ADVERTISEMENT

തിരുവനന്തപുരം∙ കേരള ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വിമർശനത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഗണേഷിന്റേത് തെറ്റിദ്ധാരണയെന്നും പറയാൻ പാടില്ലാത്ത പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. ‘സിനിമ-ടിവി അവാര്‍ഡ് നൽകുക, ഫിലിം ഫെസ്റ്റിവല്‍ നടത്തുക എന്ന രീതിയിലേക്ക് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ അധഃപതിച്ചുപോയി’ എന്നു ഗണേഷ് കുമാർ എംഎൽഎ പറഞ്ഞതില്‍ വളരെയധികം ഖേദമുണ്ടെന്നു രഞ്ജിത്ത് പറഞ്ഞു. മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭാ പുസ്തകോല്‍സവത്തോടനുബന്ധിച്ച് നടന്ന ‘സിനിമയും എഴുത്തും’ എന്ന പാനല്‍ചര്‍ച്ചയിലാണ് അക്കാദമിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചത്.

പുതിയതും തുടര്‍ന്നു വരുന്നതുമായി 25ല്‍പരം പദ്ധതികള്‍ അക്കാദമി നടപ്പിലാക്കി വരുന്നുണ്ട്. അക്കാദമിയുടെ പ്രവർത്തനത്തിന്റെ റിപ്പോർട്ട് പരിശോധിച്ചാൽ അക്കാദമിയില്‍ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവും. ഈ പ്രവര്‍ത്തനങ്ങളെയൊന്നും അധഃപതനം എന്ന വാക്ക് ചേര്‍ത്ത് പറയാന്‍ പാടില്ലായിരുന്നു. കാര്യങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വിഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാന മന്ദിരം ഗണേശന്‍ സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും രഞ്ജിത്ത് പറഞ്ഞു.

Read Also: കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ജോളി - വിഡിയോ 

കൈയിലുള്ള ചെറിയ ധനവിഹിതം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച സിനിമകളും വിഖ്യാതരായ സിനിമാപ്രവര്‍ത്തകരെയും കേരളത്തിലെത്തിച്ച് അവരുമായി ഡെലിഗേറ്റുകള്‍ക്ക് സംവാദത്തിനുള്ള അവസരം ഒരുക്കുന്ന വേദിയാണ് ചലച്ചിത്രമേളയെന്ന് രഞ്ജിത്ത് പറഞ്ഞു. അര്‍ഹതയുള്ള കൈകളിലാണ് അവാര്‍ഡുകള്‍ എത്തുന്നത് എന്ന് ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് അക്കാദമി നടത്തുന്നത്. മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡിന് രാജ്യാന്തര മാനമുണ്ട്. അക്കാദമിയെ പഴിചാരും മുൻപ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ഗണേഷ് കുമാർ മനസിലാക്കേണ്ടിയിരുന്നു. അവാര്‍ഡ് വിതരണത്തിനു പുറമെ ചലച്ചിത്ര അക്കാദമി ചലച്ചിത്ര മേഖലയില്‍ നിരവധി പദ്ധതികള്‍ നടത്തി വരുന്നുണ്ട്. ഗണേഷ് കുമാർ മന്ത്രിപദം ഒഴിഞ്ഞതിനു ശേഷം നിരവധി മന്ത്രിമാരും നിര്‍ദിഷ്ട പദ്ധതികളും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കാന്‍ സഹായിച്ചിട്ടുണ്ട്. അതേക്കുറിച്ച് അക്കാദമി ഗണേശനെ ധരിപ്പിക്കാത്തത് തെറ്റിദ്ധാരണയ്ക്കു കാരണമായിരിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു.

Read Also: ‘മോദിക്കെതിരെ എഴുതണം, കൂടെ കിടന്നാൽ വീസ’: പാക്ക് നയതന്ത്രജ്ഞർക്കെതിരെ വനിതാ പ്രഫസർ

English Summary: Director Ranjith against KB Ganesh Kumar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com