ADVERTISEMENT

ന്യൂഡൽഹി∙ നയതന്ത്ര സ്വർണക്കടത്തുക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാൻ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ സംസ്ഥാന ഭരണസംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്യുന്നെന്ന് കോടതിയെ അറിയിച്ചുവെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ലോകസ്ഭയിൽ രേഖാമൂലം മറുപടി നൽകിയത്. 

കേസിൽ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാൻ സർക്കാർ നിർദേശിക്കുന്നുണ്ടോ?, അങ്ങനെയെങ്കിൽ അതിന്റെ വിശദാംശങ്ങൾ, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുള്ളതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടോ?, ഇതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയത്തിൽ നിന്ന് ധനമന്ത്രാലയത്തിന് എന്തെങ്കിലും അഭ്യർഥന ലഭിച്ചിട്ടുണ്ടോ?, കേസ് സുഗമമായി അന്വേഷിക്കുന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ, കേന്ദ്ര അന്വേഷണ ഏജൻസികൾ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കാണ് ധനമന്ത്രാലയം മറുപടി നൽകിയത്. 

അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, നിലവിലെ സാഹചര്യത്തിൽ അത്തരമൊരു നിർദേശം വിദേശകാര്യമന്ത്രാലത്തിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തിരുന്നു. ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയും എഫ്ഐആറുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. മാത്രമല്ല, സംസ്ഥാനത്തിനു പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റാൻ ഇഡി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭരണസംവിധാനം വലിയ തോതിൽ കേസിൽ ദുരുപയോഗം ചെയ്യുന്നു, ഇഡി ഉദ്യോഗസ്ഥരെ അവരുടെ ചുമതല നിറവേറ്റുന്നതിൽ നിന്നും സംസ്ഥാന പൊലീസ് തടയുന്നു എന്നീ കാര്യങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

English Summary: Ministry of Finance on Kerala Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com