ADVERTISEMENT

ന്യൂ‍ഡൽഹി∙ പെരുമാറ്റച്ചട്ടം കാറ്റിൽപ്പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് ‘രാഷ്ട്രീയ റോഡ് ഷോ’ ആണെന്ന് ആണെന്ന് കോൺഗ്രസ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് നടക്കുന്ന അഹമ്മദാബാദിൽ മോദി വോട്ട് ചെയ്യാനായി പോളിങ് സ്റ്റേഷനിലേക്ക് എത്തിയത് വൻ ജനക്കൂട്ടത്തെ സാക്ഷി നിർത്തി റോഡ് ഷോ നടത്തിയായിരുന്നു. ഇതിനെ കോൺഗ്രസ് മാത്രമല്ല, തൃണമൂൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും എതിർത്തു. 

ഗുജറാത്തിൽ സർക്കാരും പാർട്ടിയും ഭരണകൂടവും തിരഞ്ഞെടുപ്പ് സംവിധാനവും എല്ലാം ഒന്നിലേക്കു ചുരുങ്ങിയെന്നു മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി വിവിധ തലത്തിൽ ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ചു. പക്ഷേ, നിരീക്ഷക സംഘം ‘ശക്തമായ സമ്മർദ്ദത്തിലാണെന്നാണ്’ വ്യക്തമാകുന്നത് – ഖേര കൂട്ടിച്ചേർത്തു.

‘‘അഹമ്മദാബാദിൽ വോട്ടു ചെയ്യാനിറങ്ങിയ പ്രധാനമന്ത്രി രണ്ടര മണിക്കൂർ റോഡ് ഷോ നടത്താൻ തീരുമാനിച്ചു. എല്ലാ യൂട്യൂബ് ചാനലുകളും ഇത് സൗജന്യമായി കവർ ചെയ്തു. ഇതു പരസ്യം നൽകൽ അല്ലേ? എന്തുകൊണ്ട് ബിജെപിയെ കുറ്റക്കാരാക്കുന്നില്ല? എന്തുകൊണ്ടാണ് നിങ്ങളെ ബിജെപിയെ വെറുതേവിടുന്നത്. സംഭവം തിരഞ്ഞെടുപ്പ് കമ്മിഷനിൽ എത്തിക്കാൻ കോൺഗ്രസ് ‘ആവശ്യമായ നടപടികൾ’ സ്വീകരിക്കും. എല്ലാ നിയമനടപടികളും എടുക്കും. ഇത്തരം പബ്ലിസിറ്റി ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവിനകത്ത് വരുന്ന കാര്യം ഉറപ്പുവരുത്തും’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ കഴിഞ്ഞ രാത്രി ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട് വന്നിരുന്നു. സിറ്റിങ് എംഎൽഎയും ഗുജറാത്തിലെ ബനസ്കന്ദയിലെ ദൻഡ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കാന്തി ഖരാഡിയെയാണ് കാണാതായത്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷാ ജീവനക്കാരെ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചിരുന്നു. വൈകുന്നേരത്തോടെ ബിജെപി ഗുണ്ടകളായ 24 പേർ ആക്രമിച്ചുവെന്നാണ് ഇദ്ദേഹം പറയുന്നത്. സംഭവത്തിൽ അർധരാത്രിയിൽ രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു.

‘‘ബിജെപി സ്ഥാനാർഥിയും അയാളുടെ കൂടെ വാളുമായി വന്ന 150 ഗുണ്ടകളുമാണ് രാത്രി ഒൻപതരയോടെ എന്നെ ആക്രമിച്ചത്. അവരെന്നെ കൊന്നേനെ. പക്ഷേ ഞാൻ ഓടി. മൂന്ന് – നാലു മണിക്കൂറോളം കാട്ടിൽ ഒളിച്ചിരുന്നു. പൊലീസ് എന്നെ കണ്ടെത്തുകയായിരുന്നു’’ – ഖരാഡി പറഞ്ഞു.

ബിജെപി ഗുജറാത്തിൽ മദ്യം വിതരണം ചെയ്യുന്നുണ്ടെന്നും ഇതിന്റെ വിഡിയോ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയെന്നും ഖേര പറഞ്ഞു.

English Summary: "Willingly Under Pressure": Congress Slams Polls Body For PM's "Roadshow"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com