മദ്യം എടുത്ത് ബിൽ ചെയ്യാതെ കടക്കും; ബവ്റിജസ് ഔട്ട്ലെറ്റിൽ ലക്ഷങ്ങളുടെ നഷ്ടം
Mail This Article
പാലക്കാട്∙ നഗരത്തിലെ പ്രീമിയം മദ്യ വിൽപന കേന്ദ്രത്തിൽനിന്ന് വില കൂടിയ മദ്യം കവർന്നതായി പരാതി. സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ യുവാവിന്റെ പേരില്‍ കേസെടുത്ത് സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് തിരക്കുള്ള വിവിധ ദിവസങ്ങളിലായെത്തി കവർന്നതെന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയിൽ പറയുന്നു.
മദ്യത്തിന്റെ തരം നോക്കി, വില നോക്കി, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പിന്നീട് ബില്‍ നല്‍കിയാല്‍ മതി. ഇതാണ് പ്രീമിയം കൗണ്ടറിന്റെ പ്രത്യേകത. ഇതനുസരിച്ച് മദ്യം നോക്കിയെടുത്തതിന് പിന്നാലെ ഫോണില്‍ സംസാരിച്ചുകൊണ്ട് യുവാവ് മുങ്ങുകയായിരുന്നു. സമാന രീതിയിലുള്ള മദ്യക്കടത്ത് യുവാവ് നേരത്തേയും ചെയ്തിരുന്നുവെന്ന് ബവ്റിജസ് ജീവനക്കാര്‍ പറയുന്നു. വിലകൂടിയ മദ്യം നഷ്ടപ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് കണക്കിലും എണ്ണത്തിലും വലിയ അന്തരം വന്നത്. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായും ജീവനക്കാര്‍ സ്ഥിരീകരിച്ചു.
English Summary: Theft at Bevco Premium Outlet in Palakkad