ADVERTISEMENT

ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്നത് ദ്രുതഗതിയിലായെന്ന റിപ്പോർട്ട് ഐഎസ്ആര്‍ഒ പിൻവലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണു വെബ്സൈറ്റില്‍നിന്നു നീക്കിയതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. ‌

2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ ജോഷിമഠിലെ ഭൂമി 9 സെന്റീമീറ്റർ ഇടിഞ്ഞുതാണിരുന്നു. ഡിസംബർ 27 മുതല്‍ 12 ദിവസം കൊണ്ട് ഒറ്റയടിക്ക് 5.4 സെന്റീമീറ്ററിന്റെ ഇടിവുണ്ടായെന്നും ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്റർ (എൻആർഎസ്‌സി) കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന‌ു പിന്‍വലിച്ചത്.

അതിനിടെ, ജോഷിമഠ് പ്രതിസന്ധിയെക്കുറിച്ചു മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നു ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കുറിപ്പിറക്കി. ‘‘സർക്കാർ സംവിധാനങ്ങളിറക്കുന്ന ഡേറ്റ സമൂഹമാധ്യമത്തിലൂടെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നുവെന്നും ജനുവരി 12ലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള യോഗത്തിൽ ഉയർന്നുവന്നിരുന്നു.’’ – കുറിപ്പിൽ പറയുന്നു. ഈ യോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന് ശാസ്ത്രജ്ഞർക്കും നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

∙ ജോഷിമഠിൽ എന്താണ് സംഭവിക്കുന്നത്?

മഞ്ഞുകട്ടയും ഒഴുകിയെത്തിയ മണ്ണും കൂടിച്ചേർന്ന ദുർബലമേഖലയാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്. ജനവാസമേറുകയും നിർമാണപ്രവർത്തനങ്ങൾ കൂടുകയും ചെയ്തപ്പോൾ അത് ആ ലോലഭൂമിക്ക് താങ്ങാൻ പറ്റാതായി. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നിൽ. പല വീടുകളും കെട്ടിടങ്ങളും വിള്ളലുകൾ വീണ് ഉപയോഗശൂന്യമായി. പ്രദേശത്തുനിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ് ഉത്തരാഖണ്ഡ് സർക്കാർ ഇപ്പോൾ.

പല കാലങ്ങളിലെ ഉരുൾപൊട്ടൽ തീർത്ത ‘മാലിന്യത്തിന്റെയും’ മഞ്ഞുകട്ടയുടെയും മുകളിലാണ് ഇതിന്റെ നിൽപ്. മാലിന്യമെന്നാൽ വെറും മാലിന്യമല്ല. മണ്ണിടിച്ചിലിനെ തുടർന്ന് ഒഴുകിയെത്തിയ മാലിന്യം അടിഞ്ഞുണ്ടായ പ്രദേശം. ഇതിനു മുകളിലാണ് പല നഗരങ്ങളും കെട്ടിപ്പൊക്കിയത്. ഈ മേഖലയിലെ പിത്തോ‍ടഗഡ്, ഉത്തരകാശി, ബാഗേശ്വർ, ചമോലി, രുദ്രപ്രയാഗ് തുടങ്ങിയവ ശക്തമായ ഭൂചലന മേഖലകളാണ്.

English Summary: Joshimath sinking: Isro report on land subsidence goes missing from govt website

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com