്കുന്നതാണെന്നും മോദി പറഞ്ഞു.

English Summary: BJP Promises Uniform Civil Code In Himachal If Voted Back To Power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com