ADVERTISEMENT

ന്യൂഡൽഹി∙ ലിവ്–ഇന്‍ പങ്കാളിയായ ശ്രദ്ധ വോൾക്കറെ കൊലപ്പെടുത്തിയ അഫ്താബ് അമിൻ പുനാവാല പശ്ചാത്താപമില്ലാത്ത കുറ്റവാളിയാണെന്ന് ഫൊറൻസിക് സംഘം. തെളിവു ശേഖരത്തിനും ഡിഎന്‍എ പരിശോധനയ്ക്കുമായി അഫ്താബുമായി ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘത്തിന് ഇടപെടേണ്ടി വന്നിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും വളരെ സാധാരണപോലെ പെരുമാറുന്ന ആളാണ് അഫ്താബ് എന്നും നാർകോ അനാലിസിസ് നടത്തുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരുമെന്നും സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കൃത്യം നടത്തിയ മെഹ്റൗലിയിലെ ഫ്ലാറ്റിൽ അഫ്താബിനെയെത്തിച്ചാണ് ഫൊറൻസിക് സംഘം തെളിവു ശേഖരിച്ചത്. വീടിനകത്തുള്ള എല്ലാ തെളിവും അഫ്താബ് നശിപ്പിച്ചുവെന്നാണ് മൊഴി. വെള്ളവും രാസവസ്തുക്കളും ഉപയോഗിച്ചു മൃതദേഹം സൂക്ഷിച്ച ഫ്രിജ് കഴുകി. രാസവസ്തുക്കൾ വിവിധ കടകളിൽനിന്നും ഓൺലൈൻ വഴിയുമാണ് വാങ്ങിയത്. ‘‘അടുക്കളയിൽ നടത്തിയ പരിശോധനയിൽനിന്ന് ചില രക്തക്കറകൾ കണ്ടെടുത്തിട്ടുണ്ട്. പക്ഷേ പരിശോധനകൾക്കുശേഷമാത്രമെ എന്തെങ്കിലും അനുമാനത്തിലെത്താനാകൂ. ആറു മാസങ്ങൾക്കുമുൻപാണ് കുറ്റകൃത്യം നടന്നിരിക്കുന്നത്. അഫ്താബ് തെളിവു നശിപ്പിച്ച രീതി വച്ചുനോക്കുമ്പോൾ തെളിവു കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്’’ – ഫൊറൻസിക് സംഘം പറഞ്ഞു.

എഫ്എസ്എൽ ശേഖരിച്ച തെളിവുകളുടെ ഡിഎൻഎ പരിശോധന നടത്തണം. ‘‘കുറ്റകൃത്യം നടന്ന നിരവധി സ്ഥലങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ, ഇത്രയും വൃത്തിയായി സൂക്ഷിച്ചവ കണ്ടിട്ടില്ല. തെളിവുകൾ ഇല്ലാതാക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് രക്തക്കറകൾ ഒന്നും ബാക്കിയില്ല. പുസ്തകങ്ങൾ വായിച്ചോ ഓൺലൈനായി ഗവേഷണം നടത്തിയോ ഇയാൾ തെളിവു നശിപ്പിക്കാനായി ഒട്ടേറെ പരിശ്രമിച്ചിട്ടുണ്ട്’’ – ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഓടയിൽനിന്നു ലഭിച്ച 13 അസ്ഥികൾ എഫ്എസ്എൽ പരിശോധിക്കുന്നുണ്ട്. മനുഷ്യ അസ്ഥകളാണെന്ന് വ്യക്തമാണെങ്കിലും കൂടുതൽ പരിശോധന നടത്തി അത് ശ്രദ്ധയുടേതുതന്നെയാണെന്ന് ഉറപ്പാക്കണം. അസ്ഥികൾ എവിടെനിന്നു കിട്ടുമെന്ന് അഫ്താബ് പറയുന്നുണ്ടായിരുന്നു. വീടു പരിശോധനയ്ക്കിടെ, കട്ടിൽ ചൂണ്ടി അവിടെവച്ചാണ് ശ്രദ്ധയെ കൊന്നതെന്നും ശുചിമുറി ചൂണ്ടിക്കാട്ടി അവിടെവച്ചാണ് ശരീരം 35 കഷണങ്ങൾ ആക്കിയതെന്നും ഇയാൾ പറഞ്ഞു. ചില അസ്ഥികൾ നിക്ഷേപിച്ച ഓടയും ഇയാൾ കാട്ടിത്തന്നു. മുഴുവൻ സമയവും ശാന്തനായിരുന്നു ഇയാളെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

English Summary: Mehrauli murder case: 'Aaftab Poonawala behaving like a hardcore criminal, crime scene wiped clean'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com