‘രാഹുലിന്റെ ജനപ്രീതി കൂടി’: ജോഡോ യാത്ര അവസാനിക്കുമ്പോൾ പ്രിയങ്കയുടെ ‘മഹിളാ മാർച്ച്’
Mail This Article
ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് ആരംഭിക്കുമെന്ന് കോൺഗ്രസ്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടു മാസം നീളുന്ന യാത്രയാണ് സംഘടിപ്പിക്കുക. 2023 ജനുവരി 26ന് തുടങ്ങി രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് മാർച്ച് 26ന് സമാപിക്കും.
രാഹുൽ ഗാന്ധിയുടെ യാത്ര അവസാനിക്കുന്ന അതേദിവസം തന്നെയാകും പ്രിയങ്കയുടെ യാത്ര ആരംഭിക്കുക. ഭാരത് ജോഡോ യാത്ര പാർട്ടിക്ക് ഉണർവുണ്ടാക്കിയെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. യാത്രയുടെ സ്വാധീനം ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന് വലിയ നേട്ടം ഉണ്ടാക്കുമെന്നും രാഹുലിന്റെ ജനപ്രീതി വലിയ രീതിയിൽ വർധിച്ചതായും പാർട്ടി വിലയിരുത്തുന്നു.
ഭാരത് ജോഡോ യാത്ര 87 ദിവസം പിന്നിട്ട് രാജസ്ഥാനിലെത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ആഭ്യന്തര കലഹം രൂക്ഷമായ സംസ്ഥാനത്ത് വേണുഗോപാൽ ഇടപെട്ട് അനുനയ നീക്കം നടത്തിയിരുന്നു. യാത്രയെ ചരിത്ര സംഭവമാക്കാൻ രാജസ്ഥാനിൽ കോൺഗ്രസ് ഒത്തൊരുമയോടെ മുന്നോട്ട് പോകുമെന്ന് പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
English Summary: After Rahul Gandhi-Led Yatra, Priyanka Gandhi To Lead Mahila March