ADVERTISEMENT

ന്യൂഡൽഹി∙ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോടും യുട്യൂബിനോടും നിർദേശിച്ച കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികളിലെ നേതാക്കളാണ് വിമർശനവുമായി രംഗത്തെത്തിയത്.

Read also: ചികിത്സയ്ക്കു നാട്ടുകാർ പണം പിരിച്ചു രക്ഷപ്പെടുത്തിയ ആൾക്ക് ക്രിസ്മസ് ബംപറിൽ ഒരു കോടി

‘‘മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിവ പോലെ ‘ബ്ലോക്ക് ഇൻ ഇന്ത്യ’ എന്ന പേരിൽ കേന്ദ്രസർക്കാരിന് ഒരു പദ്ധതിയുണ്ട്. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ നേരിടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ബിബിസി ആസ്ഥാനം ഡൽഹിയിലായിരുന്നെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇപ്പോൾ അവരുടെ വീട്ടുപടിക്കൽ എത്തിയേനെ’’– കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.

ഡോക്യുമെന്ററിയുടെ വിഡിയോ ലിങ്കുകൾ ട്വീറ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറക് ഓബ്രിയാൻ, മഹുവ മൊയ്‌ത്ര എന്നിവർ നടപടിയെ ‘സെൻസർഷിപ്’ എന്നു വിമർശിച്ചു. ‘‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ചക്രവർത്തിമാരും കൊട്ടാരവാസികളും വളരെ അരക്ഷിതാവസ്ഥയിലായതിൽ ലജ്ജിക്കുന്നു. സെൻസർഷിപ് അംഗീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ പ്രതിനിധീകരിക്കാനല്ല ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. ലിങ്കുകൾ ഇതാ. സമയം കിട്ടുമ്പോൾ കാണുക.’’– മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

Read also: സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം; കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

‘‘വിപിഎന്നിന്റെ ഈ യുഗത്തിൽ, ബിബിസി ഡോക്യുമെന്ററി നിരോധിക്കുന്നത് എത്രത്തോളം ഫലപ്രദമാണ്. അവർ അതിലേക്ക് എത്രത്തോളം പരിഹാസം ചൊരിയുന്നുവോ, പ്രതിഷേധ കത്തുകൾ എഴുതുന്നുവോ അത്രയധികം ആളുകൾ അത് കാണാൻ ആകാംക്ഷാഭരിതരാകും.’’– ശിവസേന എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു.

‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററുടെ ലിങ്കുകളാണ് കേന്ദ്രസർക്കാർ നിർദേശപ്രകാരം നീക്കിയത്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും ഡോക്യുമെന്ററിയിൽ പറയുന്നതിനെ ഇന്ത്യ വിമർശിച്ചിരുന്നു. ഇതു തൽപരകക്ഷികളുടെ വ്യാജ പ്രചാരണമാണെന്നും ചിലരുടെ സാമ്രാജ്യത്വ ചിന്താഗതി പുറത്തുവരുന്നതാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്ത്യയിലെ ചില ആളുകൾ ഇപ്പോഴും കൊളോണിയൽ ലഹരിയിൽ നിന്ന് മുക്തരായിട്ടില്ലെന്നും അവർ ബിബിസിയെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുകളിലാണ് പരിഗണിക്കുന്നതെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു പറഞ്ഞു. ചിലരെ പ്രീതിപ്പെടുത്താൻ രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും താഴ്ത്തുകയാണ്. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ ഓരോ സമൂഹവും മുന്നേറുകയാണ്. ഇന്ത്യക്കകത്തോ പുറത്തോ നടത്തുന്ന ക്ഷുദ്രകരമായ പ്രചാരണങ്ങൾ കൊണ്ട് ഇന്ത്യയുടെ പ്രതിച്ഛായയെ അപമാനിക്കാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

English Summary: Opposition Leaders Tweet Link To BBC Series On PM, Slam "Censorship"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com