ADVERTISEMENT

മുംബൈ ∙ ഗുജറാത്തിൽ സീറ്റുകളുടെ എണ്ണത്തിലും ഭരണത്തുടർച്ചയിലും റെക്കോർഡോടെ ആധികാരികമായി വിജയിച്ച ബിജെപിയെ ‘കുത്തിനോവിച്ച്’ ശിവസേന. മഹാരാഷ്ട്രയിൽനിന്നു തട്ടിയെടുത്ത വികസന പദ്ധതികൾ‌ കാരണമാണു ബിജെപി ഗുജറാത്തിൽ ജയിച്ചതെന്നു ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ആരോപിച്ചു.

ശിവസേനയുടെ മുഖപത്രമായ സാമ്‌‍നയിലെ മുഖപ്രസംഗത്തിലാണു ഗുജറാത്തിലെ ബിജെപി ജയത്തിന്റെ ക്രെഡിറ്റിൽ ശിവസേന സംശയമുയർത്തിയത്. ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിൽ ആഗോള സമ്മേളനങ്ങൾ നടക്കുന്നതും ലോകനേതാക്കൾ വരുന്നതും, സബർമതിയും അഹമ്മദാബാദും സന്ദർശിക്കുന്നതും ഇക്കാരണത്താലാണ്. ഫലത്തിൽ, ബിജെപിയുടെ വിജയത്തിൽ മഹാരാഷ്‌‌ട്രയ്ക്കു വലിയ പങ്കുണ്ട്.

മഹാരാഷ്‌ട്ര തയാറാക്കിയ പദ്ധതികൾ പതിയെ ഗുജറാത്ത് സ്വന്തമാക്കുകയായിരുന്നു. ബിജെപിയുടെ വിജയത്തിൽ ആശ്ചര്യപ്പെടേണ്ട ഒന്നുമില്ല. കോവിഡ് മഹാമാരി, മോർബി തൂക്കുപാലം ദുരന്തം തുടങ്ങിയവ സംഭവിച്ച ഗുജറാത്തിനെപ്പറ്റിയാണു ചിന്തിക്കേണ്ടത്. ഗുജറാത്തിന്റെ ‘ഗൗരവ് പുരുഷ്’ ആണ് മോദി. സ്ഥായിയായ വികസനം ഗുജറാത്തിനുണ്ടാകാൻ കാരണം മോദിയാണ്.

സർദാർ പട്ടേലിന്റെ വലിയ പ്രതിമ ഗുജറാത്തിലുണ്ട്. എന്നാൽ ഗുജറാത്തിന്റെ അസ്മിത (സ്വത്വം) മോദിയാണ്. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് ജയിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സംസ്ഥാനത്തിന്റെ പദ്ധതികൾ  വിൽക്കുന്നു. കർണാടകയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി നമ്മുടെ ഗ്രാമങ്ങളും അവർ വിൽക്കുകയാണ്’’– ഉദ്ധവ് പറഞ്ഞു.

156 സീറ്റുമായി നാലിൽ മൂന്നു ഭൂരിപക്ഷത്തോടെയാണ് തുടർച്ചയായി ഏഴാമതും ബിജെപി ഭരണം പിടിച്ചത്. സംസ്ഥാന ചരിത്രത്തിലെ ദയനീയ പ്രകടനവുമായി കോൺഗ്രസ് 17 സീറ്റിലൊതുങ്ങി. 1990 ലെ 33 സീറ്റായിരുന്നു മുൻപത്തെ ഏറ്റവും മോശം പ്രകടനം. ആം ആദ്മി പാർട്ടി 5 സീറ്റ് നേടി. സൗരാഷ്ട്ര– കച്ച്, വടക്കൻ ഗുജറാത്ത്, മധ്യ ഗുജറാത്ത്, തെക്കൻ ഗുജറാത്ത് എന്നിങ്ങനെ 4 മേഖലകളിലും ബിജെപിക്കു വൻ വിജയമാണ്. 

English Summary: They won in Gujarat because...: Uddhav Sena's dig at BJP's Gujarat feat; 'Modi Gujarat Asmita'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com