ADVERTISEMENT

‘കൈമോശം വരിക’ എന്ന പ്രയോഗം അച്ചട്ടാണു കോൺഗ്രസിന്റെ കാര്യത്തിൽ. 1995 വരെ ഗുജറാത്തിലെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് പിന്നീടിതുവരെ പ്രതിപക്ഷത്തു തന്നെയായിരുന്നു. ഒരിക്കൽപോലും ബിജെപിയെ വെല്ലുവിളിക്കാനോ അട്ടിമറിക്കാനോ കെൽപില്ലാതെ, അതിനു ശ്രമിക്കാതെ, കയ്യിലുള്ളതെല്ലാം നഷ്ടപ്പെടുത്തുകയായിരുന്നു കോൺഗ്രസ്. അവസാന ഫലസൂചനകളനുസരിച്ച്, 182 അംഗ നിയമസഭയിൽ 156 സീറ്റിലാണു ബിജെപി മുന്നേറ്റം. കോൺഗ്രസ് 17 സീറ്റിലേക്കു ചുരുങ്ങിയപ്പോൾ എഎപി അഞ്ചിടത്തു മുന്നിലെത്തി.

2017ലെ തിരഞ്ഞെടുപ്പുവേളയിൽ ഗുജറാത്തിലെ ഗോത്ര മേഖലകളിൽ സഞ്ചരിച്ചു വാർത്താഏജൻസി പിടിഐ തയാറാക്കിയ റിപ്പോർട്ടിൽ രസകരമായ ചില വിവരങ്ങളുണ്ടായിരുന്നു. ഇപ്പോഴും പ്രസക്തമാണത്. അന്ന്, പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തി 3 വർഷമായിട്ടും ഗുജറാത്തിൽ ചിലയിടങ്ങളിലെ ജനങ്ങൾക്കു നരേന്ദ്ര മോദി തന്നെയായിരുന്നു മുഖ്യമന്ത്രി എന്നതാണ് അതിലൊന്ന്. കോൺഗ്രസ് പാർട്ടിയെപ്പറ്റി അറിവുണ്ടെങ്കിലും അതിന്റെ ഒരേയൊരു നേതാവായി പലർക്കും ഓർമയിലുള്ളത് ഇന്ദിരാ ഗാന്ധിയെ മാത്രവും. ചില മുഖങ്ങൾ മിന്നിമറഞ്ഞെങ്കിലും 5 വർഷത്തിനിപ്പുറവും ഗുജറാത്തിലെ ‘രാഷ്ട്രീയ ചിത്രത്തിന്’ മാറ്റമൊന്നുമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം നാട്ടിൽ തിരഞ്ഞെടുപ്പു ജയിക്കേണ്ടതും ഏഴാമൂഴത്തിലും ഭരണത്തിലേറേണ്ടതും ബിജെപിക്ക് അഭിമാനപ്രശ്നമായിരുന്നു. മോദിയുടെ തോളിലേറി ബിജെപിയുടെ സംഘടനാ സംവിധാനം അടിതൊട്ടു മുടിവരെ സംസ്ഥാനമെമ്പാടും വിശ്രമമില്ലാതെ വിയർപ്പൊഴുക്കി. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും കോൺഗ്രസിന്റെ പോരാട്ടം ചില മൂലകളിലൊതുങ്ങി. ബിജെപിയെ അധികാരത്തിൽനിന്നു താഴെയിറക്കാമെന്ന ചിന്തയോ ആത്മവിശ്വാസമോ പ്രതിപക്ഷ പാർട്ടി ഒരുവേളയിലും കാണിച്ചുമില്ല. അണികളെ സജ്ജമാക്കുന്നതിനേക്കാൾ അദ്ഭുതപ്രവൃത്തികളിലാണു നേതൃത്വം വിശ്വസിച്ചതെന്നു തോന്നുന്ന തരത്തിലായിരുന്നു കോൺഗ്രസ് പ്രചാരണത്തിലെ മെല്ലെപ്പോക്ക്.

ഒരുഘട്ടത്തിലും ബിജെപിക്കു വെല്ലുവിളിയുയർത്താൻ കോൺഗ്രസിനായില്ലെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നാടിളക്കിയുള്ള പ്രചാരണത്തിൽ ബഹുദൂരം മുന്നിലായിരുന്നു ബിജെപി. കോൺഗ്രസിന്റെ ഏറ്റവും ജനകീയ നേതാവായ രാഹുൽ ഗാന്ധിയെപ്പോലും ഫലപ്രദമായി വിനിയോഗിക്കാൻ നേതൃത്വത്തിനായില്ല. ബൂത്ത് മാനേജര്‍മാരുമായി ബിജെപി ജനങ്ങളുടെ അടുത്തേക്കു പോയി. സമൂഹമാധ്യമങ്ങളിലൂടെ ഭരണനേട്ടങ്ങളുടെ പട്ടികയൊഴുക്കി. നാഥനില്ലാക്കളരിയായ കോൺഗ്രസ് സംസ്ഥാന വികസനത്തെ നശിപ്പിച്ചെന്നും അവരുടെ കൈകളിലേക്കു ഭരണം വച്ചുകൊടുക്കരുതെന്നും പ്രചരിപ്പിച്ചു. 135 പേർ മരിച്ച മോർബി തൂക്കുപാലം അപകടം, സർക്കാരും കരാറുകാരും തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തുകൊണ്ടുവന്നെങ്കിലും അതു പ്രചാരണായുധമാക്കാൻ പോലും കോൺഗ്രസിനായില്ല.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി. ചിത്രം: twitter/INCMaharashtra
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി. ചിത്രം: twitter/INCMaharashtra

ബിജെപിയുടെ ഏകമുഖമായി മോദി ഗുജറാത്തിൽ നിറഞ്ഞപ്പോൾ, കോൺഗ്രസിനു ചൂണ്ടിക്കാട്ടാൻ ആരുമില്ലെന്ന അവസ്ഥയായിരുന്നു. ഭാരത് ജോഡോ യാത്രയുടെ തിരക്കിലായിരുന്നു രാഹുൽ ഗാന്ധി. ഒരു ദിവസത്തെ ഇടവേളയെടുത്തു രാഹുൽ വന്നുപോയതു മാത്രമാണു കോൺഗ്രസിന് ഊർജമേകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിനെയും ഹിമാചൽ പ്രദേശിനെയും ഒഴിവാക്കി ജോഡോ യാത്രയുടെ ‘റൂട്ട് മാപ്പ്’ തയാറാക്കിയ കോൺഗ്രസ് മാനേജർമാർ ലക്ഷ്യമിട്ടത് എന്തെന്ന് അണികൾക്ക് മനസ്സിലായിട്ടില്ല. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. ഗാന്ധി കുടുംബം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തുടങ്ങി നാൽപതോളം താരപ്രചാരകർ അണിനിരന്നിട്ടും ജനം മുഖംതിരിക്കുകയായിരുന്നു.

മല്ലികാർജുൻ ഖർഗെ
മല്ലികാർജുൻ ഖർഗെ

‘അധികാരം നിങ്ങൾക്ക് കൂടുതൽ അധികാരം തരും; അധികാരമില്ലായ്മയും അങ്ങനെതന്നെ’ എന്ന വിശേഷണം ചേരുന്ന പാർട്ടികളാണു ബിജെപിയും കോൺഗ്രസും. ഗുജറാത്തിൽ ബിജെപി തുടർച്ചയായി ഭരണപക്ഷത്തും കോൺഗ്രസ് പ്രതിപക്ഷത്തും തുടരുമ്പോൾ ആ വിശേഷണം അന്വർഥമാകുന്നു. ഒരു പാർട്ടി വളരെക്കാലം തുടർച്ചയായി പ്രതിപക്ഷത്തു തുടരുകയാണെങ്കിൽ, ഓരോ തിരഞ്ഞെടുപ്പിനു ശേഷവും അധികാരത്തിൽ വരാനുള്ള സാധ്യത കുറയുമെന്ന നിരീക്ഷണം കോൺഗ്രസിന്റെ കാര്യത്തിൽ ശരിയാണ്. ഏറ്റവും ദീർഘകാലം തുടർച്ചയായി പ്രതിപക്ഷത്തിരുന്ന പാർട്ടിയെന്ന ‘റെക്കോർഡ്’ കോൺഗ്രസിനു സ്വന്തമായുള്ള ഏക സംസ്ഥാനമാണു ഗുജറാത്ത്.

ഗുജറാത്തിൽ 1985 ലെ തിരഞ്ഞെടുപ്പിൽ 182 ൽ 149 സീറ്റും നേടിയ കോൺഗ്രസിന്റെ മികവ് റെക്കോർഡാണ്. ഭരണത്തുടർച്ചയ്‌ക്കൊപ്പം ആ റെക്കോർഡ് തകർക്കലുമായിരുന്നു ബിജെപിയുടെ വലിയ ലക്ഷ്യം. ഗുജറാത്തിലെ യുവ വോട്ടർമാർക്ക് ഏറെക്കാലമായി കോൺഗ്രസ് എന്നാൽ പ്രതിപക്ഷ പാർട്ടിയാണ്. അതിനാൽ, ബിജെപി ഭരണത്തിലെ കുറവുകൾ അക്കമിട്ടുനിരത്തി വോട്ടാക്കാനും ഭരണത്തിൽ വരാനും ചില്ലറ പണിയെടുത്താൽ മതിയാകില്ലെന്നു നേതൃത്വത്തിനും ബോധ്യമുണ്ട്. ദലിത്, മുസ്‌ലിം, താക്കൂർ, ചൗധരി, ഗോത്ര വോട്ടർമാരിലായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. ഗ്രാമങ്ങളിലും നല്ല പ്രകടനമാകുമെന്നു കണക്കുകൂട്ടി. അപ്പോഴും ബിജെപിക്ക് മാർഗതടസ്സമുണ്ടാക്കാൻ ഒന്നും ചെയ്തില്ല.

മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, അശോക് ഗെലോട്ട്. ചിത്രം: twitter/ashokgehlot51
മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, അശോക് ഗെലോട്ട്. ചിത്രം: twitter/ashokgehlot51

ഗുജറാത്തിലെ, ഒരുപക്ഷേ ഇന്ത്യൻ രാഷ്ട്രീയത്തിലെയും, കൊഡാക്ക് അല്ലെങ്കിൽ നോക്കിയ കമ്പനികളുടെ പതിപ്പാകാനുള്ള സാധ്യതയാണു കോൺഗ്രസ് പങ്കുവയ്ക്കുന്നതെന്നു വിമർശിക്കുന്നവരുണ്ട്. ഫൊട്ടോഗ്രഫിയിലെ യുഎസ് ഭീമനായ ഈസ്റ്റ്മാൻ കൊഡാക്, മൊബൈൽ ഹാൻഡ്‌സെറ്റുകളിൽ ലോകനേതാവായ ഫിന്നിഷ് കമ്പനി നോക്കിയ എന്നിവ സാങ്കേതികവിദ്യ മാറിയപ്പോൾ പുതുവിപണിക്കു പുറത്തായിരുന്നു. കാലത്തിനൊത്തു സ്വയം പരിഷ്കരിക്കാൻ വിമുഖത കാട്ടുന്നതാണു കോൺഗ്രസിനും തിരിച്ചടിയാകുന്നതെന്നാണു നിരീക്ഷണം. ജയിപ്പിച്ചാലും എംഎൽഎമാർ മറുകണ്ടം ചാടുമെന്നതും ജനങ്ങളുടെ പ്രതീക്ഷ നശിപ്പിച്ചു. 5 വർഷത്തിനിടെ ഇരുപതിലേറെ എംഎൽഎമാരാണ് കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കു ചേക്കേറിയത്. ഇതിൽ മിക്കവർക്കും ബിജെപി സീറ്റ് നൽകി.

വോട്ടു കൂടുമ്പോഴും ബിജെപിക്കു സീറ്റ് കുറയുന്നുണ്ടെന്ന കണക്കായിരുന്നു കോൺഗ്രസിന്റെ കച്ചിത്തുരുമ്പ്. തൊണ്ണൂറുകളുടെ അവസാനം മുതൽ അധികാരത്തിലുണ്ടെങ്കിലും, ഗുജറാത്ത് കലാപം നടന്ന 2002 ൽ ഒഴികെ ബിജെപിക്കു സീറ്റുകൾ കുറഞ്ഞിരുന്നു. 2017ൽ 99 ആണു കിട്ടിയതെങ്കിലും കോൺഗ്രസിൽനിന്നു കുറെപ്പേരെ മറുകണ്ടം ചാടിച്ച് 111 ആക്കി. എന്നാൽ, വോട്ടു ശതമാനത്തിൽ പടിപടിയായി വർധന ബിജെപിക്കുണ്ട്. 2017ൽ  വോട്ടുവിഹിതം 49.14%. കോൺഗ്രസിനു മികച്ച വോട്ടുവിഹിതമുണ്ടെങ്കിലും (2017ൽ 41.44%) അതിനനുസരിച്ചു സീറ്റുകൾ ലഭിക്കാറില്ല. 35ൽ ഏറെ സീറ്റുകളിൽ അയ്യായിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു ബിജെപിയുടെ ജയം. കഴിഞ്ഞതവണ ചെറിയ മാർജിനിൽ തോറ്റ ഈ സീറ്റുകളിൽ വമ്പൻ പോരാട്ടം കാഴ്ചവയ്‌ക്കുന്നതിലും കോൺഗ്രസ് പിന്നാക്കം പോയി.

English Summary: Gujarat Elections 2022: Congress can't block the ‘fate’ against giant BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com