ADVERTISEMENT

മുംബൈ∙ ദക്ഷിണ കൊറിയയിൽനിന്നുള്ള യൂട്യൂബർക്കു നേരെ മുംബൈയിലെ തെരുവിൽ യുവാവിന്റെ അതിക്രമം. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഇതിന്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ് വിഡിയോ എടുത്തിരുന്ന യുവതിയുടെ കയ്യിൽ ഒരാൾ കയറിപ്പിടിക്കുന്നതാണ് വിഡിയോ. മ്യോചി എന്ന യുവതിയുടെ നേർക്കാണ് അക്രമം ഉണ്ടായതെന്ന് പിന്നീട് അവർ സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു.

സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം നടക്കുന്നു. ആയിരത്തിലധികം പേരാണ് യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരുന്നത്. ഇവരെല്ലാം ഈ ആക്രമണം തൽസമയം കാണുകയും ചെയ്തു. സബേർബൻ ഖാർ മേഖലയിൽ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

ലൈവ് വിഡിയോ ചെയ്തിരുന്ന യുവതിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് സമീപിക്കുന്നത്. പ്രതിഷേധിച്ചിട്ടും യുവതിയുടെ കയ്യിൽക്കയറി പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവ് അടുക്കാൻ ശ്രമിക്കുമ്പോൾ ശാന്തതയോടെ സ്ഥലത്തുനിന്ന് യുവതി പോകാൻ ശ്രമിക്കുന്നുണ്ട്. പിന്നാലെ മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ യുവാവ് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. ഇതിനോട് ‘എന്റെ വീട് അടുത്തുതന്നെയാണെന്ന’ മറുപടി യുവതി നൽകുന്നുണ്ട്.

പരാതി ലഭിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാൽ സംഭവം അന്വേഷിക്കുന്നുണ്ട്. യുവതിയോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

English Summary: On camera: 'Foreign' national harassed on Mumbai street during live streaming, police respond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com