ADVERTISEMENT

പാലക്കാട്∙ കഴിഞ്ഞ ഏപ്രിലിൽ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈർ, 5 മാസങ്ങൾക്ക് ശേഷം നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ നഷ്ടം നികത്തണമെന്ന് റവന്യൂ വകുപ്പ്. ഹർത്താലിനെ തുടർന്നുണ്ടായ 5.2 കോടി രൂപയുടെ ബാധ്യത തീർക്കാൻ സുബൈറിന്റെ പേരിലുള്ള 5 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനാണ് നോട്ടിസ് പതിപ്പിച്ചത്. 

കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ രോഗാവസ്ഥയിൽ റോഡിലേക്കിറങ്ങേണ്ടി വരുമെന്ന് സുബൈറിന്റെ കുടുംബം പറയുന്നു. 2022 ഏപ്രിൽ പതിനഞ്ചിനാണ് കാറിലെത്തിയ സംഘം വീടിന് സമീപത്തായി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

നേതാക്കളുടെ കൂട്ട അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആചരിച്ചത് സെപ്റ്റംബർ 23നാണ്. ഈ ഹർത്താലിൽ വ്യാപകമായി പൊതുമുതൽ നശിപ്പിച്ചതിന് ഭാരവാഹികളിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. തുടര്‍ന്നാണ് ഹർത്താലിന് അഞ്ച് മാസം മുൻപ് കൊല്ലപ്പെട്ട സുബൈറും നഷ്ടം നികത്താന്‍ ബാധ്യസ്ഥനെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 

സുബൈറിന്റെ മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവർ അവകാശികളായ ഭൂമിയാണ് നഷ്ടം നികത്താൻ വിട്ടു നൽകേണ്ടത്. വാർധക്യകാല പെൻഷനെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിയേണ്ട സാഹചര്യത്തില്‍ ബാധ്യത തീര്‍ക്കാന്‍ മാര്‍ഗമില്ലെന്ന് മാതാവ് പറഞ്ഞു. ആഭ്യന്തര വകുപ്പ് നൽകിയ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ പട്ടിക പ്രകാരമാണ് നടപടിയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. യാഥാർഥ്യം കോടതിയെ ബോധ്യപ്പെടുത്തി നിയമപരമായി നേരിടുന്നതിനാണ് സുബൈറിന്റെ കുടുംബത്തിന്റെ തീരുമാനം.

English Summary: Complaints against PFI asset confiscation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com