ADVERTISEMENT

അഹമ്മദാബാദ് ∙ ബിജെപി സ്ഥാനാർഥിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജയ്ക്കു ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും ജയം. കന്നി മത്സരത്തിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നാണ് റിവാബ നിയമസഭയിലേക്കു ചുവടുവയ്ക്കുന്നത്. രാഷ്ട്രീയത്തിൽ പുതുമുഖമാണു റിവാബ.

84,336 വോട്ടുകൾ നേടിയ റിവാബയ്ക്ക്, രണ്ടാം സ്ഥാനത്തെത്തിയ എഎപിയുടെ കർഷൻഭായ് കർമുറിനേക്കാൾ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ആകെ പോൾ ചെയ്തതിന്റെ 57.28 ശതമാനം വോട്ടുകളും റിവാബ സ്വന്തമാക്കി. സിറ്റിങ് എംഎൽഎയെ ഒഴിവാക്കിയാണ് ബിജെപി ഇവിടെ റിവാബയെ സ്ഥാനാർഥിയാക്കിയത്.

കോൺഗ്രസ് സ്ഥാനാർഥി ബിപേന്ദ്രസിങ് ജഡേജയുടെ പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്ത് ജഡേജയുടെ സഹോദരി നയനാബയും രംഗത്തിറങ്ങിയതോടെയാണ് തീരദേശ മണ്ഡലം കൗതുക പോരാട്ടത്തിനു വേദിയായത്. ഭാര്യയും സഹോദരിയും വാശിയോടെ രംഗത്തുണ്ടായിരുന്ന മത്സരത്തിൽ പരസ്യ പിന്തുണ ഭാര്യയ്ക്കാണെങ്കിലും, സഹോദരിയെ പിണക്കാതിരിക്കാൻ ജഡേജ ശ്രദ്ധിച്ചിരുന്നു.

2019ൽ റിവാബ ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെ നയനാബ കോൺഗ്രസിൽ അംഗത്വമെടുത്തു. പ്രചാരണത്തിൽ കൊണ്ടും കൊടുത്തും ഇരുവരും മുന്നേറി.

2008 ൽ രൂപം കൊണ്ട മണ്ഡലത്തിൽ ഇതുവരെ നടന്ന 2 തിരഞ്ഞെടുപ്പുകളിൽ ജയിച്ചത് ഒരേയാൾ തന്നെയാണ്; പക്ഷേ, 2 പാർട്ടികളിൽനിന്നായിരുന്നു. ധർമേന്ദ്ര സിങ് ജഡേജ 2012 ൽ കോൺഗ്രസ് എംഎൽഎയായി, 2017 ൽ മറുകണ്ടം ചാടി ബിജെപി സ്ഥാനാർഥിയായി ജയിച്ചു. ഇക്കുറി ധർമേന്ദ്രയ്ക്കു സീറ്റ് നിഷേധിച്ചാണു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ റിവാബയെ ബിജെപി കളത്തിലിറക്കിയത്.

English Summary: Ravindra Jadeja's Wife & BJP's Rivaba Jadeja Heads for Record-breaking Win in Gujarat on Her Debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com