ADVERTISEMENT

പരുത്തിപ്പാടങ്ങളും സൂര്യകാന്തിപ്പാടങ്ങളുമൊക്കെ ഇടകലർന്ന് അതിരിടുന്ന കൊച്ചുപട്ടണമാണ് വഡ്ഗാം. തൊട്ടടുത്തുള്ള മെഹ്സാന, വ്യവസായങ്ങളുടെയും നഗരജീവിതത്തിന്റെയും പളപ്പിൽ കഴിയുമ്പോൾ തികച്ചും സാധാരണമായ ജീവിതം നയിക്കുന്ന ഒരു പട്ടണം. കർഷകരാണ് ഏറെയും. വഡ്ഗാമിലെ സിറ്റിങ് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഏതെന്നു കണ്ടു പിടിക്കാൻ പാടു പെടും. ഒരു ട്രാക്ടർ ഡീലറുടെ ഷോറൂമിനു വശത്തെ പിരിയൻ കോവണി കയറിയെത്തുമ്പോൾ മേവാനിയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും ഉള്ളിലുള്ളതല്ലാതെ മറ്റൊന്നുമില്ല ഇതൊരു തിരഞ്ഞെടുപ്പു സമിതി സെറ്റപ്പാണെന്നു മനസ്സിലാക്കാൻ. ‌എന്തുകൊണ്ട് ഒരു കൊടി പോലും പുറത്തില്ല എന്നതിന് ജിഗ്നേഷിന്റെ ക്യാംപെയ്ൻ മാനേജർമാരിലൊരാളായ അഡ്വ. സുബോധ് കുമാറിനു മറുപടിയുണ്ട്: ‘‘ഒരു കൊടി തൂക്കിയാൽ, ഒരു പോസ്റ്ററൊട്ടിച്ചാൽ അപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ ആളുകൾ വന്ന് അത് തിരഞ്ഞെടുപ്പു ചെലവിൽ കണക്കാക്കും. ബിജെപിക്ക് ഈ പ്രശ്നമൊന്നുമില്ലേയെന്ന് ഞങ്ങൾ അദ്ഭുതപ്പെടാറുണ്ട്’. 

ബിജെപിയുടെ പണക്കൊഴുപ്പിനെതിരെ കൂടിയാണ് താൻ മത്സരിക്കുന്നതെന്ന് ജിഗ്നേഷ് മേവാനിയും പറയുന്നു. പൊടിനിറഞ്ഞ പാതയ്ക്കരികിൽനിന്ന് കൈവീശുന്ന ഗ്രാമീണരെ, ഇന്നോവയുടെ മുൻസീറ്റിലിരുന്ന് പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് മേവാനി പറഞ്ഞു:

 

‘‘കോൺഗ്രസ് നൽകിയ തിരഞ്ഞെടുപ്പു ഫണ്ട് കൊണ്ട് ബിജെപിയെപ്പോലൊരു പാർട്ടിയുടെ പണക്കൊഴുപ്പിനെ നേരിടാനാവില്ല. അതു കൊണ്ടാണ് ഞാൻ ക്രൗഡ് ഫണ്ടിങ് തുടങ്ങിയത്. 40 ലക്ഷം രൂപ അതുവഴി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറേ പേർ പണം നൽകുന്നുണ്ട്.’’. 

ഗുജറാത്ത് കോൺഗ്രസിൽ ജിഗ്നേഷിനെപ്പോലെ ജനങ്ങളുമായി ‘കണക്റ്റ്’ ചെയ്യുന്ന മറ്റു നേതാക്കൾ ഇല്ലെന്നു തന്നെ പറയാം. ജിഗ്നേഷിന് മണ്ഡലത്തെയും മണ്ഡലത്തിന് ജിഗ്നേഷിനെയും അത്രമേൽ അറിയാം. 

 

∙ ‘ഗുജറാത്ത് മോഡൽ എന്ന വ്യാജ പ്രചാരണം’

എനിക്കു തന്നെ സ്വപ്നം കാണാൻ പറ്റാത്തത്ര വലിയ തുകയാണ് ബിജെപി ഓഫർ ചെയ്തത്. ഗുജറാത്തിൽ കോൺഗ്രസുകാരെ ബിജെപി നേരിടുന്നത് രണ്ടു വഴിക്കാണ്. ആദ്യം ചെക്ക് തരും. അതിനു വഴങ്ങിയില്ലെങ്കിൽ ‘അമിത്ഷാ’ വരും. എന്നുവച്ചാൽ കേസുകളുടെ മാല പിന്നാലെ വരും

 

ജിഗ്നേഷ് മേവാനി വഡ്‌ഗാമിൽ പ്രചാരണത്തിനിടെ. ചിത്രം: സജീഷ് ശങ്കർ∙ മനോരമ
ജിഗ്നേഷ് മേവാനി വഡ്‌ഗാമിൽ പ്രചാരണത്തിനിടെ. ചിത്രം: സജീഷ് ശങ്കർ∙ മനോരമ

ഏന്ത്ര എന്ന കുഗ്രാമത്തിലാണ് ജിഗ്നേഷിന്റെ യോഗം. കവലയിലെ ആൽമരച്ചുവട്ടിൽ കുറേ ഗ്രാമീണർ കൂടിയിരിക്കുന്നു. എണ്ണ തേയ്ക്കാത്ത ചപ്രത്തലമുടിയും മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ച കുട്ടികൾ ഓടിക്കളിക്കുന്നു. നരച്ച ചേല ചുറ്റിയ സ്ത്രീകളാണ് ഏറെയും. തലപ്പാവും മ‍ഞ്ഞ നിറം പൂണ്ട വെള്ളക്കുപ്പായവും ധോത്തിയും ധരിച്ച ഗ്രാമീണരുമുണ്ട്. ഏതു സ്വീകരണ യോഗത്തിൽ ചെന്നാലും ഹാരാർപ്പണമാണ് മുഖ്യ ചടങ്ങ്. മൈക്കു കിട്ടിയ സന്തോഷത്തിൽ പ്രാദേശിക നേതാക്കൾ തങ്ങളുടെ ഭാഷണത്തിനു ശേഷം ഓരോരുത്തരെയായി വിളിക്കും. ഒരേ മാല തന്നെയാണ് പല കൈ മാറി ജിഗ്നേഷിന്റെ കഴുത്തിൽ വീഴുന്നത്. ഒരാളിട്ടാൽ അത് സഹായി വീണ്ടും അനൗൺസർക്കു നൽകും. 

 

‘‘ഞാൻ അഭിഭാഷകനാണ്. ഞാനെന്റെ ജോലി എടുക്കുകയാണെങ്കിൽ എംഎൽഎ എന്ന നിലയ്ക്കുള്ളതിനേക്കാൾ വരുമാനം എനിക്കുണ്ടാകും’’ ജിഗ്നേഷ് ‘മനോരമ’യോടു പറഞ്ഞു. ‘‘പക്ഷേ നിങ്ങൾ ഈ ഗ്രാമീണരെ നോക്കൂ. ഞാൻ തന്നെ പെട്രോളടിക്കാൻ കഷ്ടപ്പെടുന്നു. അപ്പോൾ ഇവരുടെയൊക്കെ ജീവിതാവസ്ഥ എങ്ങനെയാകും. അതു മാറണമെങ്കിൽ ബിജെപിയുടെ ദുർഭരണം ഗുജറാത്തിൽ തീരണം. ഗുജറാത്ത് മോഡൽ എന്ന വ്യാജ പ്രചാരണത്തിന്റെ യഥാർഥ ചിത്രം ഇപ്പോൾ നിങ്ങൾ കണ്ടു മനസ്സിലാക്കിയില്ലേ? അതു മാറണമെന്ന് എന്നെപ്പോലെ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്’’. 

 

ഗ്രാമത്തിലെ ഠാക്കൂർമാരും ചൗധരി വിഭാഗവും ദലിതരുമെല്ലാം ജിഗ്നേഷിനൊപ്പമുണ്ട്. യോഗങ്ങളിൽ അവരുടെ പ്രതിനിധികൾ, കോവിഡ്‌കാലത്ത് തങ്ങളുടെ ജീവനു കാവലായ ജിഗ്നേഷിനോടുള്ള നന്ദിയും കടപ്പാടും വ്യക്തമാക്കുന്നുണ്ട്. ഗുജറാത്തിൽ കോൺഗ്രസിന് ഏറെ സ്വാധീനമുള്ള ജില്ലയാണ് വഡ്ഗാം മണ്ഡലമുൾപ്പെടുന്ന ബനസ്കാന്ത. 2017ല്‍ ഇവിടെ ഒൻപതിൽ ഏഴു സീറ്റും കോൺഗ്രസിനായിരുന്നു. ഇപ്പോൾ ആ വിശ്വാസ്യത കോൺഗ്രസിനുണ്ടോ എന്ന ചോദ്യം പ്രതീക്ഷിച്ചെന്ന പോലെ ജിഗ്നേഷ് ചിരിക്കുന്നു. 

 

‘‘നിങ്ങളെന്താണ് മറുകണ്ടം ചാടിയവരെക്കുറിച്ചു മാത്രം പറയുന്നത്? കോൺഗ്രസ് എംഎൽഎമാരിൽ 60 പേർ ഇപ്പോഴും പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കുന്നത് കാണുന്നില്ലേ? എനിക്കു തന്നെ സ്വപ്നം കാണാൻ പറ്റാത്തത്ര വലിയ തുകയാണ് ബിജെപി ഓഫർ ചെയ്തത്. ഗുജറാത്തിൽ കോൺഗ്രസുകാരെ ബിജെപി നേരിടുന്നത് രണ്ടു വഴിക്കാണ്. ആദ്യം ചെക്ക് തരും. അതിനു വഴങ്ങിയില്ലെങ്കിൽ ‘അമിത്ഷാ’ വരും. എന്നുവച്ചാൽ കേസുകളുടെ മാല പിന്നാലെ വരും’’. അതിനെ അതിജീവിച്ചു നിൽക്കാമെങ്കിൽ ബിജെപിയെ പോരാടി ജയിക്കാമെന്നും ജിഗ്നേഷ് പറയുന്നു. 

 

∙ വോട്ടുറപ്പാക്കലിന്റെ ‘ജിഗ്നേഷ് ശൈലി’

 

തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് ജിഗ്നേഷ് ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ. ജനങ്ങളോടു ചോദ്യോത്തരങ്ങളായാണ് പ്രസംഗം. അതിനു ശേഷം ഓരോ ചെറുഗ്രാമത്തിലും യോഗത്തിൽ നിന്ന് 5 പേരെ വീതം തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ തവണ ആ ഗ്രാമത്തിൽ എത്ര വോട്ടുകൾ പോൾ ചെയ്യപ്പെട്ടോ അതിനിരട്ടി വോട്ടുകൾ ഇത്തവണ ജിഗ്നേഷിനായി ചെയ്യിപ്പിക്കേണ്ട ചുമതലയാണ് ആ അഞ്ചു പേർക്കുമുള്ളത്. ഓരോ വീട്ടിലും കയറി ആളുകൾ പോളിങ് ബൂത്തിലെത്തുന്നു എന്നുറപ്പിക്കാനാണിത്. വോട്ടർപ്പട്ടികയിലെ ഓരോ പേജിനും ഓരോ കമ്മിറ്റിയെ നിശ്ചയിച്ച് അവരുടെ വോട്ടുറപ്പാക്കുന്ന ബിജെപിയുടെ ശൈലിക്കുള്ള ജിഗ്നേഷിന്റെ ബദലാണിത്. 

 

‘‘വഡ്ഗാമിൽ കോൺഗ്രസ് ശക്തമാണ്. സമ്മതിച്ചു. പക്ഷേ മറ്റിടങ്ങളിൽ?’’ എല്ലായിടത്തും ബൂത്തു തലത്തിൽ കോൺഗ്രസ് ശക്തമാണെന്ന് ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റുകൂടിയായ ജിഗ്നേഷ് പറയുന്നു. ഇത്തവണ നിശബ്ദമായാണ് കോൺഗ്രസ് അടിത്തറയുണ്ടാക്കിയത്. വൻ റാലികളോ പ്രചണ്ഡ പ്രചാരണങ്ങളോ ഇല്ല. ചെറുയോഗങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ബൂത്തുതലത്തിൽ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറയുന്നു. ശക്തമായ സംഘടനാ സംവിധാനവും പണവുമുള്ളതിനോടൊപ്പം ഹിന്ദുത്വ രാഷ്ട്രീയം കൂടിയാണ് ഗുജറാത്തിൽ ബിജെപിയുടെ കരുത്ത്. യുവതലമുറയിൽപ്പെട്ട പല വോട്ടർമാരും ബിജെപിയെ അല്ലാതെ മറ്റൊരു പാർട്ടിയെ അധികാരത്തിൽ കണ്ടിട്ടില്ല. മാറ്റത്തിന്റെ പ്രതീകമായി അവരിൽ പലരും കാണുന്നത് ആം ആദ്മി പാർട്ടിയെ ആണു താനും. അത് കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 

 

∙ ആം ആദ്മിയുണ്ട്, ബിജെപി ഭീഷണിയും

 

കോൺഗ്രസിന്റെ മണ്ഡലമാണ് വഡ്ഗാം. ജിഗ്നേഷിനു മുൻപ് മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായിരുന്ന മണിലാൽ വഗേലയാണ് ഇത്തവണ ബിജെപിയുടെ സ്ഥാനാർഥിയെന്നത് ഒരു വെല്ലുവിളിയാണ്. 2017ൽ ജിഗ്നേഷിനെ കോൺഗ്രസ് പിന്തുണച്ചപ്പോൾ മറ്റൊരു മണ്ഡലത്തിലേക്കു മാറി തോറ്റ മണിലാൽ ഇത്തവണ സീറ്റു തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ജിഗ്നേഷ് കോൺഗ്രസിൽ ചേർന്നതോടെ രാഷ്ട്രീയ ഭാവി വെള്ളത്തിലാകുമെന്ന തോന്നലിൽ അദ്ദേഹം ബിജെപിയിലേക്കു മാറി. ശക്തമായ പിന്തുണ തനിക്കുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 

 

എന്നാൽ പ്രാദേശിക ബിജെപി നേതൃത്വത്തിൽ, കോൺഗ്രസുകാരന് സീറ്റു കൊടുത്തതിൽ കാര്യമായ എതിർപ്പുണ്ട്. ഇവിടെ മിടുക്കരായ ആളുകളുള്ളപ്പോൾ എന്തിനു പുറത്തുനിന്ന് ആളെ കൊണ്ടുവന്നു മത്സരിപ്പിക്കണം എന്നതാണ് അവരുടെ ചോദ്യം. എന്നാലും പാർട്ടിയെ പരമാവധി യോജിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്ന് ബിജെപി സംസ്ഥാന വക്താവായ യമൽ വ്യാസ് ‘മനോരമ’യോടു പറഞ്ഞു. വികസനം വേണമെങ്കിൽ ബിജെപി വരണം എന്നത് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറയുന്നു. 

 

ദലിത് നേതാവായ ദൽപത് ഭാട്ടിയയാണ് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി. കഴിഞ്ഞ തവണ ജിഗ്നേഷിനു വേണ്ടി പിന്മാറിയ ആം ആദ്മി പാർട്ടി ഇത്തവണ ശക്തമായി രംഗത്തുള്ളത് കോൺഗ്രസിന് തടസ്സമുണ്ടാക്കുമെന്നും ബിജെപി കണക്കു കൂട്ടുന്നുണ്ട്. എന്നാൽ കഴിഞ്ഞ തവണ സ്വതന്ത്രനായി നിന്ന തനിക്ക് ഇത്തവണ കോൺഗ്രസിന്റെ പാർട്ടി സംവിധാനം മുഴുവൻ പിന്തുണ നൽകുന്നതിനാൽ ഭൂരിപക്ഷം കൂടുകയേയുള്ളൂവെന്നാണ് ജിഗ്നേഷ് പറയുന്നത്. ഇത്തവണ ഹിന്ദുത്വമല്ല വിഷയമെന്നും സാമ്പത്തിക പ്രശ്നങ്ങളാണെന്നും കൂടി ജിഗ്നേഷ് പറയുന്നുണ്ട്. ഗുജറാത്ത് അങ്ങനെയാണോ ചിന്തിക്കുന്നതെന്ന് ഡിസംബർ എട്ടിന് അറിയാം.

 

English Summary: Can Jignesh Mevani Win the Seat again in Vadgam Assembly Constituency in Gujarat?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com