‘രാഹുലിന്റെ യാത്രയ്ക്ക് എന്തിന് ദോഷം വരുത്തുന്നു?’: വിവാദത്തിൽ സച്ചിൻ പക്ഷം
Mail This Article
ന്യൂഡൽഹി∙ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി നിയമിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാൻ പര്യടനം തടയുമെന്ന സമുദായ നേതാവിന്റെ ഭീഷണിയിൽനിന്ന് ഒഴിഞ്ഞുമാറി സച്ചിൻ പക്ഷം. ‘രാഹുലിന്റെ യാത്രയ്ക്ക് എന്തിന് ദോഷം വരുത്തുന്നു?’ എന്നതാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളുടെ ചോദ്യം.
ഗുർജർ നേതാവ് വിജയ് സിങ് ബെയ്ൻസ്‌ല ആണ് വിഡിയോ ആയി മുന്നറിയിപ്പ് നൽകിയത്. ‘‘നിലവിലെ കോൺഗ്രസ് സർക്കാർ നാലു വർഷം പൂർത്തിയാക്കി. ഇനി ഒരു വർഷം കൂടി ബാക്കിയുണ്ട്. ഇപ്പോൾ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം. അതു സംഭവിക്കുകയാണെങ്കിൽ രാഹുൽ ഗാന്ധിയെ ഇവിടെ സ്വാഗതം ചെയ്യും. അല്ലെങ്കിൽ എതിർക്കും’’- ഇതായിരുന്നു ബെയ്ൻസ്‌ലയുടെ മുന്നറിയിപ്പ്. സച്ചിനുവേണ്ടി മുൻപും വാദിച്ചിരുന്ന ബെയ്ൻസ്‌ല മഹാരാഷ്ട്രയിലെ യാത്രയിൽ സച്ചിൻ പങ്കെടുക്കാനിരിക്കെയാണ് ഭീഷണി പരാമർശം നടത്തിയത്.
വിവാദമായതോടെ ഇതു സച്ചിൻ പൈലറ്റിനെ മോശമായി ബാധിക്കാൻ തുടങ്ങിയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ബിജെപി യാത്രയെ തടയാൻ ശ്രമിക്കുകയാണെന്നും അതു പൊതുജനത്തിന് നന്നായി അറിയാമെന്നുമായിരുന്നു സച്ചിൻ പൈലറ്റ് ഇതിനോടു പ്രതികരിച്ചത്.
അതേസമയം, 2019ൽ അധികാരത്തിൽ കയറുമ്പോൾ ഗുർജർ സമൂഹത്തിനു നൽകിയ കരാറാണ് സമുദായത്തിൽനിന്ന് ഒരു മുഖ്യമന്ത്രിയെന്നതെന്ന് ദേശീയ മാധ്യമത്തോടു സംസാരിക്കവെ ബെയ്ൻസ്‌ല പറഞ്ഞു. ‘‘ഞങ്ങളുടെ മുന്നിൽ അവർ വാതിൽ അടയ്ക്കുകയാണ്. അന്നു പറഞ്ഞതുപോലെ കാര്യങ്ങൾ നടത്തിക്കിട്ടണം. ഞങ്ങൾ ആരെയും തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ല. ഇനി എത്രകാലം കൂടിയാണ് ഞങ്ങൾ കാത്തിരിക്കേണ്ടത്. ഒരു വഴക്കിലേക്കോ സംഘർഷത്തിലേക്കോ നമ്മൾ എന്തിനാണ് പോകുന്നത്? ഈ കാര്യങ്ങൾ രാഹുൽ ഗാന്ധിയിലേക്ക് എത്തണം. എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല.’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
അശോക് ഗെലോട്ട് – സച്ചൻ പൈലറ്റ് തർക്കം കൈവിട്ടു പോകുന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ് ബെയ്ൻസ്‌ലയുടെ ഭീഷണിയോടെ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തുനിന്ന്, കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സമുദായ നേതാവിന്റെ പരാമർശം രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയെയും മാത്രമല്ല അടുത്ത വർഷം തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സംസ്ഥാന കോൺഗ്രസിന്റെ തയാറെടുപ്പുകളെയും ബാധിക്കും. ഇന്ത്യയെ ഏകീകരിക്കാനുള്ള യാത്രയ്ക്കു പകരം കോൺഗ്രസിനെ ഏകീകരിക്കാനുള്ള യാത്രയാണ് രാഹുൽ നടത്തേണ്ടതെന്ന് ബിജെപി പരിഹസിക്കുന്നുണ്ട്.
English Summary: "Why Bring Rahul Gandhi's Yatra Into It?" Team Pilot On Leader's Warning