ADVERTISEMENT

ഹൈദരാബാദ്∙ പ്രോട്ടോകോള്‍ അനുസരിച്ചു സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനു ക്ഷണിച്ചില്ലെന്നാരോപിച്ചു ഹൈദരാബാദില്‍ എംഎല്‍എ കുട്ടികള്‍ക്കു മുന്നില്‍ വച്ചു പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്തു. തെലങ്കാനയിലെ ഗെഡ്‌വാള്‍ ജില്ലയിലാണു സംഭവം. ഗെഡ്‌വാള്‍ ജില്ലയിലെ സര്‍ക്കാര്‍ ബി.സി. റസിഡന്‍ഷ്യല്‍ സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനത്തിനിടെയായിരുന്നു കയ്യേറ്റം.

തെലങ്കാന രാഷ്ട്ര സമിതി(ടിആർഎസ്) എംഎല്‍എ ബണ്ട്ള കൃഷ്ണമോഹന്‍ റെഡ്ഡിയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സരിതയെയുമാണു സ്കൂള്‍ അധികൃതര്‍ ഉദ്ഘാടനത്തിനു ക്ഷണിച്ചിരുന്നത്. എന്നാല്‍ എംഎല്‍എ സ്ഥലത്ത് എത്തുന്നതിനു മുന്‍പ് ചടങ്ങ് തീര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെട്ടിടം തുറന്നു നല്‍കുകയും ചെയ്തു. ഇതാണു കൃഷ്ണമോഹന്‍ റെഡ്ഡിയെ കുപിതനാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം നിലയ്ക്കു ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുവെന്നു പ്രിന്‍സിപ്പാൾ വെങ്കട്ട് റെഡ്ഡി വിശദീകരിക്കുന്നതിനിടെ എംഎല്‍എ കയ്യേറ്റം ചെയ്യുകയായിരുന്നു. കോളറില്‍ പിടിച്ചു തള്ളുകയും കയര്‍ത്തു സംസാരിക്കുകയും ചെയ്തു.

ടിആർഎസിലെ ഗ്രൂപ്പിസത്തിന്റെ തുടര്‍ച്ചയാണു കയ്യേറ്റമെന്നാണു റിപ്പോര്‍ട്ട്. എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഗെഡ്‌വാളില്‍ മേല്‍കൈ നേടാന്‍ പരസ്പരം മത്സരിക്കുന്നവരാണ്. ഇതാണു കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണു റിപ്പോര്‍ട്ട്. അതേസമയം, ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവിചാരിതമായി സംഭവിച്ചു പോയതാണു കയ്യേറ്റമെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

English Summary: TRS MLA slaps school principal in full public view

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com