യുവാവ് മരിച്ചത് കാര്‍ അപകടത്തിലോ?; ഒരാൾ പുറത്തേക്ക് ഓടി: ദുരൂഹത
Mail This Article
കോഴിക്കോട്∙ നാദാപുരത്ത് കാറപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്രീജിത്തിന്റെ ഒപ്പം കാറിൽ ഉണ്ടായിരുന്നു എന്ന് കരുതുന്നയാള്‍ പുറത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
നാദാപുരം നരിക്കാട്ടേരി കനാൽ പാലത്തിന് സമീപം കാറിൽനിന്നു വീണ നിലയിൽ കണ്ടെത്തിയ കാസർഗോഡ് ചെറുവത്തൂർ സ്വദേശി ശ്രീജിത്ത് ഞായറാഴ്ച രാവിലെ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. വാരിയെല്ലുകൾ തകർന്ന് രക്തസ്രാവമുണ്ടായിട്ടുണ്ട്. ഇടതു കയ്യിലെ എല്ലിന് പൊട്ടലുണ്ട്. തലയ്ക്കു പിന്നിൽ ആഴത്തിൽ പരിക്കുമുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്ഷതമേറ്റ പാടുകളും കണ്ടെത്തി. ശ്രീജിത്ത് സഞ്ചരിച്ചിരുന്ന കാറിൽ അജ്ഞാതന്റെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചു.
ശനിയാഴ്ച്ച വൈകുന്നേരം വീട്ടിലെത്തിയ ശ്രീജിത്തിന്റെ കാർ ഓടിച്ചത് ഇയാളാണെന്നും സൂചനയുണ്ട്. സംഭവ സ്ഥലത്തുനിന്ന് ഷോൾഡറിൽ ബാഗുമായി ഒരു യുവാവ് ഓടി പോവുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കാർ വൈദ്യുതി തൂണിൽ ഇടിച്ച നിലയിലാണെങ്കിലും കാറിനോ, തൂണിനോ കേടുപാടുകൾ ഒന്നുമില്ലാതിരുന്നത് പൊലീസിന് സംശയത്തിനിടയാക്കി. റൂറൽ എസ്പിയുടെ നിർദേശ പ്രകാരം നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 9 പേർ അടങ്ങുന്ന പ്രത്യേക സംഘം അന്വേഷണത്തിനായി രൂപീകരിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കാറിൽനിന്നു ലഭിച്ച ശ്രീജിത്തിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കുകയാണ്.
English Summary: Youth death in car accident updates