ജഗന്റെ കോട്ട കാത്ത 3 സ്ത്രീകൾ; ശർമിളയുടെ പ്രതികാരത്തിൽ തകർന്ന കോൺഗ്രസ്; കാറിൽ കെട്ടി വലിച്ച് ‘കെസിആർ’
Mail This Article
‘റെഡ്ഡിമാർ പ്രതികാരം ചെയ്യാൻ തീരുമാനിച്ചാൽ ശത്രുവിന്റെ നാശം കണ്ടേ അടങ്ങൂ, അതിനു സാധിച്ചില്ലെങ്കിൽ സ്വയം ഇല്ലായ്മ ചെയ്യും’ എന്നൊരു ചൊല്ലുണ്ട്. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെയും ഇളയ സഹോദരി വൈ.എസ് ശർമിളയുടെയും ഇരുവരുടെയും മാതാവ് വൈ.എസ് വിജയമ്മയുടെയും കാര്യത്തിൽ എന്തായാലും ഇതുവരെ നടന്നത് ആദ്യം പറഞ്ഞതാണ്– ആന്ധ്രയിൽനിന്ന് ‘ശത്രു’വായ കോൺഗ്രസ് പാർട്ടിയെ വേരോടെ പിഴുതെറിഞ്ഞു. റെഡ്ഡി കുടുംബത്തോട് അടുത്തു നിൽക്കുന്നവർ പ്രചരിപ്പിക്കുന്ന ആ കഥ ഇങ്ങനെ: അവിഭക്ത ആന്ധ്ര പ്രദേശിന്റെ സർവാധികാരിയായ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വൈ.എസ് രാജശേഖര റെഡ്ഡി വാഴുന്ന കാലം. പാർട്ടി ഹൈക്കമാൻഡുമായും അടുത്ത ബന്ധം. എന്നാൽ 2009–ലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രാജശേഖര റെഡ്ഡി കൊല്ലപ്പെടുന്നു. അപ്പോഴേക്കും വൻ വ്യവസായിയായി വളർന്നു കഴിഞ്ഞിരുന്ന മുപ്പത്തിയെട്ടുകാരനായ മകൻ ജഗൻ മോഹൻ റെഡ്ഡി കടപ്പയിൽനിന്നുള്ള എം.പിയും. പിതാവിന്റെ മരണത്തോടെ ജഗൻ പാർട്ടി നേതൃത്വത്തിലേക്കോ മുഖ്യമന്ത്രി പദത്തിലേക്കോ വരുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കുന്ന സമയം. കുടുംബത്തിന് ജനങ്ങൾക്കിടയിലും പാർട്ടിയിലും മികച്ച സ്ഥാനം. പക്ഷേ, ആന്ധ്രയിലെ കോണ്‍ഗ്രസുകാരും ഹൈക്കമാൻഡും ചിന്തിച്ചത് അങ്ങനെ ആയിരുന്നില്ല. കെ. റോസയ്യ മുഖ്യമന്ത്രിയായി. പതിയെ റെഡ്ഡി കുടുംബവും റോസയ്യ സർക്കാരും തമ്മിലുള്ള അധികാരവടംവലിയും ആരംഭിച്ചു. ഇതിനിടെയാണ്, രാജശേഖര റെഡ്ഡിയുടെ മരണത്തിൽ ദു:ഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെയും അസുഖബാധിതരായവരുടെയുമൊക്കെ വീടുകൾ സന്ദർശിക്കുന്ന ‘ഒതർപ്പ് യാത്ര’യ്ക്ക് ജഗൻ തുടക്കമിട്ടത്. പക്ഷേ കോൺഗ്രസ് ഹൈക്കമാൻഡ് ഇതിനെ കണ്ടത് സംസ്ഥാന സർക്കാരിനെ തകിടം മറിക്കാനുള്ള യാത്രയായാണ്. അങ്ങനെ 2010 മധ്യത്തോടെ വിജയമ്മ എന്ന വൈ.എസ് വിജയലക്ഷ്മിയേയും വൈ.എസ് ശർമിളയേയും പാർട്ടി ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുന്നു. രാജശേഖര റെഡ്ഡി എന്ന വലിയ നേതാവിന്റെ ഭാര്യയും മകളുമായതിനാൽ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പറ്റും എന്നൊരു തോന്നൽ അവർക്കുണ്ടായിരുന്നു.