ADVERTISEMENT

ഷിംല∙ സംസ്ഥാന, ദേശീയ നേതൃത്വം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫത്തേപുരിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറില്ലെന്നു കംഗ്ര ജില്ലയിലെ ഫത്തേപുരിൽ ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ച മുൻ രാജ്യസഭാംഗം കൃപാൽ പർമാർ. മത്സരത്തിൽ നിന്ന് പിൻമാറണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടുവെന്നും കൃപാൽ പർമാർ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അവകാശപ്പെട്ടു.

ഫത്തേപുരിൽ മത്സരിക്കുമെന്ന തീരുമാനവുമായി മുന്നോട്ടു പോകുമെന്നു പ്രധാനമന്ത്രിയോട് തുറന്നു പറഞ്ഞുവെന്നും, ഈ ഫോൺ കോൾ നേരത്തേ ആയിരുന്നുവെങ്കിൽ തീരുമാനം മറ്റൊന്നായേനേ എന്ന് മോദിക്ക് മറുപടി നൽകിയെന്നും കൃപാൽ പർമാർ പറയുന്നു. സമൂഹമാധ്യമങ്ങളിൽ നരേന്ദ്ര മോദിയും കൃപാൽ പർമാറുമായുള്ള ടെലിഫോൺ സംഭാഷണം വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപി ഈ ടെലിഫോൺ സംഭാഷണത്തിന്റെ ആധികാരിതയെ സംബന്ധിച്ച് മൗനം പാലിക്കുമ്പോൾ സംഭാഷണം യഥാർഥമാണെന്നു കൃപാൽ പർമാർ അഭിമുഖത്തിൽ പറഞ്ഞു.

ഒക്‌ടോബർ 30ന് പ്രധാനമന്ത്രി തന്നെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെന്നാണ് കൃപാലിന്റെ അവകാശവാദം. താൻ പാർട്ടി നേതൃത്വത്തിൽ നിന്ന് തഴയപ്പെടാൻ കാരണക്കാരൻ ബിജെപി ദേശീയ അധ്യക്ഷനും തന്റെ കളിക്കൂട്ടുകാരനുമായ ജെ.പി.നഡ്ഡയാണെന്നും പ്രചരിക്കുന്ന ടെലിഫോൺ സംഭാഷണത്തിൽ പർമാർ പറയുന്നത് കേൾക്കാം. ‘‘മോദിജി 15 വർഷമായി നഡ്ഡജി എന്നെ അപമാനിക്കുന്നു’’. മോദിക്ക് തന്റെ ജീവിതത്തിൽ നിർണായക സാന്നിധ്യമുണ്ടെന്നു സംഭാഷണമധ്യേ കൃപാൽ പർമാർ സമ്മതിക്കുന്നുണ്ട്. ഈ ഫോൺകോളിന്റെ പ്രധാന്യത്തെ കുറച്ചു കാണരുതെന്നു മറുവശത്ത് നിന്ന് പറയുമ്പോൾ പ്രധാനമന്ത്രിയുടെ ഈ ഫോൺകോൾ ദൈവത്തിന്റെ സന്ദേശമായാണ് താൻ കാണുന്നതെന്നായിരുന്നു പർമാറുടെ മറുപടി.

മുൻ രാജ്യസഭാംഗമെന്ന നിലയിലും സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സാന്നിധ്യം ചെലുത്തിയിട്ടും 2017 മുതൽ  തന്നെ തഴയുന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചതെന്നും പാർട്ടിപ്രവർത്തകർ തന്നെ പരിഹസിക്കുന്ന സാഹചര്യം സൃഷ്‌ടിച്ചത് പാർട്ടിനേതൃത്വമാണെന്നും കൃപാൽ പർമാർ കുറ്റപ്പെടുത്തുന്നു. മോദിയുമായി തനിക്ക് 25 വർഷത്തെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും, മോദി ഹിമാചലിന്റെ ചുമതല വഹിക്കുന്ന കാലയളവിൽ സംസ്ഥാന ബിജെപിയുടെ ഉപാധ്യക്ഷനായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും കൃപാൽ പർമാർ പറയുന്നു.  നരേന്ദ്ര മോദിയെ ദൈവതുല്യനായാണ് താൻ കാണുന്നതെന്നും അദ്ദേഹത്തോടോപ്പം ഒരുമിച്ചു താമസിക്കുകയും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പർമാർ പറഞ്ഞു. ഹിമാചലിൽ വിമത സ്ഥാനാർഥികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ബിജെപി അടക്കമുള്ള പ്രമുഖ പാർട്ടികൾ. ആകെയുള്ള 60 സീറ്റുകളിലായി 30 ബിജെപി വിമതരാണ് മത്സര രംഗത്തുള്ളത്.

English Summary: I consider PM Modi as God, he called me: says BJP Rebel Kripal Parmar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com