ADVERTISEMENT

ബെയ്‌ജിങ് ∙ അറുപതു വർഷത്തിനിടെ ഇതാദ്യമായി ജനസംഖ്യയിൽ ഇടിവു രേഖപ്പെടുത്തി ചൈന. 2021 ലെ ജനസംഖ്യയിൽ നിന്ന് 8.5 ലക്ഷം ഇടിവോടെ 141.17 കോടിയിലേക്കാണ് 2022 ൽ ജനസംഖ്യ എത്തിയതെന്നു ചൈനയിലെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.

ജനസംഖ്യ ഇടിയുന്നതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുമെന്ന വിലയിരുത്തലുളളതിനാൽ ഔദ്യോഗിക കേന്ദ്രങ്ങൾ ഗൗരവത്തോടെയാണ് ഇത് കാണുന്നത്. തൊഴിൽരംഗത്ത് യുവാക്കളേക്കാൾ പ്രായമേറിയവർ കൂടുന്നത് രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിനെ ബാധിക്കുമെന്നതും വയോജനക്ഷേമപദ്ധതികൾ തുടങ്ങിയവയ്ക്ക് പൊതുഖജനാവിൽ ഇത് സമ്മർദ്ദമുണ്ടാക്കാമെന്നതുമാണ് അതിനു കാരണം.

ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി അതിജീവിക്കാൻ ദമ്പതികൾക്കു മൂന്നു കുഞ്ഞുങ്ങൾ വരെ ആകാം എന്ന നിലയിൽ ജനന നിയന്ത്രണ ചട്ടത്തിൽ 2021 ൽ ചൈനീസ് സർക്കാർ ഇളവ് അനുവദിച്ചിരുന്നു. അമിത ജനസംഖ്യ ചെറുക്കാൻ 1980 കളിൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ ‘ഒരു കുട്ടി മാത്രമെന്ന’ കർശന നിലപാട് ഒഴിവാക്കിയായിരുന്നു ഇത്. എന്നാൽ ജനനനിയന്ത്രണത്തിൽ നൽകിയ ഇളവിലും ജനസംഖ്യയിൽ കാര്യമായ മെച്ചമുണ്ടാകുന്നില്ലെന്ന സൂചനയാണു നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

ആധുനികകാലത്ത് ചൈന അതിഭയാനകമായ ക്ഷാമം നേരിട്ട 1960 നു ശേഷം ഇതാദ്യമായാണ് രാജ്യത്ത് ജനസംഖ്യയിൽ ഇടിവു രേഖപ്പെടുത്തുന്നത്. കാർഷിക രാജ്യമായിരുന്ന ചൈനയെ വ്യവസായവത്കരിക്കുകയെന്ന ലക്ഷ്യവുമായി ‘മഹത്തായ കുതിപ്പ്’(ദ് ഗ്രേറ്റ് ലീപ് ഫോർവേഡ്) എന്ന പേരിൽ ചൈനയുടെ അന്നത്തെ പരമോന്നത നേതാവ് മാവോ സെതുങ് നടപ്പാക്കിയ നയവ്യതിചലനമായിരുന്നു അന്നു കനത്ത ക്ഷാമത്തിന് ഇടയാക്കിയത്.

Read Also: രാഹുല്‍ കശ്മീരില്‍ സൂക്ഷിച്ച് നടക്കണം; കാറാകും ഉചിതം: മുന്നറിയിപ്പുമായി കേന്ദ്രം

English Summary: China population shrinks for the first time in over 60 years: official data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com