ആശ്രമം കത്തിച്ച കേസിൽ വഴിത്തിരിവ്; കുണ്ടമൺകടവ് സ്വദേശി മൊഴിമാറ്റി: ക്രൈംബ്രാഞ്ചിന് തിരിച്ചടി
Mail This Article
തിരുവനന്തപുരം∙ സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച സംഭവത്തിൽ മൊഴിമാറ്റം. കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ പ്രകാശും കുണ്ടമൺകടവിലെ കൂട്ടാളികളും ചേർന്നാണ് ആശ്രമത്തിൽ തീവച്ചതെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ പ്രകാശിന്റെ മൂത്ത സഹോദരൻ പ്രശാന്താണ് കോടതിയിൽ മൊഴി മാറ്റി പറഞ്ഞത്. തീപിടിത്തത്തെപ്പറ്റി അറിയില്ലെന്ന് രഹസ്യമൊഴിയിൽ പറയുന്നു. ആർഎസ്എസ് പ്രവർത്തകരെ പ്രതിയാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിന് മൊഴിമാറ്റം തിരിച്ചടിയാകും. ആശ്രമം കത്തിച്ച സംഭവത്തിൽ നാലര വർഷത്തിനു ശേഷമാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. അതിനിടെയാണ് മൊഴിമാറ്റം.
2018 ഒക്ടോബർ 27ന് പുലർച്ചെ ആണ് ആശ്രമത്തിൽ തീപിടിത്തമുണ്ടായത്. ആശ്രമത്തിനു കേടുപാട് സംഭവിച്ചതിനൊപ്പം പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളടക്കം മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വച്ചിരുന്നു. ശബരിമല വിഷയത്തിലടക്കം സർക്കാർ– സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതു സംഘപരിവാറുകാരാണെന്ന് അദ്ദേഹം അടക്കം ആരോപിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ആശ്രമത്തിലെ സിസിടിവി കേടായിരുന്നതടക്കം എതിർ ആരോപണങ്ങൾക്കും വഴിവച്ചു. ആശ്രമം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികളെ ഉടൻ പിടികൂടുമെന്നു പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ നാലര വർഷം പൊലീസ് ഇരുട്ടിൽ തപ്പി.
ആദ്യം സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സംഘം അന്വേഷിച്ച് പരാജയപ്പെട്ടതോടെയാണ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. പലരെയും കസ്റ്റഡിയിലെടുത്തും സിസിടിവികളും മൊബൈൽ ടവർ റെക്കോർഡുകളുമെല്ലാം ശേഖരിച്ചും പല വഴിക്ക് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്തത് വലിയ നാണക്കേടായി. അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ അനുമതി തേടുന്ന സാഹചര്യത്തിനിടെയായിരുന്നു പിടിവള്ളിയായി പ്രശാന്തിന്റെ പുതിയ മൊഴിയെത്തിയത്.
പുളിയറക്കോണം തുരുത്തുംമൂല സ്കൂളിനു സമീപം സഹോദരനും അമ്മയ്ക്കുമൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്ന പ്രകാശ് (26) ജനുവരി മൂന്നിനാണ് തൂങ്ങിമരിച്ചത്. ഇതിന്റെ തലേദിവസം പ്രകാശും സുഹൃത്തുക്കളും തമ്മിൽ അടിപിടിയുണ്ടായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലായിരുന്നു ഈ അടിപിടിയെന്നും മരണം ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നും വിളപ്പിൽശാല പൊലീസ് പറയുന്നു. എന്നാൽ അനുജന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി പ്രശാന്ത് റൂറൽ എസ്പിക്ക് പരാതി നൽകി.
രണ്ടുമാസം മുൻപ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഇതുമായി ബന്ധപ്പെട്ട് പ്രശാന്തിൽ നിന്നു വിവരങ്ങൾ ശേഖരിക്കവേയാണ് അനുജൻ ആശ്രമം കത്തിച്ച കാര്യം വെളിപ്പെടുത്തയതെന്നായിരുന്നു ക്രൈംബ്രാഞ്ച് വിശദീകരണം. ആശ്രമം കത്തിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രകാശിന്റെ ജഗതിയിലുള്ള സുഹൃത്തിനെ പൊലീസ് കഴിഞ്ഞ വർഷം കസ്റ്റഡിയിലെടുത്തിരുന്നു. അതോടെ അസ്വസ്ഥനായ അനുജൻ ആശ്രമം കത്തിക്കലിൽ താനും ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയെന്നായിരുന്നു പ്രശാന്തിന്റെ മൊഴി. അതിനുശേഷം കുറേനാൾ കഴിഞ്ഞായിരുന്നു ആത്മഹത്യ. ആർഎസ്എസ് ശാഖാ നടത്തിപ്പുകാരനായിരുന്ന പ്രകാശിനെ പിന്നീട് പിന്നീട് മറ്റു ചില കാരണങ്ങളാൽ ചുമതലയിൽനിന്നു മാറ്റിയെന്നും മൊഴിയിലുണ്ടായിരുന്നു.
English Summary: Twist in Sandeepananda Giri Ashram Firing case